Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് സംഹാരശക്തിയോടെ ആന്ധ്രാ തീരത്തെത്തി; മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വിശാഖപട്ടണത്ത് ആഞ്ഞടിക്കുന്നു; വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി: അഞ്ച് മരണം

ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് സംഹാരശക്തിയോടെ ആന്ധ്രാ തീരത്തെത്തി; മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വിശാഖപട്ടണത്ത് ആഞ്ഞടിക്കുന്നു; വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി: അഞ്ച് മരണം

വിശാഖപട്ടണം: സംഹാരശക്തിയോടെ ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രാതീരത്ത് ആഞ്ഞടിച്ചു. പകൽ പതിനൊന്നോടെയാണ് കൊടുങ്കാറ്റ് ആന്ധ്രയുടെ വടക്കൻ തീരത്തേക്ക് കടന്നത്. കാറ്റെത്തിയതോടെ വിശാഖപട്ടണത്തും വിസാഗിലും ശക്തമായ മഴയും കാറ്റുമെത്തി. മഴയിലും കാറ്റിലും പെട്ട് അഞ്ചു പേർ കൊല്ലപ്പെട്ടു. വിശാഖപട്ടണത്ത് വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ പലയിടത്തും താറുമാറായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു.

മണിക്കൂറിൽ 170-180 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാതീരത്ത് വീശിയടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 190200 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. കൊടുങ്കാറ്റിന്റെ ശക്തിയിൽ കടലിൽ 30 മുതൽ 45 അടി വരെ തിരമാലകൾ ഉയരമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആറുമണിക്കൂർ കൂടി കാറ്റിന്റെ ശക്തി നിലനിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനുശേഷം വേഗം കുറയുമെങ്കിലും ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വിശാഖപട്ടണത്തിലെ കൈലാഷ് ഗിരിയിലാണ് കാറ്റ് കരതൊട്ടത്. വിശാഖപട്ടണത്തും ശ്രീകാകുളത്തുമായി മൂന്നു പേർ മരിച്ചു. രണ്ടുപേർ മരം വീണും ഒരാൾ വീടു തകർന്നുമാണ് മരിച്ചത്. ഒഡീഷയിലാണ് രണ്ടുപേർ മരിച്ചത്. മത്സ്യബന്ധനത്തിന് പോയവരാണ് ഒഡീഷയിൽ മരിച്ചത്.

ആന്ധ്രാപ്രദേശിലെ രണ്ടു തീരദേശ ഗ്രാമങ്ങൾ കടലെടുത്തു. കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെട്ടു, വൈദ്യുത തൂണുകൾ തകർന്നു, കെട്ടിടങ്ങൾ, മൊബൈൽ ടവറുകൾ തുടങ്ങിയവ തകർന്നു. വിശാഖപട്ടണത്തും ഗോപാൽപൂരിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പലയിടങ്ങളിലും കടലാക്രമണവും രൂക്ഷമാണ്. വിശാഖപട്ടണത്ത് നടക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനവും ഹുദ് ഹുദ് ചുഴലിക്കാറ്റിനെ തുടർന്ന് ഉപേക്ഷിച്ചു.

ആന്ധ്രയിൽ നിന്ന് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡീഷയിൽ 68,000 പേരെയാണ് ഒഴിപ്പിച്ചത്. ആന്ധ്രയിലെ തീരദേശ ജില്ലകളായ വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നിവക്ക് പുറമെ ഒഡിഷയിലെ ഗൻജം, ഗജപതി, റായഗഡ, കോരപുത്, മാൽകൻഗിരി, നബരംഗ്പുർ, കളഹന്ദി, കാണ്ഡമാൽ എന്നീ ജില്ലകളെയാണ് ചുഴലി ബാധിച്ചത്. ആന്ധ്രയിൽ അഞ്ചു ജില്ലകളിലുമായി 436 ഗ്രാമങ്ങളെയാണ് ചുഴലി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇരു സംസ്ഥാനങ്ങളിലും ദുരന്തം നേരിടാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാശനഷ്ടം കുറയ്ക്കാൻ സാധിക്കില്ലെങ്കിലും ആൾനാശം കുറയ്ക്കാനാണ് സംസ്ഥാനങ്ങൾ ലക്ഷ്യമിടുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശ ജില്ലകളിലെ കലക്ടർമാർ നേരിട്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. മൈക്കുകളിലൂടെ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പത്രങ്ങളിൽ പരസ്യങ്ങളും നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ആന്ധ്രയിൽ മുങ്ങൽ വിദഗ്ധരുടെ 15 സംഘങ്ങൾ എത്തിയിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ 20 ടീമുകളാണ് ആന്ധ്രപ്രദേശിൽ എത്തിയിട്ടുള്ളത്. സംസ്ഥാന ഗവർണമെന്റ് കൂടുതൽ സേന വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 370 അഭയാർത്ഥി ക്യാമ്പുകളാണ് സർക്കാർ ആന്ധ്രയിൽ തുറന്നിരിക്കുന്നത്. ഇന്ത്യൻ നേവിയും സുരക്ഷാ ദൗത്യത്തിൽ പങ്കാളികളാകും. കമ്മ്യൂണിക്കേഷൻ തകരാറിലാകാതിരിക്കാൻ സാറ്റലൈറ്റ് ഫോണുകളും സജ്ജമാക്കിയിട്ടുണ്ട്. ഒഡീഷയിൽ 16 ടീം ദുരന്തനിവാരണ സേനയാണ് എത്തിയിട്ടുള്ളത്. 300 അഭയാർത്ഥി കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ സിആർപിഎഫും വ്യോമസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും.

രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടെ ബോട്ടുകളും കപ്പലുകളും സജ്ജീകരിച്ചിട്ടുണ്ട്. മുങ്ങൽ വിദഗ്ദ്ധർ, ഡോക്ടർമാർ, റബ്ബർ ബോട്ടുകൾ, ഹെലികോപ്റ്ററുകൾ, ഭക്ഷണം, ടെന്റുകൾ, വസ്ത്രങ്ങൾ, മരുന്നുകൾ, കമ്പിളി പുതപ്പുകൾ തുടങ്ങിയവ കപ്പലുകളിൽ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാന കേന്ദ്രസർക്കാറുകൾ സംയുക്തമായാണ് എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ എന്തിനെയും നേരിടാൻ സുസജ്ജമായിട്ടുണ്ട് സർക്കാർ.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 38 ട്രെയിനുകൾ റദ്ദാക്കി. ഭുവനേശ്വർ - ബാംഗ്ലൂർ പ്രശാന്തി എക്സ്‌പ്രസ്, ഭുവനേശ്വർ വിശാഖപട്ടണം ഇന്റർസിറ്റി, ഭുവനേശ്വർ - യശ്വന്ത്പൂർ, ഭുവനേശ്വർ സെക്കന്തരാബാദ് വിശാഖ എക്സ്‌പ്രസ്, പുരി - ഓഖ എക്സ്‌പ്രസ് എന്നിവ റദ്ദാക്കിയവയിൽ പെടുന്നു. ഭുവനേശ്വർ - വിശാഖപട്ടണം റൂട്ടിൽ നാളെ രാവിലെ ആറ് മുതലുള്ള എല്ലാ മെയിൽ, എക്സ്‌പ്രസ്, പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഹൗറയിൽ നിന്നു യാത്രയാരംഭിച്ച് തെക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകൾ റായ്പുർ, നാഗ്പുർ വഴി തിരിച്ചുവിടും.

ആന്ധ്രയിലെ ഈസ്റ്റ്‌വെസ്റ്റ് ഗോദാവരി ജില്ലകൾ ചുഴലിയെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്കം നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്. ഒഡിഷയിലെ ബൻസധാര, റുസികുല്യ, നാഗബലി എന്നീ പുഴകളിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. അതിനിടെ, ഒഡിഷയിൽ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് ഒരുപെൺകുട്ടി മുങ്ങുകയും ആൺകുട്ടിയെ കാണാതാവുകയും ചെയ്തു. കെന്ദ്രപര ജില്ലയിലെ സതഭായ ഗ്രാമപഞ്ചായത്തിലാണ് സംഭവം.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈകിട്ടോടെ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രതീക്ഷിക്കുന്നത്. രാത്രി പത്തുവരെ കനത്ത മഴയും കാറ്റും തുടരും. ഒഡീഷ, ഝാർഖണ്ഡ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP