Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറങ്ങുന്ന ചുവന്ന ലൈറ്റിട്ട് ചീറിപ്പായുന്ന മന്ത്രിമാർ ഉടൻ അപ്രത്യക്ഷമാകുമോ? അഞ്ച് പദവികളിൽ ഉള്ളവർക്ക് മാത്രം ബീക്കൺ ലൈറ്റ് പരിമിതപ്പെടുത്താൻ ആലോചിച്ച് കേന്ദ്രം; പുറത്താകുന്നവരിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും

കറങ്ങുന്ന ചുവന്ന ലൈറ്റിട്ട് ചീറിപ്പായുന്ന മന്ത്രിമാർ ഉടൻ അപ്രത്യക്ഷമാകുമോ? അഞ്ച് പദവികളിൽ ഉള്ളവർക്ക് മാത്രം ബീക്കൺ ലൈറ്റ് പരിമിതപ്പെടുത്താൻ ആലോചിച്ച് കേന്ദ്രം; പുറത്താകുന്നവരിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും

ന്യൂഡൽഹി: ചുവന്ന ബീക്കൺലൈറ്റ് വച്ച കാറിൽ ചീറിപ്പാഞ്ഞുള്ള മന്ത്രിമാരുടെ യാത്രയ്ക്ക് കടിഞ്ഞാൺ വീഴുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മന്ത്രിമാരുടെയും ചുവന്ന ബീക്കൺ വച്ചുള്ള യാത്രയ്ക്കാണ് അറുതിവരാൻ പോകുന്നത്. ചുവന്ന ബീക്കൺ ലൈറ്റ് കാറിൽ ഘടിപ്പിക്കാനുള്ള ഭരണഘടനാ പദവികളുടെ എണ്ണം ചുരുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവച്ച തീരുമാനത്തെ പിന്തുണച്ച് ധനിമന്ത്രി അരുൺ ജെയ്റ്റ്‌ലിയും രംഗത്തെത്തി. പുതിയ തീരുമാനം നടപ്പാക്കപ്പെട്ടാൽ ചുവന്നബീക്കൺ ലൈറ്റ് ഉപയോഗിക്കാനുള്ള അധികാരം കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് നഷ്ടമാകും.

കേന്ദ്രത്തിൽ ഇന്ത്യൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, ചീഫ് ജസ്റ്റിസ് എന്നിവർക്ക് മാത്രമായി ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാനുള്ള അധികാരം ചുരുക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ നിർദ്ദേശം. സംസ്ഥാന തലത്തിലേക്ക് വരുമ്പോൾ ഇക്കാര്യം ഗവർണർ, മുഖ്യമന്ത്രി, അസംബ്ലി സ്പീക്കർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് മാത്രമായും പരിമിതപ്പെടുത്തും.

നിലവിൽ സംസ്ഥാനങ്ങളിൽ ഫ്ളാഷറോടുകൂടിയ ചുവന്ന ബീക്കൺ ലൈറ്റ് വാഹനങ്ങളിൽ ഉപയോഗിക്കാവുന്നവരുടെ കൂട്ടത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നുണ്ട്. ഗവർണർ, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സ്പീക്കർ, പ്രതിപക്ഷനേതാവ്, സംസ്ഥാന മന്ത്രിമാർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ഹൈക്കോടതി ജഡ്ജിമാർ എന്നിവർക്ക് വാഹനത്തിൽ ഫ്ളാഷറോടുകൂടിയ ചുവന്ന ബീക്കൺലൈറ്റ് ഉപയോഗിക്കാംമെന്നാണ് സംസ്ഥാനത്തെ ചട്ടം.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ, പട്ടികജാതി/വർഗ കമ്മിഷൻ ചെയർമാൻ എന്നിവർക്കു വാഹനത്തിൽ ഫ്ളാഷറില്ലാതെ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാം. മേൽ സൂചിപ്പിച്ച വ്യക്തികൾക്കുള്ളതിനു തുല്യമായ പദവിയും അന്തസും പ്രത്യേക അവകാശങ്ങളുമുണ്ടെന്ന് ഔപചാരികമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിശിഷ്ട വ്യക്തികൾക്കും ഫ്ളാഷറോടു കൂടിയതോ ഫ്ളാഷർ ഇല്ലാത്തതോ ആയ ചുവന്ന ലൈറ്റ് വാഹനങ്ങളിൽ ഉപയോഗിക്കാം. പൊലീസിന്റെ പൈലറ്റ് എസ്‌കോർട്ട് വാഹനങ്ങൾക്ക് ഫ്ളാഷറുള്ളതോ ഇല്ലാത്തതോ ആയ നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാം.

ആംബുലൻസ്, ഫയർഫോഴ്‌സ്, അത്യാവശ്യമായി അറ്റകുറ്റപ്പണികൾക്കു ചുമതലപ്പെടുത്തിയ വിവിധ ഏജൻസികൾ എന്നിങ്ങനെ റോഡിൽ തടസ്സമില്ലാതെ അടിയന്തരകൃത്യനിർവഹണം നടത്തേണ്ട ഓപ്പറേഷണൽ ഏജൻസികളുടെ വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവയ്ക്ക് ചുവപ്പ്, നീല, വെള്ള എന്നീ നിറങ്ങൾ ഉൾക്കൊള്ളുന്ന ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാം.

വിശിഷ്ടവ്യക്തികൾ സംസ്ഥാനത്തിനകത്ത് ഔദ്യോഗിക കൃത്യനിർവഹണം നടത്തുമ്പോൾ മാത്രമേ ബീക്കൺ ഉപയോഗിക്കാവൂ എന്നും ഇവർ വാഹനത്തിലില്ലാത്ത അവസരങ്ങളിൽ, ചുവന്ന ബീക്കൺ പുറത്തു കാണാത്ത വിധം ഏതെങ്കിലും കവചം കൊണ്ട് പൊതിഞ്ഞിരിക്കണമെന്നും അടുത്തിടെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

എന്നാൽ, കേന്ദ്രസർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടാൽ സംസ്ഥാന - കേന്ദ്രമന്ത്രിമാർ ചുവപ്പിൽ നിന്നും നീല ബീക്കൺ ലൈറ്റിലേക്ക് മാറേണ്ട അവസ്ഥയുണ്ടാകും. ഇക്കാര്യത്തിൽ നിതിൻ ഗഡ്കരി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്നിവരോടാണ് അഭിപ്രായം ആരാഞ്ഞത്. ഇക്കാര്യത്തിൽ അനുകൂലമായി ആദ്യം പ്രതികരിച്ചത് ജെയ്റ്റ്‌ലിയായിരുന്നു. വിവിഐപികളുടെ സഞ്ചാരത്തിന്റെ പേരിൽ സാധാരണക്കാരായവർ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുത്താൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP