Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശോധനകൾ തുടങ്ങിയപ്പോൾ നമ്മൾ കഴിക്കുന്നതെല്ലാം വിഷം; 38 വിവാദ ബ്രാൻഡുകളുടെ ബ്രെഡിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി

പരിശോധനകൾ തുടങ്ങിയപ്പോൾ നമ്മൾ കഴിക്കുന്നതെല്ലാം വിഷം; 38 വിവാദ ബ്രാൻഡുകളുടെ ബ്രെഡിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി

ന്യൂഡൽഹി: ബ്രെഡുകൾ കഴിക്കുന്നവർ സൂക്ഷിക്കുക! മുപ്പത്തിയെട്ട് ബ്രെഡ് ബ്രാൻഡുകളിൽ മാരകമായ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്നു റിപ്പോർട്ട്. ബ്രഡ്, ബൺ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കേന്ദ്ര പരിസ്ഥിതി, ശാസ്ത്ര വകുപ്പാണ് (സി.എസ്.ഇ.) പരിശോധന നടത്തിയത്.

വിവിധ രാജ്യങ്ങൾ നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവയുടെ സാന്നിധ്യം ബ്രെഡ് അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ പരിശോധനയിൽ സ്ഥിരീകരിച്ചു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ മനുഷ്യരിൽ അർബുദത്തിനു കാരണമാകും.

കൂടാതെ തൈറോയിഡിൽ ക്രമഭംഗമുണ്ടാക്കാനും ഇവയ്ക്കാകും. സി.എസ്.ഇയുടെ പോല്യൂഷൻ മോണിറ്ററിങ് ലബോറട്ടറിയിലാണ് (പി.എം.എൽ.) പരിശോധന നടത്തിയത്. ഡൽഹിയിൽ സുലഭമായി കിട്ടുന്ന ബർഗർ ബ്രെഡ്, പിസാ ബ്രെഡ് എന്നിവയിലും പായ്ക്ക് ചെയ്ത വിവിധ തരത്തിലുള്ള ബ്രാൻഡുകളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തി. സി.എസ്.ഇയുടെ റിപ്പോർട്ട് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.

ബേക്കറി, ബ്രഡ് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. എന്നാൽ, ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കൾ ഒഴിവാക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എക്‌സ്‌പേർട്ട് കമിറ്റി ഓൺ ഫുഡ് ആഡിറ്റീവ്‌സ് താക്കീത് നൽകിയിട്ടുണ്ട്. ഭക്ഷണ പാദാർഥങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റ് കലർത്തുന്നത് യൂറോപ്യൻ യൂനിയൻ, കാനഡ, നൈജീരിയ, ബ്രസീൽ, സൗത്തുകൊറിയ, പെറു തുടങ്ങി നിരവധി രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. 2001ൽ ശ്രീലങ്കയിലും 2005 ൽ ചൈനയിലും ഇത് നിരോധിച്ചു.

വയറുവേദന, വയറിളക്കം, ഛർദി, വൃക്ക ക്ഷയം, കേൾവികുറവ്, തലകറക്കം, മൂത്രസംബന്ധമായ അസുഖങ്ങൾ, ഹൈപ്പർ ടെൻഷൻ, വിഷാദം, ഞെരമ്പുകളെ ബാധിക്കുന്ന അസുഖങ്ങൾ എന്നിങ്ങനെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രാസഘടകമാണ് പൊട്ടാസ്യം ബ്രോമേറ്റ്. ബ്രെഡ് പോലുള്ള ആഹാരപദാർഥങ്ങളിൽ ഇത് ചേരുന്നതു മൂലം ഭക്ഷ്യവസ്തുവിലെ പോഷകാംശങ്ങളും വിറ്റമിനുകളും കൊഴുപ്പും ക്രമാതീതമായി കുറയും. ബ്രോമേറ്റ് ചേരുമ്പോൾ ധാന്യപൊടിയിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡിന്റെ തോത് കുറയുന്നുവെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ ബ്രഡിലും ബേക്കറി ഉൽപന്നങ്ങളിലും അനുവദനീയമായ അളവിൽ പൊട്ടാസ്യം ബ്രോമേറ്റ് അല്‌ളെങ്കിൽ പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നൽകിയിട്ടുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ്‌സ് റെഗുലേഷൻസ് പ്രകാരം ഒരു കിലോ ഗ്രാം ബ്രെഡിൽ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റ് /പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാവുന്നതിന്റെ പരിധി. മറ്റു ബേക്കറി ഉൽപന്നങ്ങളിൽ ഇത് ഒരു കിലോക്ക് 20 മില്ലി ഗ്രാം എന്ന തോതിലും ഉപയോഗിക്കാം. പുതിയ പഠനങ്ങളിൽ ബ്രെഡ്, ബൺ ഉൽപന്നങ്ങളിലും ബേക്കറി ഉൽപന്നങ്ങളിലുമെല്ലാം ഇത്തരം രാസപദാർഥങ്ങളുടെ അളവ് കൂടുതലാണെന്ന് കണ്ടത്തെിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP