ത്രിപുരയിൽ സിപിഎം വേട്ട തുടർക്കഥ; ഇന്നലെ കഴുത്തറത്തുകൊല്ലപ്പെട്ടത് ബിജെപിയുടെ ഒമ്പതാമത്തെ ഇര; ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത് നൂറോളം പേർ; ബംഗാളിൽ തൃണമുൽ ആക്രമണത്തിന് സമാനമായ അവസ്ഥ ത്രിപുരയിലുമെന്ന് യെച്ചൂരി; പാർട്ടി ഓഫീസുകളും വീടുകളും തകർത്തു
June 20, 2018 | 07:15 PM IST | Permalink

മറുനാടൻ ഡെസ്ക്
അഗർത്തല : ത്രിപുരയിൽ ബിജെപിയുടെ സിപിഎം വേട്ട തുടർക്കഥയാകുന്നു. കല്യാണവീട്ടിൽ പോയി മടങ്ങിയ സിപിഎം നേതാവിനെ വഴിയിൽ തടഞ്ഞ് ബിജെപി പ്രവർത്തകർ കഴുത്ത് കുത്തിക്കീറിയാണ് കൊലപ്പെടുത്തിയത്്. പാനിസാഗർ സബ് ഡിവിഷണൽ കമ്മിറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്. കൂർത്ത ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നും ത്രിപുരയിലെ സിപിഎം നേതൃത്വം വ്യക്തമാക്കി.
ത്രിപുരയിൽ ബിജെപി-ഐപിഎഫ്ടി സഖ്യസർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ സിപിഎം പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയാണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. ബിജെപിയുടെ ആക്രമണത്തിൽ ഇതുവരെ ഒമ്പതോളം പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടു. നൂറിലേറെ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ത്രിപുര സിപിഎം സെക്രട്ടറി ബിജാൻ ധർ വ്യക്തമാക്കി.
പലതവണ ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പാർട്ടി പ്രവർത്തകരെ കൊല ചെയ്യുന്നതിനു പുറമേ പാർട്ടി ഓഫീസുകളും, പ്രവർത്തകരുടെ വീടുകളും തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.കൊലപാതകത്തിൽ പ്രതിഷേധിച്ച് വടക്കൻ ത്രിപുരയിലെ പനിസാഗർ ബ്ലോക്കിൽ 24 മണിക്കൂർ പണിമുടക്കിന് സിപിഎം ആഹ്വാനം ചെയ്തു. പൊലീസ് പ്രതികളെ പിടിക്കാതെ കൈയും കെട്ടി നോക്കിനിൽക്കയാന്നെും സിപിഎം ആരോപിച്ചു. അതേ സമയം കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പനിസാഗർ സബ്ഡിവിഷനൽ പൊലീസ് ഓഫീസർ രജിബ് സുത്രധർ വ്യക്തമാക്കി.
രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നാല് നേതാക്കളാണ് ഈ പ്രദേശത്തുമാത്രം കൊല്ലപ്പെട്ടത്. അതേ സമയം ദിവസങ്ങൾ പിന്നിട്ടിട്ടും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെപ്പോലും പിടികൂടാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാൻധാർ ആവശ്യപ്പെട്ടു. കുടുംബത്തിന് നഷ്ടരിഹാരം നൽകണമെന്നും ധർ ആവശ്യപ്പെട്ടു.
1981 മുതൽ സിപിഎം ന്റെ സജീവപ്രവർത്തകനും ജില്ലാ പരിഷത്ത് അംഗവുമായിരുന്നു കൊല്ലപ്പെട്ട തപാസ്. ബംഗാളിൽ തൃണമൂലിൽനിന്ന് നേരിട്ടതിന് സമാനമായ അക്രമമാണ് ത്രിപുരയിൽ പാർട്ടി നേരിടുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടി സീതാറംയെച്ചൂരി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരണം.അക്രമങ്ങളിലൂടെ ത്രിപുരയിലെ പാർട്ടിയെ തകർക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.
