Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആംനെസ്റ്റിയും ഇടപെട്ടു; ലോകം എമ്പാടും ചൂടൻ വാർത്ത; സഹോദരന്റെ തെറ്റിന് സഹോദരിമാരെ ബലാത്സംഗം ചെയ്യാനുള്ള ഇന്ത്യൻ ഖാപ് പഞ്ചായത്ത് ഉത്തരവ് വമ്പൻ നാണക്കേടാകുന്നു

ആംനെസ്റ്റിയും ഇടപെട്ടു; ലോകം എമ്പാടും ചൂടൻ വാർത്ത; സഹോദരന്റെ തെറ്റിന് സഹോദരിമാരെ ബലാത്സംഗം ചെയ്യാനുള്ള ഇന്ത്യൻ ഖാപ് പഞ്ചായത്ത് ഉത്തരവ് വമ്പൻ നാണക്കേടാകുന്നു

ഹോദരൻ ചെയ്ത തെറ്റിന് സഹോദരിമാരെ ബലാത്സംഗം ചെയ്യാൻ ഗ്രാമത്തിലെ കൗൺസിലായ ഖാപ് പഞ്ചായത്ത് വിധിക്കുകയും അതനുസരിച്ച് സഹോഹദരിമാരെ ബലാത്സംഗം ചെയ്യുകയും വിവസ്ത്രരാക്കി തെരുവുകളിലൂടെ നടത്തിക്കുകയും ചെയ്ത നടപടിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ രംഗത്തെത്തി.

ഏതായാലും സംഗതി ഇന്ത്യയ്ക്ക് നാണക്കേടായിരിക്കുകയാണ്. മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ ആംനസ്റ്റി ഇടപെട്ടിരിക്കുകയാണിപ്പോൾ. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ സംഭവം ചൂടൻ വാർത്തയുമായിട്ടുണ്ട്. ഡൽഹിയിൽ നിന്നും വെറും 30 മൈലുകൾ വടക്ക് മാറിയുള്ള സ്ഥലത്ത് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തികച്ചും അപമാനകരമാണെന്ന രീതിയിലാണ് ഡെയിലി മെയിൽ വാർത്ത കൊടുത്തിരിക്കുന്നത്.ഇതിന് പുറമെ യുകെയിലെ മിറർ, ടെലിഗ്രാഫ്, എക്സ്‌പ്രസ് യുകെ തുടങ്ങിയവയും സംഭവത്തിന് വൻ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തങ്ങളുടെ സഹോദരൻ ഒരു ഉയർന്ന ജാതിക്കാരിയുടെ കൂടെ ഒളിച്ചോടിയതിനുള്ള ശിക്ഷയായാണ് സഹോദരിമാർക്ക് ഈ കടുത്ത ശിക്ഷ നൽകിയിരിക്കുന്നത്. 23കാരിയായ മീനാക്ഷി കുമാരി 15കാരിയായ സഹോദരി എന്നിവരെയാണ് ഇത്തരത്തിൽ ക്രൂരപീഡനത്തിനിരയാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടാത്തതും പുരുഷന്മാർ മാത്രമുള്ളതുമായ ഖാപ് പഞ്ചായത്തിന്റെ ഉത്തരവിനെ തുടർന്നാണീ വിധി നടപ്പിലാക്കിയിരിക്കുന്നത്.

പെൺകുട്ടികളുടെ സഹോദരനായ രവി ഉയർന്ന സമുദായമായ ജാട്ട് വിഭാഗത്തിലെ സ്ത്രീയുമായി സ്‌നേഹത്തിലായിരുന്നുവെന്നും പിന്നീട് ഇവർ ഒളിച്ചോടുകയായിരുന്നുവെന്നും ആ സ്ത്രീ ഇപ്പോൾ ഗർഭിണിയാണെന്നുമാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ചിലായിരുന്നു ഇവർ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടിയത്.

സ്‌നേഹത്തിലായിരുന്ന ഇവരെ വേർപിരിച്ച് സ്ത്രീയെക്കൊണ്ട് ഫെബ്രുവരിയിൽ മറ്റൊരാളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ഒളിച്ചോട്ടം. പ്രതികാരം പേടിച്ച് സഹോദരിമാർ മെയ് മാസത്തിൽ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തിരുന്നു. ഇവർ പലായനം ചെയ്തതിന് ശേഷം ഇവരുടെ വീട് ജാട്ട് സമുദായക്കാർ കൊള്ളയടിക്കുകയുണ്ടായെന്നാണ് യുകെയിൽ മിറർ അടക്കമുള്ള ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ തങ്ങളുടെ കുടുംബത്തിനെ പീഡിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് പെൺകുട്ടികൾ അധികം വൈകാതെ കീഴടങ്ങാൻ തയ്യാറാവുകയായിരുന്നു. പിന്നാക്ക സമുദായത്തിൽ പെട്ട ദളിത് വിഭാഗത്തിൽ പെട്ടവരാണ് പെൺകുട്ടികളെന്നാണ് റിപ്പോർട്ട്.

ജാട്ടുകൾക്ക് ഭൂരിപക്ഷമുള്ള ഖാപ് പഞ്ചായത്താണ് പെൺകുട്ടികൾക്ക് ഈ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത്തരം പ്രാദേശിക നീതിന്യായ പീഠങ്ങൾക്ക് സുപ്രീം കോടതി കനത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ ഇന്നും നിർബാധം പ്രവർത്തിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ പത്രങ്ങൾ വിവരിക്കുന്നത്. ഇത്തരം കോടതികളെ സുപ്രീം കോടതി കംഗാരു കോർട്ടുകൾ എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇത്തരം അനധികൃത നീതിപീഠങ്ങൾ ഇന്നും പ്രവർത്തിക്കുന്നുണ്ടെന്നും അവർ ക്രൂരമായ ശിക്ഷാവിധികൾ നടപ്പിലാക്കുന്നുണ്ടെന്നുമാണ് ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നത്. 

ഈ ക്രൂരമായ ശിക്ഷാവിധിയ്‌ക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഒരു പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്. 50,000 ഒപ്പുകൾ ഇതിൽ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനിപ്പോൾ 30,000 ഒപ്പുകൾ ലഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്. സുരക്ഷ ആവശ്യപ്പെട്ട് മീനാക്ഷി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ച് കഴിഞ്ഞു. ഇതിന് പുറമെ ഇവരുടെ പിതാവ് രണ്ടു കോടതികളിലും ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ജാട്ട് കുടുംബവും പൊലീസും തങ്ങളെ ഒരുപോലെ പീഡിപ്പിക്കുന്നുണ്ടെന്നാണ് അവർ പരാതിയുന്നയിച്ചിരിക്കുന്നത്. ജാട്ട് സമുദായക്കാർ വില്ലേജ് കൗൺസിലിൽ ശക്തരാണെന്നും അതിനാൽ അവരുടെ വിധി അന്തിമമാണെന്നുമാണ് മീനാക്ഷിയുടെ മറ്റൊരു സഹോദരനായ സുമിത്ത് കുമാർ പറയുന്നത്.സഹോദരനൊപ്പം ഒളിച്ചോടി പോയ ജാട്ട് യുവതിയുടെ സുരക്ഷയെ പറ്റിയുള്ള ആശങ്കകളും മീനാക്ഷിയുടെ കുടുംബം പങ്ക് വയ്ക്കുന്നുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ഖാപ് പഞ്ചായത്തുകൾ സർവവ്യാപകമാണ്. ഉന്നതകുലജാതിയിലുള്ള പുരുഷന്മാർക്കായിരിക്കും ഇതിന്റെ നിയന്ത്രണമുണ്ടാവുക. ഗ്രാമത്തിലെ പെരുമാറ്റ ചട്ടങ്ങളും നിയമങ്ങളും നിർണയിക്കുന്ന കോടതികളാണിവ. ഇത്തരം കോടതികൾ വിധിക്കുന്ന ശിക്ഷകൾ ശിക്ഷകളെല്ലെന്നും ഇതിനെ ക്രിമിനൽ കുറ്റമായി മാത്രമെ കാണാനാവുകയുള്ളൂവെന്നുമാമ് ആംനസ്റ്റിയുടെ യുകെയിലെ അർജന്റ് കോ ഓഡിനേറ്ററായ റേച്ചൽ അൽകോക്ക് പറയുന്നത്. ഈ കുടുംബത്തിന്റെ സംരക്ഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആംനെസ്റ്റി ആവശ്യപ്പെടുന്നു. സംഭവത്തെ കുറിച്ച് ശരിയായ രീതിയിലുള്ളതും നിഷ്പക്ഷമായ രീതിയിലുള്ളതുമായ ഒരു അന്വേഷണം നടത്തണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP