Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലരക്കോടി കൊടുത്തു മോദിയുടെ കോട്ടു വാങ്ങിയ വ്യവസായി വെറുതെയല്ല ആ കല്ലെറിഞ്ഞത്; 54 കോടിയുടെ ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകി പ്രത്യുപകാരം നൽകി ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി

നാലരക്കോടി കൊടുത്തു മോദിയുടെ കോട്ടു വാങ്ങിയ വ്യവസായി വെറുതെയല്ല ആ കല്ലെറിഞ്ഞത്; 54 കോടിയുടെ ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകി പ്രത്യുപകാരം നൽകി ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി

സൂറത്ത്: ഒന്നും കാണാതെയല്ല വജ്രവ്യാപാരി ലാൽജി ഭായി പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ട് നാലരക്കോടി രൂപ കൊടുത്തു സ്വന്തമാക്കിയത്. മോദിയുടെ കോട്ടു വാങ്ങിയതിന് പ്രത്യുപകരമായി ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി ഇയാൾക്കു തിരികെ നൽകിയത് 54 കോടി വില വരുന്ന ഭൂമി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തുന്നിയ വിവാദ കോട്ട് ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് വജ്രവ്യാപാരിയായ ലാൽജിഭായി പട്ടേൽ. വിവിധ പദ്ധതികൾക്കായി ഇയാളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് തിരിച്ചു നൽകാൻ ബിജെപി ഭരിക്കുന്ന സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചത്.

സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ പൊതുജനോപകാര പദ്ധതികൾക്കായി ഏറ്റെടുത്ത 12,000 ചതുരശ്രയടി ഭൂമിയാണ് പട്ടേലിന് തിരികെ നൽകാൻ തീരുമാനമെടുത്തത്. മോദിയുടെ വിവാദ കോട്ട് 4.31 കോടി രൂപയ്ക്കാണ് പട്ടേൽ ലേലത്തിൽ സ്വന്തമാക്കിയത്. ഇതിനു പകരമായാണ് 54 കോടിയുടെ ഭൂമി തിരികെക്കിട്ടുന്നത്.

ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. പട്ടേലിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് ക്ലബ്ബിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്‌സ് സ്ഥാപിക്കാനാണ് ഭൂമി കൈമാറുന്നത്. റോഡ്, ആശുപത്രി തുടങ്ങിയ പൊതു ആവശ്യങ്ങൾക്കായി ഏറ്റെടുത്ത ഭൂമിയായിരുന്നു ഇത്. പദ്ധതി വ്യവസ്ഥയിൽ ഇളവ് വരുത്തിയാണ് പട്ടേലിന് അനുകൂലമായ തീരുമാനം എടുത്തത്.

പട്ടേലിന് അനുകൂലമായ തീരുമാനം എടുക്കുന്നതിന് ഗുജറാത്ത് കായിക മന്ത്രി നനുഭായി വനാനി മുനിസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന കോർപ്പറേഷൻ യോഗം മന്ത്രിയുടെ നിർദ്ദേശത്തിന് അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഭൂമി കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. ഒൻപത് അംഗ കമ്മറ്റിയിൽ ഏക കോൺഗ്രസ് അംഗത്തിന്റെ എതിർപ്പ് മറികടന്നാണ് പട്ടേലിന് ഭൂമി കൈമാറാൻ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചത്. മോദിയുടെ കോട്ട് വാങ്ങിയതിന്റെ പ്രത്യുപകാരമാണ് ഭൂമി കൈമാറാനുള്ള തീരുമാനമെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP