Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രീംകോടതിക്ക് നൽകിയ രാജികത്തിൽ മേമനെ കുറിച്ച് പരമാർശമില്ല; ഡെപ്യൂട്ടി രജിസ്ട്രാറുടെ രാജിയിൽ പ്രചരിക്കുന്നത് തെറ്റെന്ന് പരമോന്നത കോടതി; ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് മാറ്റാതെ നിലപാടിൽ ഉറച്ച് അനൂപ് സുരേന്ദ്രനാഥും

സുപ്രീംകോടതിക്ക് നൽകിയ രാജികത്തിൽ മേമനെ കുറിച്ച് പരമാർശമില്ല; ഡെപ്യൂട്ടി രജിസ്ട്രാറുടെ രാജിയിൽ പ്രചരിക്കുന്നത് തെറ്റെന്ന് പരമോന്നത കോടതി; ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് മാറ്റാതെ നിലപാടിൽ ഉറച്ച് അനൂപ് സുരേന്ദ്രനാഥും

ന്യൂഡൽഹി: യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് മലയാളിയായ സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാർ അനൂപ് സുരേന്ദ്രനാഥ് രാജിവച്ച വാർത്തയിലെ വിവാദം നിഷേധിച്ച് സുപ്രീംകോടതി രംഗത്ത്. യാക്കൂബ് മേമന്റെ വധശിക്ഷയുടെ പേരിലോ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷയിൽ പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരിലോ അല്ല അനൂപ് സുരേന്ദ്രനാഥ് രാജിവച്ചതെന്ന് സെക്രട്ടറി ജനറൽ വി എസ്.ആർ അവധാനി ഞായറാഴ്ച പുറപ്പെടുവിച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. അതിനിടെ സെക്രട്ടറി ജനറലിന്റെ നിഷേധത്തിനുശേഷവും ഫേസ്‌ബുക്കിലെ തന്റെ സ്റ്റാറ്റസ് പിൻവലിക്കാതെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അനൂപ്. ഇതോടെ വിവാദത്തിന് പുതിയ മുഖമെത്തി.

അനൂപിന്റെ രാജിയുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഇലക്ട്രോണിക്, പത്രമാദ്ധ്യമങ്ങൾ അനൂപിന്റെ രാജി വളച്ചൊടിക്കുകയായിരുന്നുവെന്ന് സെക്രട്ടറി ജനറൽ കുറ്റപ്പെടുത്തി. ഇതു ശരിയല്‌ളെന്ന് മാത്രമല്ല, അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതുകൂടിയാണ്. യഥാർഥത്തിൽ നാഷനൽ ലോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റിയായ അനൂപ് സുരേന്ദ്രനാഥിൻേറത് ഡെപ്യൂട്ടേഷനിലുള്ള ഹ്രസ്വകാല നിയമനമായിരുന്നുവെന്നും വിശദീകരിക്കുന്നു.

ജൂലൈ 31ന് സ്വന്തം അപേക്ഷ പ്രകാരം അദ്ദേഹം മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോകുകയാണ് ചെയ്തത്. ഗവേഷണപദ്ധതികളിൽ കൂടുതൽ വ്യാപൃതനാകണമെന്ന താൽപര്യ പ്രകാരമാണിത്. സുപ്രീംകോടതിക്ക് അയച്ച കത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് പരിശോധിക്കാവുന്നതാണെന്നും അതിനാൽ, പൊതുസമൂഹത്തിന് മുമ്പാകെ വളച്ചൊടിച്ച രീതിയിൽ വന്ന വാർത്ത തിരുത്തിക്കൊടുക്കണമെന്നും സെക്രട്ടറി ജനറൽ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. രാജിക്കത്തിന്റെ പകർപ്പും വാർത്താക്കുറിപ്പിനൊപ്പം പുറത്തുവിട്ടു. സുപ്രീംകോടതിയുടെ നിലപാടുകൾ ശരിവയ്ക്കുന്നതാണ് കത്തും.

താൽപര്യമുള്ള ഗവേഷണത്തിനും താനുൾപ്പെട്ട മറ്റു പദ്ധതികൾക്കുമായി മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിനായി ഡെപ്യൂട്ടി രജിസ്ട്രാർ സ്ഥാനം രാജിവെക്കുകയാണെന്നാണ് സുപ്രീംകോടതി രജിസ്ട്രാർക്കുള്ള കത്തിലുള്ളത്. ഈ വിഷയം സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വർഷം നൽകിയ ആശ്ചര്യകരമായ അവസരത്തിന് നന്ദിപറയുന്നുവെന്നും രാജിക്കത്ത് തുടർന്നു. സുപ്രീംകോടതിയെ ഏറ്റവും നന്നായി മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നും അതിനെന്നെന്നും നന്ദിയുള്ളവനായിരിക്കുമെന്നും പറഞ്ഞാണ് അനൂപ് രാജിക്കത്ത് അവസാനിപ്പിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളത് ഫേസ്‌ബുക്കിൽ പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്നുമാണ് ആനുപിന്റെ ഇപ്പോഴത്തേയും നിലപാട്. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് സുപ്രീംകോടതിയിലെ പദവി രാജിവെക്കുന്നതെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റസ് സെക്രട്ടറി ജനറലിന്റെ കത്തിറങ്ങിയ ശേഷവും പിൻവലിക്കാൻ അനൂപ് സുരേന്ദ്രനാഥ് തയാറായില്ല.

ജൂലൈ 29ന് വൈകീട്ട് നാല് മണിക്കും 30ന് പുലർച്ചെ അഞ്ച് മണിക്കുമായി പുറപ്പെടുവിച്ച ഉത്തരവുകളും അതിനുപറഞ്ഞ ന്യായീകരണങ്ങളും നീതിന്യായവ്യവസ്ഥയുടെ പിന്മാറ്റമാണെന്നും ഇന്ത്യൻ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളായി അതിനെ എണ്ണുമെന്നും ഓർമിപ്പിച്ചാണ് അനൂപ് ഫെയ്‌സ് ബുക്കിൽ സ്റ്റാറ്റസ് ഇട്ടത്. ഈ സാഹചര്യത്തിലാണ് അനൂപിന്റെ രാജി ചർച്ചയായത്. സോഷ്യൽ മീഡിയയിൽ വിഷയം സജീവമായി. ഈ സഹചര്യത്തിലാണ് സുപ്രീംകോടതി തന്നെ വിശദീകരണവുമായെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP