Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളപുരോഗതിയിൽ മോദിയുടെ സഹകരണം തേടി പിണറായി; ഡൽഹിയിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ച; ഫെഡറൽ സമ്പ്രദായത്തിന്റെ അന്തസ്സത്തയ്ക്ക് മുതൽക്കൂട്ടെന്ന് കൂടിക്കാഴ്ചയെപ്പറ്റി പിണറായി ഫേസ്‌ബുക്കിൽ

കേരളപുരോഗതിയിൽ മോദിയുടെ സഹകരണം തേടി പിണറായി; ഡൽഹിയിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ച; ഫെഡറൽ സമ്പ്രദായത്തിന്റെ അന്തസ്സത്തയ്ക്ക് മുതൽക്കൂട്ടെന്ന് കൂടിക്കാഴ്ചയെപ്പറ്റി പിണറായി ഫേസ്‌ബുക്കിൽ

ന്യൂഡൽഹി: കേരളത്തിന്റെ പുരോഗതിയിൽ പ്രധാനമന്ത്രി സഹകരണം തേടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു ചരിത്രപരമായ കൂടിക്കാഴ്ച. ഫെഡറൽ സമ്പ്രദായത്തിന്റെ അന്തസ്സത്തയ്ക്ക് മുതൽക്കൂട്ടാണ് ഇരുവരുടെയും സന്ദർശനമെന്ന് പിണറായി ഫേസ്‌ബുക്ക് സന്ദേശത്തിൽ വ്യക്തമാക്കി.

'പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. കേരളത്തിന്റെ മുന്നോട്ടു പോക്കിൽ കേന്ദ്ര ഗവർമെന്റിന്റെ സഹകരണം അതിപ്രധാനമാണ്. ആരോഗ്യകരമായ കേന്ദ്രസംസ്ഥാന ബന്ധം യാഥാർത്ഥ്യമാകണം. ഫെഡറൽ സമ്പ്രദായത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കലും അനിവാര്യമായ കടമയാണ്. അതിലേക്കുള്ള മുതൽക്കൂട്ടായാണ് ഈ കൂടിക്കാഴ്‌ച്ചയെ കാണുന്നത്.' പിണറായി തന്റെ പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയായശേഷം പിണറായി വിജയൻ ആദ്യമായാണു ഡൽഹിയിലെത്തുന്നത്. ഡൽഹി വിമാനത്താവളത്തിൽ മലയാളി സംഘടനകളും സിപിഐ(എം) പ്രവർത്തകരും അദ്ദേഹത്തിന് ആവേശ്വോജ്വല സ്വീകരണമൊരുക്കി.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പിണറായിക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരെ കേരള ഹൗസിലേക്ക് പോയ പിണറായിക്ക് അവിടെയും വൻ വരവേൽപ്പാണ് ഒരുക്കിയിരുന്നത്.

ഉച്ചക്ക് 12ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുമായും 12.30ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായും പിണറായി കൂടിക്കാഴ്ച നടത്തി. ഏകീകൃത ചരക്കുസേവന ബിൽ (ജിഎസ്ടി ബിൽ) പാസാക്കുന്നതിന് മുഖ്യമന്ത്രിയോട് ജെയ്റ്റ്ലി പിന്തുണ തേടി.

വൈകീട്ട് ആറിനാണ് രാഷ്ട്രപതി പ്രണബ് മുഖർജിയുമായുള്ള കൂടിക്കാഴ്ച. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള കേരള കേഡർ ഐഎഎസുകാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സിപിഐഎം ഡൽഹി ഘടകം, ജനസംസ്‌കൃതി ഉൾപ്പെടെയുള്ള സംഘടനകൾ, കേരള ഹൗസ് ജീവനക്കാർ തുടങ്ങിയവരാണ് സ്വീകരണപരിപാടികൾ ഒരുക്കിയത്.

ഞായർ, തിങ്കൾ ദിവസങ്ങളിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗത്തിൽ പിണറായി പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് ഏഴിന് കേരള ഹൗസിൽ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ നൽകുന്ന സ്വീകരണത്തിലും പങ്കെടുക്കും.

നാളെ മുതൽ നടക്കുന്ന രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പിബി വിലയിരുത്തും. കോൺഗ്രസുമായി സഖ്യമുണ്ടാക്കിട്ടും ഫലംകാണാതെ പോയ ബംഗാളിനെക്കുറിച്ചായിരിക്കും പ്രധാന ചർച്ച. വി എസിന് എന്ത് പദവി നൽകണമെന്ന കാര്യവും പിബി ആലോചിക്കും. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തനിക്ക് വി എസ് നൽകിയ കുറിപ്പ് പിബി ചർച്ച ചെയ്യുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP