Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയുടെ ജാവലിനെ തഴഞ്ഞ് ഇസ്രയേലിന്റെ സ്‌പൈക്ക്; പ്രതിരോധത്തിന് ഇന്ത്യയ്ക്ക് 80000 കോടി രൂപയുടെ പദ്ധതികൾ; അന്തർവാഹിനി നിർമ്മാണം കൊച്ചിയിലും

അമേരിക്കയുടെ ജാവലിനെ തഴഞ്ഞ് ഇസ്രയേലിന്റെ സ്‌പൈക്ക്; പ്രതിരോധത്തിന് ഇന്ത്യയ്ക്ക് 80000 കോടി രൂപയുടെ പദ്ധതികൾ; അന്തർവാഹിനി നിർമ്മാണം കൊച്ചിയിലും

ന്യൂഡൽഹി; ആറ് അന്തർവാഹിനികളുടെ നിർമ്മാണമുൾപ്പെടെ 80,000 കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ഇസ്രയേലിൽനിന്ന് എണ്ണായിരം ടാങ്ക് വേധ മിസൈലുകൾ വാങ്ങാനും 12 ഡോർണിയർ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനും പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കയുടെ ജാവലിൻ മിസൈലുകളെ തഴഞ്ഞാണ് ഇസ്രയേലിന്റെ സ്‌പൈക്ക് മിസൈലുകൾ വാങ്ങുന്നത്. ഇതിനായി 3200 കോടിയാണ് നീക്കിവയ്ക്കുന്നത്. മിസൈൽ വിക്ഷേപണത്തിനായി 321 ലോഞ്ചറുകളും വാങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ ജാവലിൻ മിസൈലിനുവേണ്ടി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്ത്യയുമായി ചേർന്ന് മിസൈൽ നിർമ്മിക്കാൻ തയ്യാറാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതെല്ലാം വേണ്ടെന്ന് വച്ചാണ് ഇസ്രയേൽ കരാർ.

80,000 കോടി രൂപയിൽ അരലക്ഷം കോടി രൂപ അന്തർവാഹിനികൾക്ക് മാത്രമായി നീക്കിവയ്ക്കും. അന്തർവാഹിനികളുടെ നിർമ്മാണ കരാർ കൊച്ചി കപ്പൽശാലയ്ക്കും ലഭിക്കും. മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവികളും പ്രതിരോധ വികസന ഓർഗനൈസേഷൻ മേധാവിയും മറ്റ് പ്രധാന ഉദ്യോഗസ്ഥന്മാരും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

ബംഗാളിലെ ഓർഡ്‌നൻസ് ഫാക്ടറിയിൽ നിന്ന് 362 കവചിത യുദ്ധവാഹനങ്ങൾ 662 കോടി രൂപയ്ക്ക് സേന സ്വന്തമാക്കും. 1761 റേഡിയോ റിലേ കണ്ടെയ്‌നറുകൾക്ക് 662 കോടി രൂപയും 363 കവചിത ചരക്കുവാഹനങ്ങൾക്ക് 1800 കോടിയും തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾക്ക് 740 കോടി രൂപയും വകയിരുത്തി. പന്ത്രണ്ട് ഡോർണിയർ വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന് നൽകും. 1850 കോടിയാണ് ഇതിന് വേണ്ടിവരുന്നത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയനുസരിച്ചാണ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. കാർ മുതൽ സോഫ്റ്റവേർ വരെ, ഉപഗ്രഹം മുതൽ അന്തർവാഹിനി വരെ, പേപ്പർ മുതൽ പവർ വരെ നിർമ്മിക്കാനുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. അന്തർവാഹിനികളുടെ നിർമ്മാണത്തിനുള്ള കരാർ രാജ്യത്തെ വിവിധ കപ്പൽശാലകളെ ഏല്പിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും കരാർ നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP