Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികുതിയുമില്ല സൗജന്യമായി സ്ഥലവും നൽകും; ആന്ധ്രയിലേക്കു ടെക്‌നോളജി കമ്പനികളുടെ ഒഴുക്ക്; നായിഡുവിന്റെ ലക്ഷ്യം 50 ലക്ഷം തൊഴിൽ; തിരിച്ചടി ഭയന്ന് കേരളവും തമിഴ്‌നാടും കർണാടകവും

നികുതിയുമില്ല സൗജന്യമായി സ്ഥലവും നൽകും; ആന്ധ്രയിലേക്കു ടെക്‌നോളജി കമ്പനികളുടെ ഒഴുക്ക്; നായിഡുവിന്റെ ലക്ഷ്യം 50 ലക്ഷം തൊഴിൽ; തിരിച്ചടി ഭയന്ന് കേരളവും തമിഴ്‌നാടും കർണാടകവും

വ്യവസായ സൗഹൃദ സമീപനത്തിലൂടെ ആന്ധ്രപ്രദേശിന്റെ മുഖഛായ മാറ്റിയ മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു. ഹൈദരാബാദിലെ ലോകത്തെ മുൻനിര ഐ.ടി. നഗരമാക്കി മാറ്റിയതിന് പിന്നിൽ നായിഡുവിന്റെ ദീർഘവീക്ഷണമുണ്ടായിരുന്നു. എന്നാൽ, ഹൈദരാബാദിന് മാത്രം വികസനം സമ്മാനിച്ച നായിഡുവിന് അധികാരത്തിൽ തുടരാനായില്ല. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ആന്ധ്രയുടെ മുഖ്യമന്ത്രിയായി തിരിച്ചെത്തിയ നായിഡു വീണ്ടും പഴയ വ്യവസായ സൗഹൃദ സംസ്ഥാനത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമം പുനരാരംഭിച്ചുകഴിഞ്ഞു.

ആന്ധ്രയിലെത്തുന്ന കമ്പനികൾക്ക് നികുതിയിളവും സൗജന്യ സ്ഥലവുമാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം. നായിഡുവിന്റെ നീക്കങ്ങൾ നെഞ്ചിടിപ്പോടെ കാണുന്നത് അയൽ സംസ്ഥാനങ്ങളായ കർണാടകവും തമിഴ്‌നാടുമാണ്. കേരളത്തെയും ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നികുതിയിളവ് പ്രഖ്യാപിച്ച് കമ്പനികളെ സ്വീകരിക്കാനുള്ള നായിഡുവിന്റെ നീക്കത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജലയളിതയും പരാതി ഉന്നയിച്ചിരുന്നു.

പുതിയ സംസ്ഥാനം എന്ന നിലയ്ക്കുള്ള പ്രത്യേക ഇളവുകളാണ് നികുതിയിളവുകളായി കമ്പനികൾക്ക് നൽകാൻ നായിഡുവിനെ പ്രാപ്തനാക്കുന്നത്. ബാംഗ്ലൂരും ചെന്നൈയിലും കേരളത്തിലുമുള്ള ഐ.ടി. ഹബ്ബുകളുടെ തകർച്ചയ്ക്കുമാത്രമേ നായിഡുവിന്റെ നീക്കങ്ങൾ വഴിവെക്കൂ എന്നാണ് ആശങ്ക. ഇന്ത്യയിലെ ഐ.ടി.വ്യവസായത്തിന്റെ 40 ശതമാനവും ബാംഗ്ലൂരിലാണ്. ആന്ധ്ര നൽകുന്ന വാഗ്ദാനങ്ങൾ ബാംഗ്ലൂരിന്റെ മേൽക്കോയ്മ അവസാനിപ്പിക്കുമെന്നാണ്.

അടുത്ത അഞ്ചുവർഷത്തിനിടെ ആന്ധ്രയിലേക്ക് ഇരുനൂറു കോടി ഡോളറിന്റെ ഐ.ടി.വ്യവസായത്തെ ആകർഷിക്കുകയെന്നതാണ് നായിഡുവിന്റെ ലക്ഷ്യം. സാങ്കേതിക മേഖലയിൽ 50 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, എല്ലാ വീട്ടിലെയും ഒരാളെയെങ്കിലും കമ്പ്യൂട്ടർ സാക്ഷരനാക്കുക, പുതിയ വ്യവസായ സംരംഭകർക്കായി പത്തുലക്ഷം ചതുരശ്ര അടി ഭൂമി തുടങ്ങി വിവിധ പദ്ധതികൾ അദ്ദേഹം മുന്നോട്ടുവെക്കുന്നു.

നവംബർ ആദ്യം ബാംഗ്ലൂരിലെത്തിയ നായിഡു വിവിധ കമ്പനി മേധാവികളുമായും വ്യവസായ സംരംഭകരുമായും ചർച്ചകൾ നടത്തിയിരുന്നു. സിസ്‌കോയുടെ കാമ്പസിലെത്തിയ നായിഡു അവിടുത്തെ ജീവനക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ആദ്യമായാണ് സിസ്‌കോ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പ്രഭാഷണത്തിനായി ക്ഷണിക്കുന്നത്. ഫഌപ്പ്കാർട്ട്, ഫസ്റ്റ് അമേരിക്കൻ കോർപറേഷൻ, ഐടിസി ഇൻഫോടെക്, എബിബി തുടങ്ങിയ കമ്പനികളുമായും നായിഡു ചർച്ച നടത്തിയിരുന്നു.

സിലിക്കൺ വാലിയിലെ പ്രശസ്ത ന്യൂജനറേഷൻ സ്ഥാപനമായ ന്യൂട്ടാനിക്‌സിന്റെ ബാംഗ്ലൂരിലെ കേന്ദ്രം ഉദ്ഘാടനം ചെയ്തതും നായിഡുവാണ്. അമേരിക്കൻ-ഇന്ത്യൻ വംശജനായ വിനോദ് ഖോസ്ലയാണ് ഈ സ്ഥാപനത്തിന് പിന്നിൽ, വിനോദ് ഖോസ്ലയുമായി ഒരുമണിക്കൂറോളം ചർച്ച ചെയ്യാനും നായിഡു തയ്യാറായി. ഇ-ഗവേണൻസ് എത്രത്തോളം ഫലപ്രദമാക്കാമെന്നതു സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്.

ആന്ധ്രയിലെ പിന്നോക്ക പ്രദേശമായ റായലസീമയിലേക്ക് കൂടുതൽ വ്യവസായികളെ ക്ഷണിക്കുകയെന്ന ലക്ഷ്യവുമായാണ് നായിഡു ബാംഗ്ലൂരിലെത്തിയത്. ബാംഗ്ലൂർ വിമാനത്താവളത്തിൽനിന്ന് വെറും 80 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളൂ എന്നത് അനുകൂലഘടകമായി മാറ്റുകയാണ് നായിഡുവിന്റെ ലക്ഷ്യം. വിജയവാഡ മേഖലയോട് കൂടുതൽ താത്പര്യം കാട്ടുന്നുവെന്ന പരാതി ഒഴിവാക്കാനും റായല സീമയുടെ വികസനത്തോടെ നായിഡുവിന് സാധിക്കും.

ഏതു വ്യവസായ സംരംഭകനെയും ആകർഷിക്കുന്നതാണ് നായിഡു മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനങ്ങൾ. സ്റ്റാമ്പ് ഡ്യൂട്ടി,ട്രാൻസ്ഫർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ തുടങ്ങിയവ 100 ശതമാനവും തിരിച്ചുനൽകുമെന്ന് നായിഡു വാഗ്ദാനം ചെയ്യുന്നു. ഭൂമി പാട്ടത്തിനോ സ്വന്തമായോ വാങ്ങുമ്പോൾ, ആദ്യ തവണ ഈ നികുതികളെല്ലാം സൗജന്യമായിരിക്കും. രണ്ടാം ഘട്ടത്തിൽ 50 ശതമാനം കിഴിവുനൽകും. ഭൂമി വിലയിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായ കിഴിവും നൽകും. വലിയ ഐ.ടി.സ്ഥാപനങ്ങൾക്ക് ഒരു ജീവനക്കാരന് 60000 രൂപ കണക്കിലും ചെറുകിട സ്ഫാനനങ്ങൾക്ക് 40000 രൂപ കണക്കിലുമാകും കിഴിവ്.

പുതിയ സംസ്ഥാനങ്ങളായതിനാൽ, ആന്ധ്രയ്ക്കും തെലംഗാനയ്ക്കും പ്രത്യേക ഇളവുകൾ ലഭിക്കും. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് നായിഡുവിന്റെ ലക്ഷ്യം. ആദായനികുതി, കേന്ദ്ര എക്‌സൈസ് നികുതി എന്നിവയിൽനിന്ന് പൂർണമായും ഇളവ് ലഭിക്കുമ്പോൾ, മറ്റ് ഇളവുകളും കേന്ദ്രത്തിൽനിന്നുണ്ടാകും. വ്യവസായികളെ ആകർഷിക്കാൻ നികുതി രഹിത കാലയളവ് നായിഡു ഉപയോഗിക്കുമ്പോൾ, അയൽ സംസ്ഥാനങ്ങൾ വെള്ളം കുടിക്കുമെന്ന് തീർച്ചയാണ്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP