Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി മുംബൈയിൽ പോയി ബീഫ് തിന്നരുതേ! മഹാരാഷ്ട്രയിലൂടെ കടന്നു പോകുമ്പോൾ ട്രെയിനിൽ പോലും ഇറച്ചി വേണ്ട! തെറ്റിക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ചു വർഷം തടവ്‌

ഇനി മുംബൈയിൽ പോയി ബീഫ് തിന്നരുതേ! മഹാരാഷ്ട്രയിലൂടെ കടന്നു പോകുമ്പോൾ ട്രെയിനിൽ പോലും ഇറച്ചി വേണ്ട! തെറ്റിക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ചു വർഷം തടവ്‌

ന്യൂഡൽഹി: മഹാരാഷ്ട്രക്കാർക്ക് ഇനി മാട്ടിറച്ചി കഴിക്കണമെങ്കിൽ സംസ്ഥാനം വിടേണ്ടി വരുമെന്നുറപ്പായി. ഗോവധം നിരോധിച്ചും മാട്ടിറച്ചി വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അനുമതി നിരോധിച്ചുമുള്ള ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകി.

ഇതു ലംഘിക്കുന്നവർക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 1995ൽ മഹാരാഷ്ട്രയിൽ ഭരണത്തിലിരുന്ന ബിജെപി-ശിവസേന സർക്കാർ പാസാക്കിയ മഹാരാഷ്ട്ര അനിമൽ പ്രിസർവേഷൻ ഭേദഗതി ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

19 വർഷത്തിന് ശേഷമാണ് ഈ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് 1976ലെ ആനിമൽ പ്രിസർവേഷൻ നിയമ പ്രകാരം നിരോധിച്ചിരുന്നു. ഈ നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതോടെ പോത്തുകളെയും മറ്റും കൊല്ലുന്നതിനും നിരോധനം വന്നിരിക്കുകയാണ്.

ഖുറേഷി വംശത്തിലെ മുസ്ലിങ്ങളാണ് ഗോമാംസം വിൽക്കുന്നത്. ബിൽ പാസാക്കുന്നതിനെതിരെ നേരത്തെ വ്യാപാരികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സമരവുമായി രംഗത്തിറങ്ങിയ വ്യാപാരികളോട് അനുഭാവ പൂർണമായ നടപടി സ്വീകരിക്കുമെന്നാണ് നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ഈ ഉറപ്പു പാലിക്കാത്തതിനെ തുടർന്ന് നിയമനടപടിക്ക് ഒരുങ്ങുകയാണ് വ്യാപാരികൾ.

അംഗീകാരമുള്ള അറവുശാലകളിലൂടെ ഇറച്ചി വിൽക്കാൻ നേരത്തെ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു. മാട്ടിറച്ചി വ്യാപാരം നിരോധിക്കണമെന്ന് വർഷങ്ങളായി വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വിറ്ററിൽ പ്രതികരിച്ചു. ബിൽ അംഗീകരിച്ച രാഷ്ട്രപതിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

പുതിയ നടപടിയിൽ പ്രതിഷേധിച്ച് മുംബൈ സബർബൻ ബീഫ് ഡീലേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. നിരവധി തെഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന നടപടിയാണിത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് ഇറച്ചികളുടെ വിൽപന വില ഉയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഭക്ഷ്യ ലഭ്യതയിൽ 61 ശതമാനം കുറവ് വരുത്തുന്നതാണ് സർക്കാരിന്റെ പുതിയ നടപടിയെന്ന് ഇറച്ചി വ്യാപാരികൾ പറയുന്നു. നിലവാരമില്ലാത്ത അറവുശാലകളും ഫാമുകളിൽ വളർത്തുന്ന മാടുകളുടെ വിൽപനയുമാണ് സർക്കാർ നിരോധിക്കേണ്ടത്. എന്നാൽ, നിലവാരമുള്ള മാടുകളെ വളർത്തി വിൽക്കുന്ന കർഷകരോട് സർക്കാർ ചെയ്യുന്നത് അനീതിയാണെന്നും ആക്ഷേപമുണ്ട്.

സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ചെലവ് കുറഞ്ഞ ഭക്ഷണ വിഭവമാണ് മാട്ടിറച്ചി. ആട്ടിറച്ചിയെ അപേക്ഷിച്ച് കൂടുതൽ ജനകീയവും ചെലവുകുറഞ്ഞതുമായ മാട്ടിറച്ചി നിരോധിക്കുന്നത് ബിജെപി സർക്കാരിന്റെ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP