Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച നൂറു രഹസ്യഫയലുകൾ കേന്ദ്രം പുറത്തുവിട്ടിട്ടും ദുരൂഹത ഒഴിയുന്നില്ല; ചില രേഖകൾ മാത്രം പുറത്തുവിട്ടത് രാഷ്ട്രീയ മുതലെടുപ്പിനെന്നു കോൺഗ്രസ്

സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച നൂറു രഹസ്യഫയലുകൾ കേന്ദ്രം പുറത്തുവിട്ടിട്ടും ദുരൂഹത ഒഴിയുന്നില്ല; ചില രേഖകൾ മാത്രം പുറത്തുവിട്ടത് രാഷ്ട്രീയ മുതലെടുപ്പിനെന്നു കോൺഗ്രസ്

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 100 രഹസ്യരേഖകൾ കേന്ദ്രം പുറത്തുവിട്ടു. നേതാജിയുടെ 119-ാം ജന്മവാർഷിക ദിനത്തിൽ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യരേഖകൾ പുറത്തുവിട്ടത്.

ജവഹർ ലാൽ നെഹ്രു നേതാജിയെ യുദ്ധക്കുറ്റവാളിയെന്നു കാട്ടി കത്തെഴുതിയെന്നതടക്കമുള്ള രേഖകൾ പുറത്തുവിട്ടവയിൽ ഉണ്ടെന്നാണു റിപ്പോർട്ടുകൾ. അതിനിടെ, ചില രേഖകൾ മാത്രം പുറത്തുവിട്ടതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നു കോൺഗ്രസ് ആരോപിച്ചു.

ഡൽഹി നാഷണൽ ആർകൈവ്‌സ് ഒഫ് ഇന്ത്യയിൽ നടന്ന ചടങ്ങിലാണു ഡിജിറ്റൽ ആർക്കൈവ് മോദി അനാവരണം ചെയ്തത്. ഇത് ജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. സുഭാഷ് ചന്ദ്രബോസിന്റെ 12 കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ബോസിന്റെ തിരോധാനം സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളൊന്നും ഫയലുകൾ നൽകുന്നില്ലെന്ന് നേതാജിയുടെ ബന്ധു ചന്ദ്രകുമാർ ബോസ് അഭിപ്രായപ്പെട്ടു. വിമാനാപകടം സംബന്ധിച്ച് അവ്യക്തമായ വിവരങ്ങളുണ്ട്. നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്ര ബോസിനയച്ച കത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും വിമാനാപകടം സംബന്ധിച്ച് സാഹചര്യത്തെളിവുകളാണുള്ളതെന്നാണ് പറയുന്നത്.

സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷിച്ച മൂന്ന് കമ്മീഷനുകളിൽ ആദ്യ രണ്ടെണ്ണവും 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി മരിച്ചു എന്ന് തന്നെയാണ്. ആദ്യ രണ്ട് കമ്മീഷനുകളായ ഷാനവാസ് കമ്മീഷനും ഖോസ്‌ലാ കമ്മീഷനും ഈ നിഗമനത്തിലാണെത്തിയത്. മൂന്നാം കമ്മീഷനായ 1998ലെ മുഖർജി കമ്മീഷൻ മാത്രമാണ് വിമാനാപകടത്തിൽ മരിച്ചുവെന്ന കണ്ടെത്തൽ തള്ളിക്കളഞ്ഞത്.

സോവിയറ്റ് തടവറയിൽ കിടന്ന് മരിച്ചുവെന്നും അതല്ല ഉത്തർപ്രദേശിൽ ഗുംനാമി ബാബയായി 80കൾ വരെ ജീവിച്ചുവെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളും കഥകളുമാണ് പ്രചരിച്ചത്. പുതിയ രേഖകൾ പുറത്തു വിട്ടതോടെ 70 വർഷമായി തുടരുന്ന നേതാജിയുടെ തിരോധാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കു വിരാമമാകുമെന്നു കരുതുന്നുണ്ടെങ്കിലും ദുരൂഹതകൾ ഒഴിയുന്നില്ലെന്നാണു റിപ്പോർട്ടുകൾ.

കൊൽക്കത്തയിലുള്ള നേതാജിയുടെ ബന്ധുക്കൾ ബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ല. അതേ സമയം ഇത്തരം വാദങ്ങൾ തള്ളിക്കളഞ്ഞ ബോസിന്റെ മകൾ അനിത ബോസ് തന്റെ പിതാവ് കൊല്ലപ്പെട്ടത് വിമാനാപകടത്തിലാണെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്രിട്ടിഷ് രേഖയും വ്യക്തമാക്കിയത് 1945 ഓഗസ്റ്റ് 18 നടന്ന വിമാനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുഭാഷ് ചന്ദ്രബോസ് ആശുപത്രിയിൽ മരിച്ചു എന്നാണ്. ഏതായാലും ഘട്ടം ഘട്ടമായി ഫയലുകൾ പുറത്തുവിടാനാണ് കേന്ദ്രസർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP