ഒമ്പത് മണിക്ക് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനം ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ഒടുവിൽ യാത്രക്കാരോട് പുറത്തിറങ്ങാൻ പൈലറ്റിന്റെ നിർദ്ദേശം: പുറത്തിറങ്ങാൻ കൂട്ടാക്കാഞ്ഞ യാത്രക്കാരെ എസി പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ച് പുറത്ത് ചാടിച്ച് പൈലറ്റ്
June 21, 2018 | 02:59 PM IST | Permalink

സ്വന്തം ലേഖകൻ
മുംബൈ: ഒമ്പത് മണിക്ക് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനം ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ക്ഷമകെട്ട് വിമാന്തതിനുള്ളിൽ ഇരുന്ന യാത്രക്കാരോട് പുറത്തിറങ്ങാൻ ഒടുവിൽ പൈലറ്റിന്റെ നിർദ്ദേശവും. എന്നാൽ പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരെ പുകച്ച് പുറത്ത് ചാടിക്കാൻ എസി പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ച പൈലറ്റിന്റെ നടപടി ഒടുവിൽ കയ്യാങ്കളിയിൽ അവസാനിച്ചു.
കൊൽക്കത്തയിൽനിന്നു ബഗ്ദോഗ്രയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ എസി പൂർണതോതിൽ പ്രവർത്തിപ്പിച്ചു യാത്രക്കാരെ പുറത്തുചാടിക്കാനുള്ള ശ്രമവും തുടർന്നുള്ള കയ്യാങ്കളിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനമാണ് ഒന്നര മണിക്കൂറോളം വൈകിയത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വിമാനത്തിൽ ഇരുന്ന യാത്രക്കാരോട് ഒന്നര മണിക്കൂറിന് ശേഷം പുറത്തിറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടുയ
എന്നാൽ പുറത്ത് നല്ല മഴയായതിനാൽ പുറത്തിറങ്ങാൻ യാത്രക്കാർ വിസമ്മതിച്ചു. ഇതോടെ യാത്രക്കാരെ പുറത്തിറക്കാൻ പൈലറ്റ് എയർ കണ്ടീഷണർ പൂർണതോതിൽ പ്രവർത്തിപ്പിച്ചു. ഇതോടെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിക്കുകയും ചിലർ ഛർദ്ദിക്കുകയും ചെയ്തു.
തുടർന്ന്, എസി പ്രവർത്തിപ്പിക്കുന്നതു നിർത്താൻ ആവശ്യപ്പെട്ടു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരോടു വാക്കുതർക്കത്തിലേർപ്പെടുന്നതും ഉൾപ്പെടുന്ന വിഡിയോ, യാത്രക്കാരനായിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (ബംഗാൾ) ദീപാങ്കർ റേ ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എയർലൈൻ സ്റ്റാഫിന്റെ ഭാഗത്തുനിന്നു വളരെ മോശമായ പെരുമാറ്റമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
