Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദം ഒഴിഞ്ഞു റോബർട്ട് വധേരയ്ക്ക് നേരമില്ല; കുപ്രസിദ്ധ ആയുധ വ്യാപാരി ലണ്ടനിൽ വധേരയ്ക്ക് 19 കോടിയുടെ വീട് വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ: സോണിയയുടെ മരുമകന് വശമില്ലാത്ത തരികിടകൾ ഒന്നുമില്ല?

വിവാദം ഒഴിഞ്ഞു റോബർട്ട് വധേരയ്ക്ക് നേരമില്ല; കുപ്രസിദ്ധ ആയുധ വ്യാപാരി ലണ്ടനിൽ വധേരയ്ക്ക് 19 കോടിയുടെ വീട് വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ: സോണിയയുടെ മരുമകന് വശമില്ലാത്ത തരികിടകൾ ഒന്നുമില്ല?

ന്യൂഡൽഹി: കോൺഗ്രസ് മുക്തഭാരതത്തിനായി കഠിന പ്രയത്ന്നത്തിലാണ് ബിജെപി. പ്രതിരോധിക്കാൻ ശ്രമിക്കേണ്ട കോൺഗ്രസ് പാർട്ടിക്കാകട്ടെ വിവാദമൊഴിഞ്ഞ് ഒന്നിനും സമയമില്ലാത്ത അവസ്ഥയിലാണ്. മുൻകാലങ്ങളിൽ കോൺഗ്രസ് സർക്കാറിന്റെ ബലത്തിൽ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര നടത്തിയിട്ടുള്ള ഇടപാടുകളാണ് പലപ്പോഴും രാഷ്ട്രീയ എതിരാളികൾക്ക് പിടിവള്ളി ആകുന്നത്. കോൺഗ്രസ് തിരിച്ചുവരാൻ ശ്രമിക്കുമ്പോഴൊക്കെ വിനയായി റോബർട്ട് വധേരയുടെ ഇടപാടുകൾ പുറത്തുവരും.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും സോണിയ ഗാന്ധിയുടെ മരുമകനുമായ റോബർട് വാധ്രയ്ക്കു പ്രമുഖ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ സഹായം ലഭിച്ചിരുന്നു എന്ന വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇതേക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം അന്വേഷിക്കാൻ ഒരുങ്ങുകയാണ്. ലണ്ടനിൽ 2009ൽ സഞ്ജയ് ഭണ്ഡാരി 19 കോടി രൂപ വിലമതിക്കുന്ന വീട് വാങ്ങിയതു റോബർട് വാധ്രയ്ക്കു വേണ്ടി ആയിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണിത്. എന്നാൽ, വാധ്രയുടെ അഭിഭാഷകർ ആരോപണം പാടേ നിഷേധിച്ചു.

ഒരു ദേശീയ ചാനലാണ് റോബർട്ട് വധേരയ്ക്ക് ആയുധ വ്യാപാരികളുമായി ബന്ധമുണ്ടെന്ന വിധത്തിൽ വാർത്ത ആദ്യം പുറത്തു കൊണ്ടുവന്നത്. ലണ്ടനിൽ ബ്രിയാൻസ്റ്റൻ സ്‌ക്വയറിൽ 12 എല്ലേർടൺ ഹൗസ് എന്ന കെട്ടിടം സഞ്ജയ് ഭണ്ഡാരി വാങ്ങിയതു വാധ്രയ്ക്കു വേണ്ടി ആയിരുന്നു എന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. 2010ൽ ഈ വീട് വിൽക്കുകയും ചെയ്തു. കഴിഞ്ഞമാസം ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുടെ 18 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഈ സമയത്തു ലഭിച്ച ചില ഇമെയിൽ സന്ദേശങ്ങൾ ഈ വീടിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ചവ ആയിരുന്നു.

അവ സഞ്ജയ് ഭണ്ഡാരിയുടെ ബന്ധു സുമിത് ഛദ്ദ വാധ്രയ്ക്കും എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മനോജ് അറോറയ്ക്കും അയച്ചവയാണ്. ഇതിൽ നിന്നാണ് ഈ ഇടപാട് വാധ്രയ്ക്കു വേണ്ടിയായിരുന്നു എന്ന സംശയം ബലപ്പെട്ടത്. വീട് പുതുക്കാൻ വേണ്ടിവന്ന തുക നൽകണം എന്നാണ് വാധ്രയോടു സുമിത് ഛദ്ദ ആവശ്യപ്പെട്ടത്. ഇതിനു വാധ്ര അയച്ച മറുപടിയിൽ തന്റെ സെക്രട്ടറി മനോജ് ബന്ധപ്പെടും എന്നു പറഞ്ഞിരുന്നു. എന്നാൽ വാധ്രയുടെ അഭിഭാഷകർ പറയുന്നത് ഇതുമായി അദ്ദേഹത്തിനു ബന്ധമില്ല എന്നാണ്.

ഓഫ്‌സെറ്റ് ഇന്ത്യ സൊല്യൂഷൻസ് എന്ന കമ്പനി നടത്തുന്ന സഞ്ജയ് ഭണ്ഡാരിയെക്കുറിച്ചു 2014 മുതൽ അന്വേഷണം നടക്കുന്നുണ്ട്. റെയ്ഡിന് ഇടയിൽ തന്റെ ബ്ലാക്ക്‌ബെറി ഫോൺ നശിപ്പിക്കാൻ ഭണ്ഡാരി ശ്രമിച്ചിരുന്നു. എന്നാൽ അതിനുള്ളിലെ ഡേറ്റ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതിൽ നിന്ന് 2009നും 2014നും ഇടയിൽ ഭണ്ഡാരിയുടെ 35 കമ്പനികളുടെ സംശയകരമായ ഇടപാടിന്റെ വിവരങ്ങളാണ് കണ്ടെടുത്തത്. ഹരിയാനയിലും രാജസ്ഥാനിലും വാധ്ര ഭൂമി വാങ്ങിയതു സംബന്ധിച്ച് അതതു സംസ്ഥാനത്തെ ബിജെപി സർക്കാരുകൾ അന്വേഷണം നടത്തിവരുകയാണ്. ഇടപാടുകളെല്ലാം നിയമവിധേയമായിരുന്നു എന്നാണ് വാധ്രയുടെ നിലപാട്.

പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫുമായി റോബർട്ട് വധേറയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഹരിയാന സർക്കാർ വധേരയ്ക്ക് ക്ലീൻചിറ്റ് നൽകുകയുമുണ്ടായി. ഹരിയാന സർക്കാർ നിയോഗിച്ച സമിതിയാണ് അന്വേഷണത്തിനിടെ വാക്കാൽ വധേരയ്ക്ക് ക്ലീൻ ചീറ്റ് നൽകിയത്. ഭൂമിയിടപാടുകളിൽ വധേര നിയമം ലംഘിച്ച് പലകാര്യങ്ങളും ചെയ്തിരുന്നതായി നേരത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് കെംകെയാണ് ആരോപണമുന്നയിച്ചിരുന്നു. ഇങ്ങനെ വിവാദങ്ങളായ ഭൂമി കേസുകൾക്ക് പിന്നാലെയാണ് വധേരയ്ക്ക് ആയുധ വ്യാപാരികളുമായുള്ള ബന്ധവും ചർച്ചയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP