Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐറ്റം നമ്പറും കുളിസീനും ഉള്ള പടങ്ങൾക്ക് സെൻസർ ബോർഡ് കടക്കാൻ കൈമടക്കും പെണ്ണും വിളമ്പും; ഷാരൂഖും സൽമാനും വരെ രാകേഷിന്റെ ഇടപാടുകാർ

ഐറ്റം നമ്പറും കുളിസീനും ഉള്ള പടങ്ങൾക്ക് സെൻസർ ബോർഡ് കടക്കാൻ കൈമടക്കും പെണ്ണും വിളമ്പും; ഷാരൂഖും സൽമാനും വരെ രാകേഷിന്റെ ഇടപാടുകാർ

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാകേഷ് കുമാറിന്റെ അറസ്റ്റോടെ, ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന വൻ കൈക്കൂലി ഇടപാടുകളെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ചെറുകിട സിനിമാ നിർമ്മാതാക്കളെ ചൂഷണം ചെയ്യുന്ന സ്ഥിരം കഥകളല്ല, പകരം ബോളിവുഡിലെ വൻകിടക്കാരെ തന്നെ വരുതിയിലാക്കി പണം കൊയ്ത കഥകളാണ് പുകയുന്നത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, വിദ്യ ബാലൻ, അജയ് ദേവ്‌ഗൺ തുടങ്ങിയ താരങ്ങൾ നായകവേഷങ്ങളിലെത്തിയ സിനിമകളുടെ നിർമ്മാതാക്കളുടെ കൈയിൽ നിന്നു വരെ, സെൻസർ സർട്ടിഫിക്കറ്റിനായി സെൻസർ ബോർഡ് ഉദ്യോഗസ്ഥർ കൈക്കൂലി പിടുങ്ങിയതിനുള്ള തെളിവ് സിബിഐക്ക് ലഭിച്ചുകഴിഞ്ഞു എന്നാണ് വാർത്തകൾ. ഐറ്റം നമ്പരുകളും കുളിസീനുകളും ഒക്കെയുള്ള താരചിത്രങ്ങളുടെ സെൻസറിങ് വൈകുന്നതോടെ ശതകോടികൾ വെള്ളത്തിലാകുന്ന നിർമ്മാതാക്കൾ എങ്ങനെയും പടം പെട്ടെന്ന് സെൻസർ കത്രിക കടന്ന് എത്താനായി പണവും റോളക്സ് വാച്ചുകളും തുടങ്ങി സെൻസർ ബോർഡ് അംഗങ്ങളുടെ ഏത് ഇംഗിതവും സാധ്യമാക്കി കൊടുക്കേണ്ട നിവൃത്തികേടിലേക്ക് എത്തിയത്രേ! ചൂടൻ രംഗങ്ങളിൽ കത്രിക വീഴാതിരിക്കാനും എത്രയും പെട്ടെന്ന് സിനിമ റിലീസാക്കാനുമാണ് ഇവർ ഇടപെട്ടത്.

സെൻസർ ബോർഡിൽ സമർപ്പിച്ച ചിത്രം മൂന്നോ നാലോ ദിവസത്തിനകം സ്ക്രീൻ ചെയ്യുന്നതിന് ഒന്നരലക്ഷം രൂപയായിരുന്നു, രാകേഷ് കുമാർ ഈടാക്കിയിരുന്ന കിമ്പളം. ഏഴോ എട്ടോ ദിവസത്തിനകം സ്ക്രീൻ ചെയ്താൽ മതിയെങ്കിൽ 25,000 രൂപയായി ഈ 'ഫീസ്' കുറയും. എന്നാൽ ഹ്രസ്വചിത്രങ്ങൾക്കു പോലും 15,000 രൂപ മുടക്കിയാൽ മാത്രമേ ഇവർ സമയത്തും കാലത്തും ചിത്രം സ്ക്രീൻ ചെയ്യുകയും അനുമതി നൽകുകയും ചെയ്യുമായിരുന്നുള്ളൂ.

അജയ് ദേവ്ഗണും കരീര കപൂറും അഭിനയിച്ച സിങ്കം റിട്ടേൺസ്, വിദ്യ ബാലന്റെ ബോബി ജസൂസ്, സൽമാൻ ഖാന്റെ കിക്ക്, തുടങ്ങിയവയൊക്കെ സെൻസറിങ് കടന്നെത്താൻ പ്രയാസം നേരിടുകയും ഒടുവിൽ ഇവയുടെ നിർമ്മാതാക്കൾ കൈക്കൂലി നൽകുകയും ചെയ്തു എന്നാണ് ചില സ്രോതസ്സുകളെ ആസ്പദമാക്കി വിദേശമാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഐറ്റം നമ്പരുകളും ചൂടൻ രംഗങ്ങളും കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ്, ഈ സിനിമകളുടെ നിർമ്മാതാക്കളിൽ നിന്ന് രാകേഷും കൂട്ടാളികളും കൈക്കൂലി ഈടാക്കിയത്.

റിലീസ് കാത്തിരിക്കുന്ന ഒരു ഷാരൂഖ് ഖാൻ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും രാകേഷ് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് സോഴ്സുകൾ പറയുന്നു. 3,600 പ്രിന്റുകളുമായി ദീപാവലി റിലീസിന് ഒരുക്കിയ ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളെയാണ് ഇവർ മുൾമുനയിൽ നിർത്തി പണം ആവശ്യപ്പെട്ടത്. ജനുവരിയിൽ രാകേഷ് കുമാർ ബോർഡിന്റെ സിഇഒ ആയി സ്ഥാനമേറ്റതുമുതൽ തന്നെ, ഈ സംഘം സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു. വൻകിട ഫിലിം സർട്ടിഫിക്കേഷൻ റാക്കറ്റാണ് ഇവർ കൊണ്ടുനടന്നിരുന്നത്. മുംബൈയിലെ വസതിയിൽ നടത്തിയ തെരച്ചിലിനു ശേഷം തിങ്കളാഴ്ചയാണ് സിബിഐ രാകേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ആർക്കുവേണ്ടിയാണ് കുമാറും സംഘവും ഈ റാക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നത് എന്നറിയാൻ മുംബൈയിലെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കയാണ് സിബിഐ.

ക്രമം തെറ്റിച്ചും കുമാർ സെൻസർ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്തിരുന്നതായി സിബിഐ ആരോപിക്കുന്നു. റോളക്സ്, റാഡോ തുടങ്ങിയ ആഡംബര വാച്ചുകളുടെ ശേഖരം തന്നെ കുമാറിന്റെ വീട്ടിൽ നടന്ന തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. വൻവിലമതിക്കുന്ന 33 വാച്ചുകളാണ് ഇവിടെ നിന്നു കണ്ടെത്തിയത്. ഇയാൾക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് കൈവശപ്പെടുത്തിയതിനു കേസ് എടുക്കാനാവുമോ എന്നു പരിശോധിച്ചുവരികയാണ്, സിബിഐ. കുമാറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും അന്വേഷണ ഏജൻസിയുടെ പരിശോധനയിലാണ്.

നേരത്തെ കുമാറിനു വേണ്ടി കൈക്കൂലി കൈമാറുന്നതിനിടെ ഒരു ഏജന്റും സെൻസർ ബോർഡ് ഉപദേശകസമിതി അംഗവും സിബിഐയുടെ പിടിയിലായിരുന്നു. ഛത്തിസ്‌ഗഡിൽ നിന്നുള്ള മോർ ദൗകി കെ ബിഹാവ് എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ശ്രീപതി മിശ്ര എന്ന ഏജന്റ് രാകേഷ് കുമാറിനു നൽകാനെന്ന പേരിൽ 70,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് മറ്റൊരു ഏജന്റ് രംഗത്തെത്തിയതോടെയാണ്, ഈ കൈക്കൂലി റാക്കറ്റിനു പിന്നാലെ സിബിഐ കൂടുന്നത്. തുടർന്ന് ഈ പണം കൈമാറുന്നതിനിടെ മിശ്ര അറസ്റ്റിലായി. മിശ്രയിൽ നിന്ന് പണം കൈപ്പറ്റിയ സെൻസർ ബോർഡ് അംഗം സർവേശ് ജയ്സ്വാളും പിടിയിലായി. അഞ്ചുലക്ഷം രൂപ കുമാറിന് കൈക്കൂലി നൽകിയാണ്, അദ്ദേഹത്തിനു വേണ്ടി കൈക്കൂലി സ്വരൂപിക്കാനുള്ള അവകാശം താൻ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ മിശ്ര വെളിപ്പെടുത്തിയതോടെ അന്വേഷണം മുറുകി. രാകേഷ് കുമാർ വൻബാനറുകളിൽ നിന്നും പണം വാങ്ങിയ വിവരം വെളിപ്പെടുത്തിയത് ജയ്സ്വാളാണ്.

അറസ്റ്റിനെ തുടർന്ന് രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്യുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ റെയിൽവെ പേഴ്സണൽ സർവീസിൽ നിന്നാണ് ചലച്ചിത്ര പഠനത്തിൽ ഡിപ്ലോമ ഹോൾഡറായ കുമാർ സെൻസർ ബോർഡിന്റെ തലപ്പത്തെത്തുന്നത്. അതല്ലാതെ, ചലച്ചിത്രങ്ങളുമായി കുമാറിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ബോർഡിലെ പ്രാദേശിക ഉദ്യോഗസ്ഥനായി പോലുമുള്ള പ്രവർത്തി പരിചയവും ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP