Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടം ഉണ്ടാക്കിയ നടിയെ കൊണ്ടുപോകാൻ പൊലീസും രക്ഷാപ്രവർത്തകരും അണിനിരന്നു; പ്ലാസ്റ്റിക് സർജറിക്ക് വരെ പ്രത്യേക ഡോക്ടർ സംഘം; മരണത്തോട് മല്ലിട്ടു കിടന്ന കുടുംബത്തെ ആശുപത്രിയിൽ എത്തിക്കുന്നത് മണിക്കൂറുകൾ കഴിഞ്ഞ്; ഹേമമാലിനിയുടെ അപകടം ഇന്ത്യക്ക് നാണക്കേടാകുന്നു

അപകടം ഉണ്ടാക്കിയ നടിയെ കൊണ്ടുപോകാൻ പൊലീസും രക്ഷാപ്രവർത്തകരും അണിനിരന്നു; പ്ലാസ്റ്റിക് സർജറിക്ക് വരെ പ്രത്യേക ഡോക്ടർ സംഘം; മരണത്തോട് മല്ലിട്ടു കിടന്ന കുടുംബത്തെ ആശുപത്രിയിൽ എത്തിക്കുന്നത് മണിക്കൂറുകൾ കഴിഞ്ഞ്; ഹേമമാലിനിയുടെ അപകടം ഇന്ത്യക്ക് നാണക്കേടാകുന്നു

മഥുര: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയ കേസിൽ സൽമാൻ ഖാനെ കോടതി ശിക്ഷിച്ചപ്പോൾ ഒരു പ്രശസ്ത ബോളിവുഡ് ഗായകൻ വഴിയരികിൽ ഉറങ്ങിക്കിടന്നവരെ തെരുവുപട്ടികൾ എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഇന്ത്യയിൽ സാധാരണക്കാരനായ ഒരു വ്യക്തിയും വിഐപിയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ താരത്തിന്റെ വാക്കുകൾ. സൽമാൻ വെറും താരമായിരുന്നു എങ്കിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ എംപി കൂടിയായ വ്യക്തി കാറപകടം ഉണ്ടാക്കി നാലുവയസുകാരിയായ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിലും ഇന്ത്യയിലെ സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള വ്യത്യാസം ദൃശ്യമായി.

ഹേമമാലിനിയുടെ കാർ അപകടത്തിൽ അധികൃതർ കാട്ടിയത് ഇരട്ടനീതിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ പൊലീസും രക്ഷാപ്രവർത്തകരും മുൻകൈയെടുത്തത് ഈ രാഷ്ട്രീയ താരത്തെ പരിഗണിക്കാൻ വേണ്ടിയായിരുന്നു. അതേസമയം മരണത്തോട് മല്ലിട്ട് റോഡിൽ കിടന്ന സാധാരണക്കാരുടെ കുടുംബത്തെ അവഗണിക്കുകയും ചെയ്തു. താരത്തിനു വിദഗ്ധ ചികിത്സ നൽകാൻ മത്സരിച്ചപ്പോൾ പരുക്കേറ്റ മറ്റുള്ളവരെ അവഗണിച്ചു. അപകടത്തിൽ ഒരു കുട്ടി മരിക്കാൻ കാരണം ഈ അവഗണനയാണെന്നു ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.

അപകടത്തിൽപെട്ട കുടുംബ്‌തെ മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എന്നാൽ, പരുക്കേറ്റ ഹേമമാലിനിയെ ശുശ്രൂഷിക്കാൻ ഡോക്ടർമാർ മത്സരിക്കുന്ന കാഴ്‌ച്ചയായിരുന്നു. താരത്തിന് പ്ലാസ്റ്റിക് സർജറി വര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ക്യൂ നിൽക്കുകയാണ്. നെറ്റിയിൽ ഉണ്ടായ മുറിവ് നടിയുടെ സൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് ഡോക്ടർമാർക്ക് പോലും.

വ്യാഴാഴ്ച രാത്രി രാജസ്ഥാനിലെ ദൗസയിൽ ഹേമമാലിനിയുടെ മെഴ്‌സിഡസ് ബെൻസ് മാരുതി ആൾട്ടോയിൽ ഇടിച്ചാണ് നാലു വയുസകാരിയായ സോനം മരിച്ചത്. മാരുതിയിൽ യാത്ര ചെയ്ത സോനത്തിന്റെ അച്ഛൻ ഹനുമാൻ ഖണ്ഡേവാൾ, അമ്മ ശിഖ, സഹോദരൻ സോമിൽ, ബന്ധു സീമ എന്നിവർക്കു പരുക്കുണ്ട്.

ഹേമ മാലിനിയെ ഉടൻതന്നെ ജയ്പൂരിലെ ഫോർട്ടിസ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണു പരാതി. മറ്റു നാലുപേരെയും ജയ്പൂരിലെ എസ്.എം.എസ്. സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി പല സമയങ്ങളിലായാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് എസ്.എം.എസ്. ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സ വൈകിയതാണു കുട്ടി മരിക്കാൻ കരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

എംപിക്ക് ലഭിച്ച അതേ ചികിത്സ ലഭിക്കാത്തതിൽ ദുഃഖമുണ്ട് ഖണ്ഡേവാലിന്റെ ബന്ധു രാജീവ് ഗുപ്ത പറഞ്ഞു. ശിഖയുടെ ബന്ധു സുനിത ഖൂൽവാലും സമാനമായ പരാതിയാണ് പങ്കുവച്ചത്. ചിറ്റമ്മ മനോഭാവത്തോടെയുള്ള അധികൃതരുടെ നിലപാട് അപകടത്തിൽ പെട്ടവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഹേമമാലിനിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മറ്റുള്ള അഞ്ചു പേരെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും സുനിത പറഞ്ഞു. അതേസമയം, അപകടത്തിൽ പെട്ടവരെ രാത്രി 11.30നും വെള്ളിയാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയ്ക്കായാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് എസ്.എം.എസ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മൻ പ്രകാശ് ശർമ പറഞ്ഞു.

അപകടമുണ്ടായി ഇതുവരെ പരിക്കേറ്റവരെക്കുറിച്ച് തിരക്കുന്നതിനോ ആശ്വാസവാക്ക് പറയുന്നതിനോ ഹേമമാലിനി തയ്യാറായില്ലെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. അപകടമുണ്ടായതിന് കാരണം സ്വന്തം വാഹനത്തിന്റെ അമിത വേഗതയാണെന്ന് തിരിച്ചറിഞ്ഞിട്ടും എംപി മൗനം പാലിക്കുന്നത് വേദനാജനകമാണെന്നും ബന്ധുക്കൾ പറഞ്ഞു. ഹേമമാലിനിക്ക് പരിക്കേറ്റത് തങ്ങൾ അംഗീകരിക്കുന്നു. എന്നാൽ ഓൾട്ടോ കാറിലെ യാത്രക്കാർക്ക് ഗുരുതര പരിക്കും എംപിയുടെ നെറ്റിയിൽ ഒരു മുറിവും മാത്രമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ ആശുപത്രിക്ക് നിർദ്ദേശം നൽകുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്നും ബന്ധുക്കൾ ചോദിക്കുന്നു. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ, ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോർ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

അതേസമയം വിമർശനം കടുത്തപ്പോൾ ഹേമാമാലിനി സോനത്തിന്റെ മരണത്തിൽ ഖേദം രേഖപ്പെടുത്തി രംഗത്തെത്തി. സംഭവത്തിൽ തനിക്ക് അഗാഥമായ ദുഃഖമുണ്ടെന്നും തന്റെ മനസ് കടുത്ത വ്യഥയാൽ തളർന്നിരിക്കുകയാണെന്നും നടി പ്രസ്താവനയിൽ പറഞ്ഞു. കുഞ്ഞിന്റെ മരണത്തിൽ ആ കുടുംബത്തിന്റെ ദുഃഖവും നഷ്ടവും തനിക്ക് അറിയാം. അവർക്ക് ഇത് താങ്ങാൻ കരുത്തുണ്ടാകട്ടെ എംന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും എംപി പ്രസ്താവനയിൽ അറിയിച്ചു.

അശ്രദ്ധമായ െ്രെഡവിങിനും നരഹത്യക്കും െ്രെഡവർ മഹേഷ് താക്കൂറിനെതിരേ പൊലീസ് കേസെടുത്തു. ഹേമമാലിനി മെഹന്ദിപൂരിലെ ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ജയ്പൂരിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടസമയത്ത് ഹേമ മാലിനിയാണ് കാറോടിച്ചതെന്നു ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. കാർ അമിത വേഗതയിലായിരുന്നെന്നും ഹേമ മാലിനി മദ്യപിച്ചിരുന്നെന്നും ആരോപണമുണ്ട്.

അപകടത്തിൽ മരിച്ച നാലുവയസുകാരി സോനത്തിന്റെ പിതാവ് ഹനുമാൻ മഹാജൻ, ഭാര്യ ശിഖ, സീമ, സോമിൽ(5) എന്നിവരാണ് ആൾട്ടോ കാറിലുണ്ടായിരുന്നത്. സോനത്തിന്റെ സഹോദരൻ സോമിലിന്റെ നിലയും ഗുരുതരമാണ്. ഹനുമാൻ മഹാജൻ സംഭവത്ത തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP