Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോഗയിൽ പ്രശ്‌നമില്ല; വ്യായാമം ഞായറാഴ്ച ആക്കുന്നതിലാണ് ആശങ്ക; സൂര്യനമസ്‌കാരത്തിൽ നിലപാടുമായി ക്രൈസ്തവ സഭകൾ; പ്രധാന ചടങ്ങുകളെല്ലാം മോദിസർക്കാർ ഞായറാഴ്ചയാക്കുന്നതിനെതിരെ മാർ ക്ലീമീസ്

യോഗയിൽ പ്രശ്‌നമില്ല; വ്യായാമം ഞായറാഴ്ച ആക്കുന്നതിലാണ് ആശങ്ക; സൂര്യനമസ്‌കാരത്തിൽ നിലപാടുമായി ക്രൈസ്തവ സഭകൾ; പ്രധാന ചടങ്ങുകളെല്ലാം മോദിസർക്കാർ ഞായറാഴ്ചയാക്കുന്നതിനെതിരെ മാർ ക്ലീമീസ്

തിരുവനന്തപുരം: ജൂൺ 21ന് നടക്കുന്ന രാജ്യാന്തര യോഗാദിനം ചരിത്രമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുമ്പോൾ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ. യോഗയുമായി ബന്ധപ്പെട്ട ചടങ്ങ് ഞായറാഴ്ചയായതാണ് കെസിബിസി ഉയർത്തുന്ന പ്രശ്‌നം. യോഗയെ എതിർക്കുന്നില്ല. അതിനെ മതപരമായി കാണുന്നില്ല. പക്ഷേ ഇത്തരമെല്ലാം ചടങ്ങുകളും ഞായറാഴ്ചയാകുന്നു. ക്രൈസ്തവരുടെ പ്രാർത്ഥനാ ദിനത്തിൽ സർക്കാർ പരിപാടി വരുന്നതിനെയാണ് ക്രൈസ്തവ സഭകൾ എതിർക്കുന്നത്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് വ്യക്തമാക്കി.

എന്നാൽ ഐക്യരാഷ്ട്ര സഭയാണ് മെയ്‌ 21നെ യോഗാ ദിനമായി പ്രഖ്യാപിച്ചത്. ഈ ദിവസം രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗയുമായി ബന്ധപ്പെട്ട പരിപാടികളുണ്ട്. സൂര്യനമസ്‌കാരത്തേയും ഉൾപ്പെടുത്തി. എന്നാൽ ഇതിനെതിരെ ചില മുസ്ലിം സംഘടനകൾ രംഗത്ത് വന്നു. തുടർന്ന് സൂര്യനമസ്‌കാരത്തെ പരിപാടിയിൽ നിന്ന് ഒഴിവാക്കി. അതിനിടെയിൽ യോഗയെ പൂർണ്ണമായും പിന്തുണച്ച് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളും സജീവമായി. അതിനിടെയാണ് ഞായറാഴ്ച വിവാദവുമായി യോഗയെ പിന്തുണച്ച് ക്രൈസ്തവ സഭയും സജീവമാകുന്നത്.

ഈ മാസം 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണം ചരിത്രമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. രാജ്പഥിൽ അരലക്ഷം പേരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ ചെയ്യുമെന്ന് ഉറപ്പായതോടെ പരിപാടി ഗിന്നസ് റെക്കാഡിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ആയുഷ് മന്ത്രാലയം. കനത്ത സുരക്ഷ ഒരുക്കേണ്ടതിനാൽ ആഭ്യന്തര മന്ത്രാലയവും ആസൂത്രണം തുടങ്ങിക്കഴിഞ്ഞു. 30 കോടിയാണ് ചടങ്ങിനായി െചലവഴിക്കുന്നത്. പ്രവേശന ടിക്കറ്റുകൾ ബാർ കോഡുള്ളവയാണ്.

ഐക്യരാഷ്ട്രസഭയിൽ കഴിഞ്ഞ വർഷം ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന് 175 രാജ്യങ്ങൾ പിന്തുണ നൽകിയതോടെയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ തീരുമാനമായത്. രാജ്പഥിൽ നടക്കുന്ന യോഗ പരിപാടിക്ക് സമാന്തരമായി 190 രാജ്യങ്ങളിലെ 250 നഗരങ്ങളിലും പരിപാടി നടക്കുമെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികൾ അതിന് നേതൃത്വം നൽകും. പരിപാടിക്കുള്ള പ്രത്യേക പോർട്ടൽ നാളെ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും ശ്രീപദ് നായികും ചേർന്ന് പ്രകാശനം ചെയ്യും. 21,22 തീയതികളിൽ 18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യോഗ അന്താരാഷ്ട്ര സെമിനാറും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്.
യോഗ പരിപാടിയിലേക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരെയും കേന്ദ്രം ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടി ഫോട്ടോ വരുത്തുവാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് ആരോപണം.

രണ്ട് റെക്കോർഡുകളാണ് ചടങ്ങിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഏറ്റവും വലിയ യോഗ ക്ലാസ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒരു യോഗ ക്ലാസിൽ പങ്കെടുപ്പിക്കുന്നു എന്നിവയാണ് റെക്കോർഡിനു പരിഗണിക്കുന്നത്. പുലർച്ചെ 4.15നും 4.30നും ഇടയിൽ വേണം പങ്കെടുക്കുന്നവർ 1400 മീറ്റർ നീളമുള്ള രാജ്പഥിലെത്തേണ്ടത്. സർക്കാർ ഉദ്യോഗസ്ഥർ 5.30ന് എത്തണം. ഓരോ 50 മാറ്റുകൾക്കു വേണ്ടി കൃത്യത പരിശോധിക്കുന്നതിനായി വളന്റിയർ ഉണ്ടാകും. ഗിന്നസ് അധികൃതരുടെ നിബന്ധനകൾ അനുസരിച്ചാണ് ചടങ്ങു നടത്തുന്നത്.ഇവ പരിശോധിക്കാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിന്റെ അധികൃതരും ചടങ്ങ് വീക്ഷിക്കാനെത്തും.

കന്യാകുമാരി ആസ്ഥാനമാക്കിയ സന്നദ്ധസംഘടനയായ വിവേകാനന്ദ കേന്ദ്രയ്ക്കാണ് നിലവിൽ ഒരു യോഗ ക്ലാസിൽ ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ചതിനുള്ള റെക്കോർഡ്. 29,973 പേരാണ് അന്നു യോഗ ചെയ്തത്. 362 സ്‌കൂളുകളിൽ കുട്ടികളും പങ്കെടുത്തു. 2005 നവംബർ 19ന് ഗ്വാളിയോർ ജിവാജി സർവകലാശാലയിലായിരുന്നു അത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒരു യോഗ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ റെക്കോർഡ് നിലവിലാരും കരസ്ഥമാക്കിയിട്ടില്ലെന്ന് ഗിന്നസ് ബുക്ക് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP