Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെയ്യനങ്ങാതെ ശമ്പളം കൈപ്പറ്റുന്ന കാലം ഓർമ്മയായി മാറ്റി സർക്കാർ ഉദ്യോഗസ്ഥർ; എല്ലാവർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി; വൈകി എത്തുന്നവരുടെ ശമ്പളം പിടിക്കും, മോദിയുടെ കടുംപിടുത്തത്തിൽ വിരണ്ട് കേന്ദ്രസർക്കാർ ജീവനക്കാർ

മെയ്യനങ്ങാതെ ശമ്പളം കൈപ്പറ്റുന്ന കാലം ഓർമ്മയായി മാറ്റി സർക്കാർ ഉദ്യോഗസ്ഥർ; എല്ലാവർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി; വൈകി എത്തുന്നവരുടെ ശമ്പളം പിടിക്കും, മോദിയുടെ കടുംപിടുത്തത്തിൽ വിരണ്ട് കേന്ദ്രസർക്കാർ ജീവനക്കാർ

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക്- പ്രത്യേകിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പരമസുഖമായിരുന്നു ഇക്കാലമത്രയും. വൈകി വരികയും നേരത്തെ പോകുകയും ചെയ്താലും കൃത്യം ഒന്നാം തിയതി തന്നെ ശമ്പളം ലഭിക്കും. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പു വയ്ക്കുന്നത് ഏത് സമയത്താണെന്ന് രേഖപ്പെടുത്താത്തതിനാൽ ആർക്കും ഇവർ ജോലിക്കെത്തിയ സമയം തിരിച്ചറിയാനും സാധിക്കില്ല. മുകൾ തലം മുതൽ താഴെ തലം വരെ ഇതാണ് സ്ഥിതിയെന്നതിനാൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് മിക്ക ഓഫീസുകളിലും. അതിനാൽ തന്നെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ പല സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നതാണ് പതിവ്.

എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇത്തരക്കാരായ മെയ്യനങ്ങാതെ ശമ്പളം മേടിക്കുന്ന ഉദ്യോഗസ്ഥരെ തളയ്ക്കാനൊരുങ്ങുകയാണ്. ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിങ് യന്ത്രങ്ങൾ സ്ഥാപിച്ചാണ് ഇത്തരം ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ പോകുന്നത്. ഈമാസം 25നകം എല്ലാ സർക്കാർ ഓഫീസുകളിലും പുതിയ പഞ്ചിങ് സംവിധാനം സ്ഥാപിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെ ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും ഓഫീസിൽ ചെലവഴിക്കുന്ന സമയവും കൃത്യമായി രേഖപ്പെടുത്തപ്പെടും. സമയത്തിന് ഓഫീസിലെത്താത്തവരുടെയും മുഴുവൻ സമയവും ഓഫീസിലുണ്ടാകാതിരുന്നവരുടെയും ശമ്പളം പിടിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ പകുതിയിലേറെ സർക്കാർ ഉദ്യോഗസ്ഥരും ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ ജീവനക്കാർ കൗണ്ടിങ് റോളിന് കീഴിൽ കൂടി പോകുമ്പോൾ തന്നെ അറ്റൻഡൻസ് രേഖപ്പെടുന്നു. ബയോമെട്രിക് അറ്റൻഡൻസ് ആധാർ കാർഡ് സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ആധാർ കാർഡ് ഇല്ലാത്തവർ നിർബന്ധമായും ആധാർ കാർഡ് എടുക്കേണ്ട അവസ്ഥയാണ് പുതിയ സംവിധാനം മൂലമുള്ളത്. ഈമാസം ഏതാനും ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത 49,505 ഉദ്യോഗസ്ഥരിൽ 24,107 ആളുകളും റോൾ കൗണ്ടിന് കീഴിലൂടെ പോയിട്ടില്ലെന്ന് കണ്ടെത്തി. ഈമാസം 25നകം എല്ലാ ഉദ്യോഗസ്ഥരെയും ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി ആർ എസ് രാജ വിവിധ ഡിപ്പാർട്ട്‌മെന്റുകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാർ 9.30ന് ജോലിയിൽ പ്രവേശിക്കേണ്ടതായി വരും. ഇതിലൂടെ സർക്കാർ ഓഫീസുകളുടെ ഉത്പാദനക്ഷമത വർദ്ധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 300 ജീവനക്കാർ ഉള്ള ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഓഫീസിൽ ഈമാസം 8ന് 147 പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഓഫീസിൽ 186 ജീവനക്കാരിൽ മൂന്ന് പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയത്.

എന്നാൽ എല്ലാ മന്ത്രാലയങ്ങളും ഇക്കാര്യത്തിൽ ഒരുപോലെയല്ല. 2150 ജീവനക്കാരുള്ള വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ഒരു ഓഫീസിൽ 1384 പേർ ഹാജർ രേഖപ്പെടുത്തി. സാമ്പത്തികകാര്യ വകുപ്പിന് കീഴിലെ ഒരു ഓഫീസിന് കീഴിൽ ഇതേദിവസം ഉണ്ടായിരുന്ന 764 ജീവനക്കാരിൽ 596 പേരും പുതിയ സംവിധാനം ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തി.

പുതിയ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന് അതാത് ഡിപ്പാർട്ട്‌മെന്റുകൾ നിർദ്ദേശം നൽകുന്നതിനോടൊപ്പം മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെ ഇതിന്റെ ആവശ്യകത ജീവനക്കാരെ അറിയിക്കാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP