Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ എതിർപ്പ് പുകമറ സൃഷ്ടിക്കലിന് മാത്രമെന്ന് സൂചന; രാജ്യമെമ്പാടും ക്രിസ്മസ് ദിനത്തിൽ മതപരിവർത്തനം; ഹിന്ദുവാക്കുന്നതിൽ മഹാഭൂരിപക്ഷവും മിഷണറിമാർ ക്രിസ്ത്യാനിയാക്കിയവർ

മോദിയുടെ എതിർപ്പ് പുകമറ സൃഷ്ടിക്കലിന് മാത്രമെന്ന് സൂചന; രാജ്യമെമ്പാടും ക്രിസ്മസ് ദിനത്തിൽ മതപരിവർത്തനം; ഹിന്ദുവാക്കുന്നതിൽ മഹാഭൂരിപക്ഷവും മിഷണറിമാർ ക്രിസ്ത്യാനിയാക്കിയവർ

ഹിന്ദുമതത്തിലേക്കുള്ള പുനർ മതപരിവർത്തന പരിപാടികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനിഷ്ടം പ്രകടിപ്പിച്ചത് വെറും പുകമാത്രമോ? ക്രിസ്മസ് ദിനത്തിൽ രാജ്യമെമ്പാടും പുനർ മതപരിവർത്തന പരിപാടികൾ സംഘടിപ്പിക്കാൻ വിഎച്ച്പിയും ആർഎസ്എസ്സും തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

സർക്കാരിന്റെ വികസന നയങ്ങളെ മതപരിവർത്തന വിവാദം മറയ്ക്കുന്നുവെന്നാണ് പ്രധാനമന്ത്രി പരാതിപ്പെട്ടത്. തന്റെ പരാതി വിഎച്ച്പി നേതാക്കളെ മോദി നേരിട്ടറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മതപരിവർത്തന പരിപാടികൾ നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയതായി വിഎച്ച്പി നേതാക്കളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊന്നും ഫലത്തിൽ നടപ്പാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.

ക്രിസ്മസ് ദിനത്തിൽ രാംലീല മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന റാലിയെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 1920-കളിൽ പുനർ മതപരിവർത്തന പരിപാടികൾക്ക് തുടക്കമിട്ട ആര്യ സമാജം പുരോഹിതനായ സ്വാമി ശ്രദ്ധാനന്ദിനെ അനുസ്മരിക്കാനാണ് ചടങ്ങെന്നാണ് ആർഎസ്എസ് നൽകുന്ന വിശദീകരണം. എന്നാൽ, ഇസ്ലാം മതത്തിൽനിന്ന് പുനർമതപരിവർത്തനത്തിലൂടെ ഹിന്ദുമതത്തിൽ ചേർന്ന മീററ്റിൽനിന്നുള്ളവരെ ആദരിക്കാനാണ് ഈ ചടങ്ങെന്ന വാദവുമുണ്ട്. 1926 ഡിസംബർ 23-ന് ശ്രദ്ധാനന്ദ് കൊല്ലപ്പെടുകയായിരുന്നു.

ശ്രദ്ധാനന്ദിന്റെ ചരമവാർഷികം ഡിംസംബർ 23-നാണെങ്കിലും, ക്രിസ്മസ് ദിനത്തിൽ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പുനർ മതപരിവർത്തനം തുടരുകതന്നെചെയ്യുമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാംലീല മൈതാനത്തെ ചടങ്ങിലേക്ക് ഗുരു രാംദേവ്, കേന്ദ്രമന്ത്രി ഹർഷ് വർധൻ, ബിജെപി നേതാക്കളായ വിജയ് ഗോയൽ, മീനാക്ഷി ലേഖി, ആർഎസ്എസ് ജോയന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ തുടങ്ങിയവർക്ക് ക്ഷണമുണ്ട്.

ആർഎസ്എസ് നേരിട്ടല്ല റാലി സംഘടിപ്പിക്കുന്നത്. ആര്യസമാജവും മറ്റു ചില സംഘപരിവാർ സംഘടനകളും ചേർന്നാണ് സംഘാടനം. സ്വാമി ശ്രദ്ധാനന്ദ് കൊല്ലപ്പെട്ട ഓൾഡ് ഡൽഹിയിലെ നയാ ബസാറിൽനിന്നാണ് റാലി ആരംഭിക്കുന്നത്. 25,000 പേരെങ്കിലും റാലിയിൽ പങ്കെടുക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.

ഈ മാസമാദ്യം ആഗ്രയിൽ മുന്നൂറോളം മുസ്ലീങ്ങളെ പുനർ മതപരിവർത്തനം ചെയ്തതോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. എന്നാൽ, പിന്നീട് രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും മതപരിവർത്തന വാർത്തകൾ പുറത്തുവന്നു. കേരളത്തിലും ഒട്ടേറെ സംഭവങ്ങളുണ്ടായി. കൂടുതൽ പ്രദേശങ്ങളിലേക്കും മിഷണറിമാർ ക്രിസ്തുമതത്തിലേക്ക് ചേർത്ത ആളുകളെയാണ് പുനർ മതപരിവർത്തനത്തിന് വിഎച്ച്പിയും മറ്റും പ്രേരിപ്പിക്കുന്നത്.

ക്രിസ്തുമതത്തിന്റെ അധിനിവേശം തടയണമെന്ന് കഴിഞ്ഞദിവസം മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. പിന്നോക്കാർക്കിടയിലെ ദാരിദ്ര്യവും അജ്ഞതയും മുതലാക്കിയാണ് മതപരിവർത്തനം നടക്കുന്നതെന്നും അതിനെ അതേ നാണയത്തിൽത്തന്നെ നേരിടണമെന്നും ആർഎസ്എസ് തലവൻ ആവശ്യപ്പെട്ടു. പിന്നോക്കവിഭാഗങ്ങളെയും ആദിവാസികളെയും സാമ്പത്തികമായി സഹായിക്കുന്നതിന് ഹിന്ദുമതത്തിലെ മറ്റുള്ളവർ സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP