Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുണ ഷാൻബാഗിനെ 42 വർഷം കിടക്കയിലാക്കിയത് ഈ നരാധമൻ; ഏഴ് വർഷം തടവിൽ കഴിഞ്ഞ ശേഷം മുങ്ങിയ പ്രതി ഇപ്പോഴും യുപി ഗ്രാമത്തിൽ

അരുണ ഷാൻബാഗിനെ 42 വർഷം കിടക്കയിലാക്കിയത് ഈ നരാധമൻ; ഏഴ് വർഷം തടവിൽ കഴിഞ്ഞ ശേഷം മുങ്ങിയ പ്രതി ഇപ്പോഴും യുപി ഗ്രാമത്തിൽ

ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് 42 വർഷം നിശ്ചലാവസ്ഥയിൽ കിടന്ന് പോവുകയും ഇക്കഴിഞ്ഞ മെയ് 18ന് ഈ ലോകത്തോട് വിടപറയുകയും ചെയ്ത അരുണ ഷാൻബാഗിന്റെ ദുരന്തം മനസ്സാക്ഷിയുള്ളവർക്കൊന്നും അത്രയെളുപ്പം മറക്കാനാവില്ലെന്നുറപ്പാണ്. അരുണയുടെ ജീവിത്തിൽ നിത്യദുരിതമേകിയ മനുഷ്യൻ ഇന്നും ഉത്തർപ്രദേശിൽ സസുഖം വാഴുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ശോഭൻലാൽ ഭർത വാൽമീകിയെന്നാണീ നരാധമന്റെ പേര്. ഏഴ് വർഷം തടവിൽ കഴിഞ്ഞ ശേഷം മുങ്ങിയ ഈ പ്രതി ഇപ്പോഴും യുപി ഗ്രാമത്തിൽ വിരാജിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. 

യുപിയിലെ ഹാപൂർ ജില്ലയിലെ പാർപ ഗ്രാമത്തിലാണിയാൾ ജീവിക്കുന്നത്. ഗസ്സിയാബാദിന് സമീപമാണീ പ്രദേശം നിലകൊള്ളുന്നത്. ഡൽഹിയിൽ നിന്നും 75 കിലോമീറ്ററുകൾ മാത്രമെ ഇവിടേക്കുള്ളൂ. താൻ അരുണയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് വാൽമീകി ഇപ്പോഴും തറപ്പിച്ച് പറയുന്നത്. മറാത്തിദിനപത്രമായ സകാലിനോട് പ്രതികരിക്കവെയാണ് വാൽമീകി തന്റെ നിലപാട് വ്യക്തമാക്കുന്നത്. വാൽമീകി ഇപ്പോൾ കുടുംബസമേതം കഴിയുന്നുവെന്നാണ് പ്രസ്തുത പത്രത്തിന്റെ കറസ്‌പോണ്ടന്റ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുതദിവസം എന്താണ് നടന്നതെന്ന് തനിക്ക് ഓർമയില്ലെന്നും എന്നാൽ താൻ അരുണയെ ലൈംഗികമായി പീഡിപ്പിച്ചില്ലെന്നുമാണ് വാൽമീകിയുടെ പക്ഷം. എന്നാൽ ജയിൽ മോചിതനായതിന് ശേഷം പശ്ചാത്താപം മൂലം ലളിതജീവിതം നയിച്ച് വരുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

1973 നവംബർ 27ന് മുംബൈയിലെ കിങ് യഎഡ്വാർഡ് മെമോറിയൽ ഹോസ്പിറ്റലിൽ വച്ചാണ് വാൽമീകി അവിടുത്തെ നഴ്‌സമായ അരുണയെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഹോസ്പിറ്റലിലെ വാർഡ് ബോയിയും അരുണയെ പീഡിപ്പിച്ചിരുന്നു. എന്നാൽ വാൽമീകിയുടെ മുകളിൽ ബലാത്സംഗക്കുറ്റമോ ലൈംഗികാതിക്രമകുറ്റമോ ചുമത്തിയിട്ടില്ലായിരുന്നു. പകരം കൊള്ളയും കൊലപാതകവും നടത്താൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചാർത്തപ്പെട്ടത്. തുടർന്ന് ഇയാൾ ഏഴ് വർഷം ജയിലിൽ കഴിയുകയുമുണ്ടായി.1980ൽ ജയിൽ മോചിതനായ വാൽമീകി ഇപ്പോൾ സ്വതന്ത്രനായി സസുഖം ജീവിക്കുകയാണ്.

അരുണയുടെ മരണത്തെത്തുടർന്ന് വാൽമീകിയെ സംബന്ധിച്ച് പലവിധ വാർത്തകളായിരുന്നു ഈ അടുത്ത കാലത്തായി പ്രചരിച്ചിരുന്നത്.അതായത് വാൽമീകി ജയിൽ മോചിതനായതിന് ശേഷം ഡൽഹിയിലേക്ക് പോയെന്നായിരുന്നു ഒരു റിപ്പോർട്ട്. എന്നാൽ ജയിലിൽ നിന്നും മുങ്ങിയെന്ന തരത്തിലുള്ള വാർത്തകളുമുണ്ട്. 2011 ഇയാൾ മരിച്ചുവെന്നതരത്തിലുള്ള വാർത്തകളും ഉയർന്ന് വന്നിരുന്നു. അരുണ മരിച്ച സാഹചര്യത്തിൽ വാൽമീകിക്കെതിരെ കൊലപാതക്കുറ്റം ചുമത്താനുള്ള നിയമസാധ്യതകൾ തങ്ങൾ തേടുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്.എന്നാൽ താൻ ഡൽഹിയിലേക്ക് താമസം മാറിയിട്ടില്ലെന്നാണ് 70 കാരനായ വാൽമീകി പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി താൻ വീടിന് 30 കിലോമീറ്റർ അകലെയുള്ള ഒരു പവർപ്ലാന്റിൽ ഒരു കോൺടാക്ടറുടെ കീഴിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും ഇയാൾ പറയുന്നു. എല്ലാദിവസവും ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയാണ് പോകുന്നതെന്നും വാൽമീകി പറയുന്നു.

തന്റെ ഭാര്യവീട്ടിൽ ഭാര്യ ബിമല, കൃഷ്ണ, രവീന്ദർ എന്നീ രണ്ടു ആൺമക്കക്കൊപ്പമാണ് വാൽമീകി ഇപ്പോൾ കഴിയുന്നത്.കൂടാതെ ഇയാൾക്ക് രണ്ട് പെൺമക്കളുമുണ്ട്. ഒരു പേരക്കുട്ടിയുമുണ്ട്. തനിക്ക് മാസത്തിൽ വെറും 4000 രൂപമാത്രമാണ് വരുമാനമെന്നും ആറ് മാസം കൂടുമ്പോൾ നേത്രചികിത്സക്കായി 5000 രൂപ ചെലവാക്കേണ്ടി വരുന്നുണ്ടെന്നും വാൽമീകി പറയുന്നു. കൂടാതെ രക്തസമ്മർദപരമായി പ്രശ്‌നങ്ങളും ഇയാൾക്കുണ്ട്. താൻ അരുണയെ ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള വാർത്തകൾ ഈ അടുത്ത കാലത്ത് പ്രചരിക്കുന്നതെന്തു കൊണ്ടാണെന്നാണ് വാൽമീകി സകാലിന്റെ കറസ്‌പോണ്ടന്റിനോട് ചോദിച്ചിരിക്കുന്നത്. 42 വർഷങ്ങൾക്ക് മുമ്പും ഇതിനെക്കുറിച്ച് വാർത്തകളുണ്ടായിരുന്നവെന്നും എന്നാൽ അന്നൊന്നും ബലാത്സംഗത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ലെന്നും വാൽമീകി പറയുന്നു. ന്യൂഡൽഹിയിലുള്ള ബന്ധു മുഖാന്തിരം ഷാൻബാഗിന്റെ മരണവാർത്ത താനും കേട്ടിട്ടുണ്ടെന്നാണ് വാൽമീകി പറയുന്നത്.

അരുണ മരിച്ചത് ന്യൂമോണിയ ബാധിച്ചായതിനാൽ ഈ കേസിൽ പുതിയ സെക്ഷനുകൾ കൂട്ടിച്ചേർക്കാൻ പ്രയാസമാണെന്നാണ് മുംബൈ ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസായ ദേവൻ ഭാരതി പിടിഐയോട് പറഞ്ഞത്. എന്നാൽ ഇതിനുള്ള നിയമസാധ്യതകൾ പൊലീസ് തേടുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജയിൽ മോചിതനായതിന് ശേഷമാണ് വാൽമീകിക്ക് രണ്ട് ആൺമക്കളും പിറന്നത്. പാർപയിൽ വച്ചു തന്നെയായിരുന്നു ഇവരുടെ ജനനം. ജയിൽ മോചിതനായതിന് ശേഷം അച്ഛൻ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ബുലന്ത്ഷഹർ ജില്ലയിലെ ദാസ്പുരയിലേക്കാണ് പോയതെന്നാണ് മൂത്ത മകൻ കൃഷ്ണ പറയുന്നത്. തുടർന്ന് അവിടെയുള്ള സഹോദരനുമായി കലഹമായതിനെ തുടർന്ന് പാർപയിലേക്ക് താമസം മാറുകയായിരുന്നു. അച്ഛന് ഇത്രയും നീചമായ കൃത്യം ചെയ്യാനാവില്ലെന്നാണ് ഈ മകൻ വിശ്വസിക്കുന്നത്. മുംബൈ പൊലീസിലുണ്ടായ സമ്മർദ്ദത്തെ തുടർന്ന് തന്റെ പിതാവിനെ കേസിൽ കുടുക്കുയായിരുന്നുവെന്നും മകൻ ആരോപിക്കുന്നു. ഈ കേസിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നാണ് ഹാപൂർ ജില്ലാ മജിസ്‌ട്രേറ്റായ അജയ് യാദവ് പറയുന്നത്. മുംബൈ പൊലീസ്ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ ഇക്കാര്യത്തിൽ സഹായം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP