Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോത്തിനെ മുട്ടി വിമാനം നിന്നത് സൂറത്തിൽ മാത്രമല്ല; കൊച്ചി അടക്കം ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ മൃഗങ്ങളുടെ ആക്രമണം പതിവ്

പോത്തിനെ മുട്ടി വിമാനം നിന്നത് സൂറത്തിൽ മാത്രമല്ല; കൊച്ചി അടക്കം ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ മൃഗങ്ങളുടെ ആക്രമണം പതിവ്

സൂറത്ത്: പോത്തിനെന്താ സൂറത്ത് വിമാനത്താവളത്തിൽ കാര്യം...?. ഇവിടെ പോത്തിനെ മുട്ടി വിമാനം നിന്നുവെന്ന വാർത്തയറിഞ്ഞപ്പോൾ പലരും ചോദിച്ച ചോദ്യമാണിത്. എന്നാൽ സൂറത്ത് വിമാനത്താവളത്തിൽ മാത്രമല്ല കൊച്ചിയടക്കമുള്ള ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും മൃഗങ്ങളുടെ ആക്രമണവും വിളയാട്ടവും പതിവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൂറത്തിലെ വിമാനത്താവളത്തിലെ റൺവേയിൽ പോത്തിനെ മുട്ടി സ്‌പൈസ്ജറ്റ് എയർക്രാഫ്റ്റിന്റെ ഒരു വിമാനം നിന്നുപോയത്. വിമാനത്താവളങ്ങളുടെ പരിസരത്തിൽ വളരുന്ന പുല്ലുകൾ കന്നുകാലികളെ ആകർഷിക്കുന്നുവെങ്കിൽ ഈ പരിസരങ്ങളിലുള്ള മാലിന്യങ്ങൾ കൊത്തിവലിക്കാൻ പക്ഷികളും എത്തുന്നുണ്ട്. ഇതു മൂലം പക്ഷികളെയും മൃഗങ്ങളെയുമിടിച്ച് വിമാനയാത്രകൾക്ക് പ്രശ്‌നങ്ങളുണ്ടാകുന്നത് നിത്യസംഭവമായിരിക്കുന്നു. ഇത്തരത്തിലുള്ള ' വൈൽഡ് സ്‌ട്രൈക്ക്‌സ്' കഴിഞ്ഞ വർഷങ്ങളിലായി പെരുകി വരികയാണെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഡാറ്റകൾ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താൽ വിമാനയാത്രക്കാർ കടുത്ത ഭീഷണിയാണ് നേരിടുന്നത്

മൃഗങ്ങളും പക്ഷികളും മൂലം ഭീഷണി നേരിടുന്ന 18 വിമാനത്താവളങ്ങളുടെ ഒരു പട്ടിക ഡിജിസിഎ പുറത്തിറക്കിയിരിക്കുന്നു. ആറ് മെട്രോ നഗരങ്ങളിലുള്ള വിമാനത്താവളങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ 18ൽ ഉദയ്പൂർ, കൊച്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, നാഗ്പൂർ എന്നീ വിമാനത്താവളങ്ങളുടെ സ്ഥിതി പാടെ അബദ്ധമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഡിസംബർ 20 ന് ഈ 18 വിമാനത്താവളങ്ങളും പരിശോധിക്കാൻ ടീമുകളെ ഡിജിസിഎ നിയോഗിച്ചിരിക്കുയാണ്. എയർലൈനുകളിൽ നിന്നുള്ള സേഫ്റ്റി പൈലറ്റുമാർ ഈ റെഗുലേറ്ററി ടീമുകളെ അനുഗമിക്കും. മേൽപ്പറഞ്ഞ അഞ്ച് വിമാനത്താവളങ്ങളും പരിശോധിക്കാനെത്തുന്നത്. ഡിജിസിഎയുടെ ഹെഡ് ഓഫ് സേഫ്റ്റിയായ ലളിത് ഗുപ്തയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ്‌.

സൂറത്തിൽ പോത്തിനെ ഇടിച്ച് വിമാനം നിന്ന സംഭവം ഏവിയേഷൻ അഥോറിറ്റികളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. വിമാനത്താവളങ്ങളുടെ നവീകരണത്തിനും അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുമായി ആയിരക്കണക്കിന് കോടികൾ മുടക്കിയതിന് നേരെയും ഈ അവസരത്തിൽ ചോദ്യങ്ങൾ ഉയരുന്നുമുണ്ട്. ഇന്ത്യയിലെ വ്യോമയാന ഗതാഗത രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.

വിമാനത്താവളങ്ങൾക്ക് ചുറ്റും സുരക്ഷാമതിലുകൾ നിർമ്മിക്കാറുണ്ടെങ്കിലും അത് അധികകാലം നിലനിൽക്കാറില്ല. മിക്കവാറും വിമാനത്താവളങ്ങൾക്ക് ചുറ്റും ഗ്രാമങ്ങളാണുള്ളത്. ഗ്രാമീണർ ഇത്തരം സുരക്ഷാ മതിലുകൾ തകർക്കുകയും വിമാനത്താവളത്തിലെ പുല്ല് തിന്നാൻ വിടുന്നതും പതിവാണ്. അതിനാൽ വിമാനത്താവളങ്ങളുടെ അതിർത്തികളിൽ സുരക്ഷാമതിലുകൾ തീർത്തതു കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ആരും അതിർത്തി ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മുഴുവൻ സമയ സെക്യൂരിറ്റി നിയോഗിക്കുകയാണ് വേണ്ടതെന്ന് സൂറത്ത് വിമാനത്താവളത്തിനടുത്തുള്ള ചിലർ അഭിപ്രായപ്പെടുന്നു.

സൂറത്തിലെപ്പോലുള്ള ചില വിമാനത്താവളങ്ങൾക്കരികിൽ മീൻപിടിക്കുന്ന കുളങ്ങളുണ്ട്. ഇവിടുത്തെ മത്സ്യ അവശിഷ്ടങ്ങൾ കൊത്തിത്തിന്നാൻ പക്ഷികൾ കൂട്ടമായെത്തുന്നതും പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. വിമാനങ്ങൾ പറന്നുയരുമ്പോൾ പക്ഷികളുമായി കൂട്ടിയിടിക്കാനും പ്രശ്‌നങ്ങളുണ്ടാകാനും ഇത് വഴിയൊരുക്കുന്നു. പക്ഷികളുമായി കൂട്ടിയിടിക്കുമെന്നത് അഹമ്മദാബാദ് എയർപോർട്ടിലെ വിമാനങ്ങളുടെ എക്കാലത്തെയും പേടിസ്വപ്നമാണ്.

വിമാനത്താവളങ്ങളിൽ പക്ഷികളും മൃഗങ്ങളുമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഗുരുതരമായ പ്രശ്‌നമാണെന്ന് സൂചിപ്പിച്ച് ഡിജിസിഎ ഈ വർഷം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഇതുമൂലം എയർക്രാഫ്റ്റുകൾ/ എൻജിനുകൾ എന്നിവയ്ക്ക് റിപ്പയർ വേണ്ടി വരുന്നുവെന്നും വിമാനങ്ങൾ വൈകാനും ക്യാൻസൽ ചെയ്യാനും അത് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.

1934ലെ എയർക്രാഫ്റ്റ് ആക്ട് പ്രകാരം വിമാനത്താവള പരിസരങ്ങളിൽ പക്ഷിമൃഗാദികളെ അറക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വിമാനത്താവളത്തിന് ചുറ്റും പത്ത് കിലോമീറ്റർ വ്യാസത്തിൽ മാലിന്യം നിക്ഷേപിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാൽ മിക്ക എയർപോർട്ടുകളുടെ പരിസരങ്ങളിലും ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന കാഴ്ചയാണുള്ളത്. മിക്ക് സംസ്ഥാനങ്ങളും ഈ നിയമലംഘനത്തിനെതിരെ നടപടിയൊന്നുമെടുക്കുന്നില്ലെന്നും ഡിജിസിഎ ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP