Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുമായി അബിൻ സൂരി ഡൽഹിയിൽ; എയിംസിൽ വിദഗ്ധ ചികിൽസ തുടങ്ങി; മരണത്തിന് കീഴടങ്ങിയവരുടെ മൃതദേഹം രാത്രിയോടെ എത്തും; ദുബായിൽ നിന്ന് നേപ്പാളിലെത്തിയ മലയാളികൾ സുരക്ഷിതർ

ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുമായി അബിൻ സൂരി ഡൽഹിയിൽ; എയിംസിൽ വിദഗ്ധ ചികിൽസ തുടങ്ങി; മരണത്തിന് കീഴടങ്ങിയവരുടെ മൃതദേഹം രാത്രിയോടെ എത്തും; ദുബായിൽ നിന്ന് നേപ്പാളിലെത്തിയ മലയാളികൾ സുരക്ഷിതർ

ന്യൂഡൽഹി: ഭൂകമ്പത്തിൽ പരിക്കേറ്റ മലയാളി ഡോക്ടർ അബിൻ സൂരിയെ ഡൽഹിയിൽ എത്തിച്ചു. നേപ്പാളിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഇന്ന് രാവിലെയാണ് അബിനെ കൊണ്ടുവന്നത്. വൃക്കകൾക്ക് പരിക്കേറ്റ അബിന്, ഡൽഹി എയിംസിൽ തുടർചികിൽസ നൽകും. രാവിലെ അഞ്ചുമണിയോടെ വ്യോമസേന വിമാനത്തിലാണ് അബിനെ എത്തിച്ചത്. വിമാനത്താവളത്തിൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും അബിൻ സംസാരിച്ചു. തുടർ ചികിൽസയ്ക്കായി എയിംസിലെ ട്രോമ കെയർ യൂണിറ്റിലേക്ക് മാറ്റി.

ഡൽഹിയിൽ ചികിൽസയിലുള്ള അബിന് അരയ്ക്കു താഴെയാണു പരുക്ക്. വൃക്കകളുടെ പ്രവർത്തനത്തിലും തകരാറുണ്ടെന്നു ഡോക്ടർമാർ പറയുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അബിനുമായി ഫോണിൽ സംസാരിച്ചിരുന്നു. അബിനൊപ്പം നേപ്പാളിലേക്ക് പുറപ്പെട്ട ഡോ. എ.എസ്. ഇർഷാദും ദീപക് കെ. തോമസും ഭൂകമ്പത്തിൽ മരിച്ചിരുന്നു. ഡൽഹിക്കാരായ രണ്ട് ഉത്തരേന്ത്യൻ സുഹൃത്തുക്കൾക്കൊപ്പമാണു ദീപകും ഇർഷാദും അബിനും ശനിയാഴ്ച രാവിലെ കഠ്മണ്ഡുവിലെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്കു ഭൂകമ്പമുണ്ടായപ്പോൾ ഇവർ ബജറ്റ് ഇന്റർനാഷനൽ ഹോട്ടലിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കുശേഷം അബിനെ രക്ഷാപ്രവർത്തകർ ത്രിഭുവൻ ആശുപത്രിയിൽ എത്തിച്ചു. എയിംസിലെ ട്രോമാ കെയർ സെന്ററിലാണ് അബിൻ ഇപ്പോൾ. അബിനൊപ്പം ഭൂകമ്പത്തിൽ പെട്ട മറ്റ് രണ്ട് മലയാളിഡോക്ടർമാരും മരിച്ചതായി സ്ഥിരീകരിച്ചു. ഡോ.ഇർഷാദിന്റെയും ഡോ ദീപകിന്റെയും മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണ് ഉള്ളത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. അതേസമയം, ദുബായിൽനിന്നു നേപ്പാളിലേക്കുപോയ ആറംഗസംഘത്തിലെ മലയാളികൾ സുരക്ഷിതരാണെന്ന് കുടുംബങ്ങൾക്കു വിവരം ലഭിച്ചു.

ജൂലായ് 26ന് വിവാഹിതനാകാനിരിക്കെയാണ് ഇർഷാദിന്റെ ജീവൻ മരണം കവർന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ദുരന്തനിവാരണസേന കണ്ടെത്തിയ ദീപക്കിന്റെയും ഇർഷാദിന്റെയും മൃതദേഹം തിങ്കളാഴ്ചയാണ് കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന ദീപക്കും അബിൻ സൂരിയും ഇർഷാദും 23നാണ് നേപ്പാളിലേക്കു തിരിച്ചത്. ദുരന്തസമയത്ത് ടാമേൽ സ്ട്രീറ്റിലുള്ള ബജറ്റ് മൾട്ടിപ്ലക്‌സ് ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിന്റെ ആറാംനിലയിൽക്കിടന്നുറങ്ങിയ അഭിൻ സൂരിയെ രക്ഷപ്പെടുത്താൻ തുണയായത് ന്യൂയോർക്ക് ടൈംസിലെ ഫോട്ടോഗ്രാഫർ തോമസ് നൈബോയുടെ സാന്നിധ്യമാണ്. അബിൻ സൂരിയെ രക്ഷാപ്രവർത്തകർ തകർന്ന ഹോട്ടലവശിഷ്ടങ്ങളിൽനിന്നു പുറത്തെടുക്കുന്ന നൈബോയുടെ ചിത്രം പത്രത്തിന്റെ വെബ് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ, ആസമയത്ത് ഹോട്ടൽ ഇടനാഴിയിലായിരുന്ന ഡോ. ദീപക്കും ഇർഷാദും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായും ഇരുവരും പ്രഥമശുശ്രൂഷയെടുത്തശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജായതായുമാണ് ചികിത്സിച്ച ഡോ. കണ്ണൻ ഇന്ത്യൻ എംബസിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർക്ക് മൊഴികൊടുത്തിരുന്നത്. എന്നാൽ, ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാതായപ്പോൾ ദീപക്കിന്റെ ഭാര്യാസഹോദരൻ ലിജിൻ ജേക്കബ്ബുബും ഇർഷാദിന്റെ സഹോദരൻ ലിയാഖത്ത് അലിയും നേപ്പാളിലെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 2007ൽ എം.ബി.ബി.എസ്സിനു ചേർന്നപ്പോൾമുതൽ ഉറ്റചങ്ങാതിമാരാണ് ദീപക്കും ഇർഷാദും അബിനും. 2013ൽ പഠനംകഴിഞ്ഞ് അബിൻ സൂരിയും ഇർഷാദും മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലാണ് ഡോക്ടർമാരായി സേവനംതുടങ്ങിയത്. ദീപക് തോമസ് മാനന്തവാടി എടവക പ്രഥമികാരോഗ്യകേന്ദ്രത്തിലും. മൂവർക്കും എം.ഡി.ക്ക് പ്രവേശനംകിട്ടിയിരുന്നു. മെയ് ഒന്നിനു ക്ലാസ് തുടങ്ങാനിരിക്കെ നേപ്പാളും കുളു മണാലിയും കാണാൻപോയതായിരുന്നു ഇവർ.

വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന, കാസർകോട് ആനബാഗിലുവിൽ എ.എൻ.ഷംസുദ്ദീന്റെയും എം.എ.ആസ്യയുടെയും മകനാണ് ഇർഷാദ്. കണ്ണൂർ കേളകം സ്വദേശിയായ ഡോ. ദീപക് കളപ്പുരയ്ക്കലിൽ തോമസിന്റെയും മേരിയുടെയും മകനാണ്. വടകര പൂവാടൻ ഗേറ്റ് സൗപർണികയിൽ പരേതനായ കെ.കെ. സുരേന്ദ്രന്റെയും മാനന്തവാടി ഗവ. കോളേജ് പ്രിൻസിപ്പൽ അനിതകുമാരിയുടെയും മകനാണ് തലനാരിഴയ്ക്കു രക്ഷപ്പെട്ട അബിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP