Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുനർ മതപരിവർത്തനം ലക്ഷ്യമാക്കി ആർഎസ്എസ് ഗ്രാമങ്ങളിലേക്ക്; ആഗ്ര സംഭവത്തിന്റെ മറപിടിച്ച് അനേകം പുതിയ ശ്രമങ്ങൾ; ഉത്തരേന്ത്യ വർഗീയതയുടെ പിടിയിലമരാതിരിക്കാൻ മുൻകരുതലുമായി കേന്ദ്രം

പുനർ മതപരിവർത്തനം ലക്ഷ്യമാക്കി ആർഎസ്എസ് ഗ്രാമങ്ങളിലേക്ക്; ആഗ്ര സംഭവത്തിന്റെ മറപിടിച്ച് അനേകം പുതിയ ശ്രമങ്ങൾ; ഉത്തരേന്ത്യ വർഗീയതയുടെ പിടിയിലമരാതിരിക്കാൻ മുൻകരുതലുമായി കേന്ദ്രം

ആഗ്ര: ഭരണം കിട്ടിയതിന്റെ ബലത്തിൽ രാജ്യമാകമാനം ഹിന്ദുത്വ അജൻഡ നടപ്പിലാക്കാൻ ആർഎസ്എസ് കച്ച കെട്ടിയിറങ്ങിയിരിക്കുകയാണെന്ന് തോന്നുന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആഗ്രയിലെ മതപരിവർത്തനത്തിന്റെ ചുവട് പിടിച്ച് കൂടുതൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പുനർമതപരിവർത്തനം നടപ്പിലാക്കാൻ ആർഎസ്എസ് വ്യാപകമായ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഉത്തരേന്ത്യ വർഗീയസംഘർഷങ്ങളുടെ പിടിയിലമരാനുള്ള സാധ്യതയേറി. ഇത് തടയാൻ കേന്ദ്രം കനത്ത മുൻകരുതലുകളാണ് സ്വീകരിക്കാനൊരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ആഗ്രയിലെ 300 ഓളം മുസ്ലീങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ച സംഭവം ബുധനാഴ്ച പാർലമെന്റിൽ വൻ ഒച്ചപ്പാടുണ്ടാക്കി. ഇതിന് പുറമെ സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തി വിവിധ മുസ്ലിം സംഘടനകളും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും സംസ്ഥാനത്ത് ആവർത്തിക്കുമെന്ന ഭയത്തിൽ യുപിയിൽ കനത്ത ജാഗ്രതയാണ് പൊലീസ് പാലിക്കുന്നത്. നിർബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനൊപ്പം പരിവർത്തനത്തിന് എളുപ്പം വഴങ്ങാൻ സാധ്യതയുള്ള സമുദായാംഗങ്ങളെ സംരക്ഷിച്ച് നിർത്താനും ഇവർ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്കിടയിൽ സംസ്ഥാനത്തുടനീളമുള്ള പുരോഹിതർ ഈ പ്രശ്‌നം ചർച്ച ചെയ്യാനും തീരുമാനമായി.

ഘർ വാപ്‌സി എന്ന പേരിലുള്ള ചടങ്ങ് നടത്തി ആഗ്രയിലെ 57 മുസ്ലിം കുടുംങ്ങളിലെ അംഗങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതാണ് വൻഭൂകമ്പമുണ്ടാക്കിയിരിക്കുന്നത്. ഇവരിൽ പലരും ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും ഇവിടേക്ക് കുടിയേറിയ ദരിദ്രരായിരുന്നു. ആഗ്രയ്ക്ക് പുറത്തുള്ള ഒരു കോളനിയിലായിരുന്നു ഇവരുടെ വാസം. ധർമജാഗരൺ മഞ്ച്, ബജ്‌റംഗ്ദൾ എന്നിവ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. ബിപിഎൽ റേഷൻ കാർഡ്, വീട് എന്നിവ വാഗ്ദാനം ചെയ്താണ് തങ്ങളെ മതപരിവർത്തനത്തിന് വിധേയരാക്കിയതെന്ന് ഇതിൽ പങ്കെടുത്ത ചിലർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതും വിവാദമുയർത്തിയിരുന്നു. ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ തുടർന്നും ജീവിക്കണമെങ്കിൽ മതപരിവർത്തനം ചെയ്യണമെന്ന് ചില ഹിന്ദുസംഘടനക്കാർ തന്നെ നിർബന്ധിച്ചതായി ഇതിൽ പങ്കെടുത്ത ഒരാൾ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ പരിവർത്തനം ചെയ്യപ്പെട്ട മുസ്ലീങ്ങൾ അവരുടെ പിതാമഹന്മാരുടെ വഴിയിലേക്ക് തിരിച്ചെത്തിയതാണെന്നാണ് ആർഎസ്എസ് ഇതിനെക്കുറിച്ച് പറഞ്ഞത്.

ഈ സംഭവത്തിൽ ഭാഗഭാക്കായ ബജ്‌റംഗ്ദൾ പ്രവർത്തികർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് രാഷ്ട്രീയ സർവദലിയ മുസ്ലിം ആക്ഷൻ കമ്മിറ്റിയുടെ പ്രസിഡന്റായ ഹാജി ജമാലുദ്ദീൻ ഖുറൈഷി ആവശ്യപ്പെട്ടിരിക്കുന്നത്. പാവപ്പെട്ട മുസ്ലീങ്ങളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ആസൂത്രിതശ്രമമാണിതെന്നും റേഷൻ കാർഡിനും വാട്ടർ സപ്ലൈക്കും വേണ്ടിയാണ് പലരും പരിവർത്തനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആയുധധാരകളായ ബജ്‌റംഗ്ദൾ പ്രവർത്തകർ ചുറ്റും നിലയുറപ്പിച്ചതിനാൽ അതിൽ പരിവർത്തനം ചെയ്‌തെന്ന് കള്ളം പറയാൻ മുസ്ലീങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രസ്തുതസംഭവത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രതികരണം പ്രതിപക്ഷം ആവശ്യപ്പെട്ടു. നിർബന്ധിച്ചുള്ള മതപരിവർത്തനം ഒരു ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷം പറഞ്ഞു. മുസ്ലീങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് ബജ്‌റംഗ്ദൾ അവരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം ചെയ്യുകയായിരുന്നുവെന്ന് ബിഎസ്‌പി നേതാവായ മായാവതി ആരോപിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്ത് വർഗീയകലാപം അരങ്ങേറുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ സർക്കാർ കർശനമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ്, ഇടതുകക്ഷികൾ, ത്രിണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി എന്നിവയിലെ അംഗങ്ങളും മായാവതിയുടെ ആവശ്യത്തെ പിന്തുണച്ച് ശബ്ദമുയർത്തി. പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്ന് പലരും ശബ്ദമുയർത്തുന്നുണ്ടായിരുന്നു. എല്ലാവരിലും ഹിന്ദുത്വ അജൻഡ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പാർലമെൻരിന് പുറത്ത് സിപിഐ നേതാവ് ഡി. രാജ ആരോപിച്ചു.

ഭരണകക്ഷിയായ ബിജെപിയും ആർഎസ്എസും വൃത്തികെട്ട വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഐഎം നേതാവായ സീതാറാം യെച്ചൂരി ഇതിനോട് പ്രതികരിച്ചത്. ഇത്തരം നടപടികൾ രാജ്യദ്രോഹപരമാണെന്നാണ് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ വീരപ്പമൊയിലി പറഞ്ഞത്.

എന്നാൽ ഇത്തരം ആശങ്കകൾ തീർത്തും അനാവശ്യമാണെന്നാണ് ആർഎസ്എസ് നിലപാട്. നിരവധി കാരണങ്ങളാലാണ് അവർ മതമാറുന്നതെന്നും അവരിൽ പലരും അവരുടെ പാരമ്പര്യത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിലെന്താണ് തെറ്റെന്നും ആർഎഎസ്എസ് പബ്ലിസിറ്റി ചീഫായ മന്മോഹൻ വൈദ്യ ചോദിക്കുന്നു. ഈ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സംസ്ഥാന സർക്കാർ കൈകഴുകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ക്രമസമാധാനപാലനം സംസ്ഥാനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനം സ്വമനസ്സാലെ ചെയ്തതാണെന്നും അവരെ ആരും ഇതിന് നിർബന്ധിച്ചിരുന്നില്ലെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്.

സർക്കാർ രാജ്യത്തിന്റെ മതേതര ആശയങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥമാണെന്നാണ് ബിജെപി നേതാവായ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞത്. എല്ലായിടത്തും സമാധാനവും മതേതരത്വവും പുലർന്നുകാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ സംഭവത്തെ തുടർന്ന് ഒരു എഫ്‌ഐആർ തയ്യാറാക്കിയിട്ടുണ്ടെന്നും ഈ സംഭവത്തിൽ ഏതെങ്കിലും ഒരു സംഘടനയുടെ പേര് രാഷ്ട്രീയകാരണങ്ങളാൽ ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ആഗ്രയിലെ സദർ പൊലീസ് സ്‌റ്റേഷനിൽ ചൊവ്വാഴ്ച രാത്രി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ധർമജാഗരൺ മഞ്ചിന്റെ സ്റ്റേറ്റ് കൺവീനർ കിഷോർ വാൽമീകിക്കും പ്രവർത്തകർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിനെ സംഘടന അക്ഷോഭ്യമായാണ് സ്വീകരിച്ചിരിക്കുന്നത്.

ഈ പരിപാടിയിൽ പങ്കെടുത്ത ഒരാളുടെ പരാതിയെത്തുടർന്നാണീ എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഐപിസി 153 (എ) സെക്ഷൻ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇതു പ്രകാരം ശിക്ഷവിധിക്കുന്നത്. ഇതുപ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. സെക്ഷൻ 415 പ്രകാരവും കേസെടുക്കാവുന്നതാണ്. ഉചിതമായ നടപടിയെടുക്കുമെന്നാണ് സീനിയർ പൊലീസ് സൂപ്രണ്ട് ശലഭ് മാത്തൂർ പറയുന്നത്.

കൂടുതൽ മതപരിവർത്തന നടപടികളുമായി ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഹിന്ദു യുവ വാഹിനി ഡിസംബർ 18ന് ഉ്ത്തർ പ്രദേശിലെ ഗസ്സിപൂരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. മറ്റ് മതവിഭാഗത്തിലുള്ള ഏകദേശം 2000 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരുകയാണിതിന്റെ ലക്ഷ്യം. ഇതിനായി ഭരണകൂടത്തിന്റെ അനുമതി തങ്ങൾ തേടിയിട്ടുണ്ടെന്നാണ് യുവവാഹിനിയുടെ സംസ്ഥാനപ്രസിഡന്റും ഗോരഖ് പൂരിൽ നിന്നുള്ള ബിജെപി എംപിയുമായ യോഗി ആദിത്യനാഥ് പറഞ്ഞത്. ക്രിസ്മസിനോടനുബന്ധിച്ച് അലിഗഡിൽ 5000 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു മതപരിവർത്തന പരിപാടിയും ധർമ ജാഗരൺ മഞ്ച് പദ്ധതിയിട്ടിട്ടുണ്ട്. ക്രിസ്തുമതത്തിൽ നിന്നും മുസ്ലീമതത്തിൽ നിന്നുമുള്ള 5000 പേർ മതംമാറുമെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇത്തരം പരിപാടികളുടെ പശ്ചാത്തലത്തിൽ യുപി പൊലീസ് കർശന ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP