Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോഴും ഇവിടെ ജനിക്കുന്നത് വികലാംഗരും രോഗികളും; ദുരിതം പേറുന്നത് ഒരുലക്ഷത്തോളം പേർ; മൂന്നു പതിറ്റാണ്ടു കഴിഞ്ഞും ദുരന്തഭൂമിയായ ഭോപ്പാൽ കാഴ്ചകൾ

ഇപ്പോഴും ഇവിടെ ജനിക്കുന്നത് വികലാംഗരും രോഗികളും; ദുരിതം പേറുന്നത് ഒരുലക്ഷത്തോളം പേർ; മൂന്നു പതിറ്റാണ്ടു കഴിഞ്ഞും ദുരന്തഭൂമിയായ ഭോപ്പാൽ കാഴ്ചകൾ

ഭോപ്പാൽ: ആ കറുത്തരാത്രിക്ക് മൂന്നുപതിറ്റാണ്ടു തികയുന്നു. കൂറ്റൻ ഇരുമ്പുമറയ്ക്കുള്ളിൽനിന്ന് പുറപ്പെട്ട വിഷവാതകം ചോർത്തിയെടുത്തത് കാൽലക്ഷത്തിലേറെ ജീവനുകൾ. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് ചോർന്ന സൈനഡ് വാതകം ഭൂമിയിലെ ഏറ്റവും ദുരന്തം വിതച്ച വ്യാവസായിക ദുരന്തങ്ങളിലൊന്നായി. സർക്കാർ കണക്കിൽ മരിച്ചത് വെറും 5295 പേർ മാത്രം.

മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഭോപ്പാൽ ദുരന്തഭൂമിയിൽനിന്ന് കരകയറിയില്ലെന്നതിന് ഈ ചിത്രങ്ങൾ സാക്ഷി. ഈ മണ്ണിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോഴും വൈകല്യങ്ങളും രോഗങ്ങളും മാത്രം. മരിച്ചവരുടെയും ജീവച്ഛവമായവരുടെയും നഷ്ടപരിഹാരത്തുകയിൽപ്പോലും സർക്കാരും അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ യൂണിയൻ കാർബൈഡ് കോർപറേഷനും ഒളിച്ചുകളി നടത്തുമ്പോൾ, ഈ കുരുന്നുകൾ ആ ദുരന്തത്തിന്റെ ചിത്രം പേറുന്നു.

ഇവിടെ മണ്ണിൽ ചേർന്ന വിഷവാതകത്തിന്റെ ശേഷിപ്പുകളാണ് ദുരന്തം അവസാനിക്കാതെ തുടരാൻ ഇടയാക്കുന്നത്. ആയിരക്കണക്കിന് ടൺ വിഷമാലിന്യം മണ്ണിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് ഭോപ്പാൽ ദുരന്തബാധിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ പറയുന്നു. ആ വിഷമാലിന്യം ഇവിടെയുള്ളവരുടെ ജീവനെ കാർന്നു തിന്നുകയാണ്.

ഒരു ലക്ഷത്തിലേറെപ്പേർ ഇപ്പോഴും ഭോപ്പാൽ ദുരന്തത്തിന്റെ ഇരകളായി തുടരുന്നുവെന്നാണ് കണക്ക്. ദുരന്തഭൂമി ഇപ്പോൾ ഇന്ത്യൻ സർക്കാരിന്റെ കൈയിലാണ്. എന്നാൽ, ഇവിടെനിന്ന് വിഷമാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം കാലങ്ങളായി അവർ ചെവിക്കൊള്ളുന്നില്ല. യൂണിയൻ കാർബൈഡിനെക്കൊണ്ട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാനുള്ള ശ്രമവുമില്ല.

വിളർച്ച, ശാരീരിക വൈകല്യങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ഇവിടുത്തെ കുട്ടികളിൽ സാധാരണയാണ്. ഏറ്റവും ദുരിതം പേറുന്നത് വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളിലാണെന്ന് ഭോപ്പാൽ മെഡിക്കൽ അപ്പീൽ എന്ന സംഘടനയുടെ പ്രവർത്തകൻ സായിനാഥ് സാരംഗി പറയുന്നു. കൂട്ടിപ്പിണഞ്ഞ കാലുകളും തലച്ചോറിന് തകരാറുകളും ബുദ്ധിമാന്ദ്യമുള്ളവരുമായി പിറക്കുന്ന കുട്ടികൾ ഏറെയാണ്. ഇവിടെയുള്ള നാലുവീടുകളിലൊന്നിൽ ഇത്തരം തകരാറുള്ള കുട്ടികളെ കാണാനാവുമെന്ന് സാരംഗി പറയുന്നു.

1969-ൽ ഭോപ്പാലിൽ യൂണിയൻ കാർബൈഡ് ഫാക്ടറി തുറക്കുമ്പോൾ, അത് വ്യാവസായിക ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന തുടക്കമായിരുന്നു. ആയിരക്കണക്കിനാളുകൾക്ക് അത് തൊഴിൽ നൽകി. ഇന്ത്യയിലെ കർഷകർക്ക് കുറഞ്ഞവിലയ്ക്ക് കീടനാശിനികൾ നിർമ്മിച്ചുനൽകി. എന്നാൽ, 15 വർഷത്തിനുശേഷം, 1984-ൽ ഫാക്ടറിയിൽനിന്ന് പുറത്തേയ്ക്ക് വമിച്ച നാൽപ്പത് ടണ്ണോണം മീഥൈൽ ഐസോസയനേറ്റ് വാതകമാണ് ആ പ്രതീക്ഷകളെ അപ്പാടെ ഇല്ലാതാക്കിയത്.

ദുരന്തത്തെ തുടർന്ന് കൊല്ലപ്പെട്ടതിനെക്കാൾ എത്രയോ ഇരട്ടിയാളുകൾ പിന്നീട് പലവിധ രോഗങ്ങൾക്ക് കീഴ്‌പ്പെട്ടു. അർബുദവും അന്ധതയും ശ്വാസകോശ രോഗങ്ങളും നാഡീസംബന്ധമായ അസുഖങ്ങളും ബാധിച്ചവരേറെ. മൂന്നുപതിറ്റാണ്ടു കഴിഞ്ഞിട്ടും ആ വിഷമാലിന്യങ്ങൾ ഇവിടുത്തെ മണ്ണും വെള്ളവും വിട്ടുപോയിട്ടില്ലെന്നതിന് തെളിവായി, വൈകല്യങ്ങളുമായി പിറന്നുവീഴുന്ന കുട്ടികളും. ഫാക്ടറിയിൽനിന്ന് അരക്കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചിംഗാരി ട്രസ്റ്റാണ് ആറു മാസം മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ചികിത്സയ്ക്കായി പ്രവർത്തിക്കുന്നത്.

ഭോപ്പാലിലെ ദുരന്തഭൂമിയിൽ ശേഷിക്കുന്ന വിഷമാലിന്യത്തെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിലെ സുനിത നാരായൺ പറയുന്നു. 2009-ൽ ഇവിടെ നടത്തിയ ഒരു പഠനത്തിൽ ഫാക്ടറിക്കരികിൽനിന്ന് ശേഷികരിച്ച സാമ്പിളുകളിൽ ക്ലോറിനേറ്റഡ് ബെൻസീനിന്റെയും ദേശീയ നിരവാരത്തെക്കാൾ 561 മടങ്ങ് വിഷമുള്ള കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടുത്തെ കുടിവെള്ളത്തിലും മാരകമായ വിഷപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയുടെ 68 ഏക്കർ സ്ഥലത്ത് 21 ഇടങ്ങളിലെടുത്ത കുഴികളിലാണ് വിഷമാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് പുറമെ, പുറത്തും മാലിന്യം കുഴിച്ചുമൂടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP