Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുപിടിച്ചാൽ വമ്പന്മാർ പിണങ്ങുമെന്ന് പേടി; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കണ്ണിൽ പൊടിയിടൽ തന്ത്രവുമായി മോദി; കള്ളപ്പണ നിക്ഷേപക്കാരുടെ പേരുകൾ വെളിപ്പെടുത്തി തടിയൂരാൻ കേന്ദ്രസർക്കാർ ശ്രമം

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുപിടിച്ചാൽ വമ്പന്മാർ പിണങ്ങുമെന്ന് പേടി; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കണ്ണിൽ പൊടിയിടൽ തന്ത്രവുമായി മോദി; കള്ളപ്പണ നിക്ഷേപക്കാരുടെ പേരുകൾ വെളിപ്പെടുത്തി തടിയൂരാൻ കേന്ദ്രസർക്കാർ ശ്രമം

ന്യൂഡൽഹി: എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, വടിവാള്.. എല്ലാം വെറുതേയായി. ഒടുവിൽ പവനായി ശവമായി എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ബിജെപി നേതാക്കൾ ഒന്നടങ്കം പറഞ്ഞുകൊണ്ടിരുന്നത് അധികാരമേറ്റ് ദിവസങ്ങൾക്കകം വിദേശ ബാങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപം തിരികെ എത്തിക്കുമെന്നായിരുന്നു. എന്നാൽ അധികാരമേറ്റ് ഇത്രയും കാലമായിട്ടും അതിന് വേണ്ട നടപടികൾ സ്വീകരിക്കാത്ത മോദി സർക്കാർ ഒടുവിൽ വിദേശത്തെ കള്ളപ്പണ നിക്ഷേപം എളുപ്പം ഇന്ത്യയിലെത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് തടിയൂരാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. എന്നാൽ മാദ്ധ്യമങ്ങളിലൂടെ വിമർശനം ഉയർന്നതോടെ മോദി തടി രക്ഷിക്കാനുള്ള പൊടിക്കൈയ്കൾ പ്രയോഗിക്കാൻ തയ്യാറായി രംഗത്തെത്തി.

വിദേശ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ള കുറച്ചാളുകളുടെ പേരുകൾ വെളിപ്പെടുത്താനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. നേരത്തെ വിദേശബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.

പേര് വെളിപ്പെടുത്തുന്നത് ഇരട്ട നികുതി ഒഴിവാക്കൽ കരാർ ലംഘനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റ നിലപാട്. എന്നാൽ ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് മാറ്റുന്നതെന്നാണ് സൂചന. എന്നാൽ ഈ നിലപാട് മാറ്റത്തെ സുപ്രീംകോടതി ഏതുരീതിയിലാവും പരിഗണിക്കുക എന്നതും ശ്രദ്ധേയമായിരിക്കും. ദീപാവലി അവധിക്കുശേഷം ഒക്ടോബർ 28ന് ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ വീണ്ടും വാദംതുടരും. അപ്പോഴായിരിക്കും കേന്ദ്രം നിലപാടറിയിക്കുക.

കള്ളപ്പണം രാജ്യത്ത് തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികാരത്തിലെത്തിയ ഉടനെതന്നെ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സ്വിസ് ബാങ്കിന്റെ കണക്ക് പ്രകാരം 2013 ഡിസംബർവരെ 14,000 കോടി രൂപയാണ് ഇന്ത്യക്കാർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങൾ നൽകാമെന്ന് സ്വിസ് സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഉന്നതതലത്തിൽ നടത്തിയ ചർച്ചയെതുടർന്നാണ് വിവരങ്ങൾ കൈമാറാമെന്ന് ധാരണയായത്.

അതേസമയം കള്ളപ്പണ നിക്ഷേപമുള്ളവരിൽ നല്ലൊരു പങ്കും ഉന്നത കോർപ്പറേറ്റ് ബിസിനസുകാരും രാഷ്ട്രീയക്കാരുമുണ്ട്. അതുകൊണ്ട് തന്നെ സമ്മർദ്ദങ്ങൾക്ക് മോദിക്കും വഴങ്ങേണ്ടി വരുമെന്നാണ് അറിയുന്നത്. വിദേശബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ പരിഹസിച്ച് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാങ്കുകളിൽ നിന്ന് കള്ളപ്പണം തിരിച്ചെടുക്കാത്തപക്ഷം നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്നാണ് മോദി ഇപ്പോൾ നയം മാറ്റിയിരിക്കുന്നത് എന്നാണ് അറിയുന്നത്.

കള്ളപ്പണം പ്രധാന പ്രശ്‌നമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനങ്ങൾക്ക് വാഗ്ദാനം നൽകുമ്പോൾ ഓർക്കണമായിരുന്നു. അഞ്ചു മാസത്തെ ഭരണത്തിനിടെ ലോക്പാൽ നിയമനത്തിലും സർക്കാർ ഒന്നും ചെയ്തില്ലെന്ന് അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. ഹസാരെ സമരം ആരംഭിച്ചാൽ അത് മോദി സർക്കാറിന് തുടക്കത്തിൽ തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ കൂടി പരിഗണിച്ചാണ് കള്ളപ്പണക്കാരുടെ വിവരം കേന്ദ്രസർക്കാർ പുറത്തുവിടുന്നത്. എന്നാൽ തെരഞ്ഞെടുത്ത പേരുകൾ മാത്രമായിരിക്കും പുറത്തുവിടുക എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP