Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.പിയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ കാറിൽനിന്നും ഇൻകം ടാക്‌സുകാർ റെയ്ഡ് നടത്തി പിടിച്ചെടുത്തത് 12 കോടി രൂപ; വീട്ടിൽനിന്നും കോടികളുടെ വജ്രാഭരണങ്ങളും

യു.പിയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ കാറിൽനിന്നും ഇൻകം ടാക്‌സുകാർ റെയ്ഡ് നടത്തി പിടിച്ചെടുത്തത് 12 കോടി രൂപ; വീട്ടിൽനിന്നും കോടികളുടെ വജ്രാഭരണങ്ങളും

ലക്‌നൗ: ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, ഗ്രേറ്റർ നോയിഡയിലെ ചീഫ് എൻജിനിയറുടെ കാറിൽനിന്ന് പിടിച്ചെടുത്തത് 12 കോടി രൂപ. എൻജിനിയറുടെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന രണ്ടുകിലോയോളം വരുന്ന വജ്രാഭരണങ്ങളും 12 ലക്ഷം രൂപയും.

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന യാദവ് സിങ് എന്ന എൻജിനിയറിൽനിന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ ഇത്രയും തുക കണ്ടെത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഇയാളുടെ വീട്ടിലും കമ്പനികളിലും റെയ്ഡ് നടന്നത്. മായാവതി സർക്കാരിന്റെ കാലത്ത് വഴിവിട്ട് കരാറുകൾ നൽകിയിതിലെ 954 കോടി രൂപയുടെ അഴിമതിക്കേസിൽ യാദവിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സസ്‌പെൻഷനിലായെങ്കിലും, 15 ദിവസത്തിനുശേഷം അതേ വിഭാഗത്തിൽ ചീഫ് എൻജിനിയറായി വീണ്ടും നിയമിക്കപ്പെടുകയായിരുന്നു യാദവ്. നോയ്ഡ, ഗ്രേറ്റർ നോയ്ഡ, യമുന എക്സ്‌പ്രസ്‌വേ ഡവലപ്‌മെന്റ് അഥോറിറ്റി എന്നിവയുടെ ചീഫ് എൻജിനിയറായാണ് ഇദ്ദേഹം നീയമിക്കപ്പെട്ടത്.

മായാവതി സർക്കാരിന്റെ കാലത്ത് നോയ്ഡയിലെ എല്ലാ നിർമ്മാണപ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത് യാദവാണ്. ഈ നിർമ്മാണക്കരാറുകൾ നൽകിയതിന് യാദവിന്റെ പേരിലുയർന്ന ആരോപണങ്ങളാണ് ഇപ്പോഴത്തെ പരിശോധനയ്ക്ക് വഴിവച്ചതെന്ന് ഇൻകംടാക്‌സ് ഡയറക്ടർ ജനറൽ കൃഷ്ണ സെയ്‌നി പറഞ്ഞു. ഇതേത്തുടർന്ന് ചീഫ് എൻജിനിയർ സ്ഥാനങ്ങളിൽനിന്നും യാദവിനെ ഒഴിവാക്കിയിട്ടുണ്ട്.

യാദവിന്റെ ഭാര്യ കുസും ലത ഡയറക്ടറായിരുന്ന മക്‌കോൺ ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ രാജേന്ദ്ര മനോച്ചയുടെ വീട്ടിൽ നടത്തിയ പരിശോധനയാണ് വൻതോതിലുള്ള സമ്പാദ്യത്തിലേക്ക് വഴിതെളിച്ചത്. ഇവിടെനടത്തിയ പരിശോധനയിൽ, സോഫയ്ക്കകത്ത് സൂക്ഷിച്ച നിലയിൽ കാറിന്റെ താക്കോൽ ലഭിക്കുകയായിരുന്നു. വീടിന് പുറത്തുനിർത്തിയിട്ടിരുന്ന കാറിന്റേതായിരുന്നു താക്കോൽ. കാറിന്റെ സീറ്റുകൾക്ക് താഴെ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് 12 കോടി രൂപ കാണപ്പെട്ടത്.

ഇതേത്തുടർന്നാണ് വീടുകളിൽ പരിശോധന നടന്നത്. ഇവിടെനിന്ന് 12 ലക്ഷം രൂപയും രണ്ടുകിലോ വജ്രാഭരണങ്ങളും ലഭിച്ചു. കുസും ലതയുടെ ബിസിനസ് പങ്കാളി അനിൽ പേഷ്വരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപയും 12.5 കോടിയുടെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. യാദവിന്റെയും ഭാര്യയുടെയും പേരിൽ 13 ബാങ്കുകളിലുണ്ടായിരുന്ന 13 ലോക്കറുകളും സീൽ ചെയ്തിട്ടുണ്ട്. ഇവിടെ പരിശോധന പൂർത്തിയായി വരുന്നതേയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP