Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവരണ വിരുദ്ധർ രോഹിതിന്റെ ജീവിതം മറക്കാതെ വായിച്ചു പഠിക്കട്ടെ; ശബ്ദം ഉയർത്തിയതിന് ദളിത് വിദ്യാർത്ഥിയെ യൂണിവേഴ്‌സിറ്റി പട്ടിണിക്കിട്ടത് ആറുമാസം; ദളിതനായതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിതിന് എങ്ങും ഐക്യദാർഢ്യം

സംവരണ വിരുദ്ധർ രോഹിതിന്റെ ജീവിതം മറക്കാതെ വായിച്ചു പഠിക്കട്ടെ; ശബ്ദം ഉയർത്തിയതിന് ദളിത് വിദ്യാർത്ഥിയെ യൂണിവേഴ്‌സിറ്റി പട്ടിണിക്കിട്ടത് ആറുമാസം; ദളിതനായതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിതിന് എങ്ങും ഐക്യദാർഢ്യം

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ദളിത് വിദ്യാർത്ഥി തൂങ്ങിമരിക്കാനിടയായ സംഭവം രാജ്യമെങ്ങും വലിയ പ്രതിഷേധാഗ്നി കൊളുത്തിയിരിക്കെ, രോഹിത് വെമുലയെന്ന മിടുക്കനായ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവന്നു. കാൾ സാഗനെപ്പോലൊരു ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ പഠിക്കാനെത്തിയ രണ്ടാം വർഷ ഗവേഷണ വിദ്യാർത്ഥിയായ രോഹിത്തിനെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുപേജുവരുന്ന രോഹിതിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടശേഷം രോഹിത്തിനെ തീർത്തും ഒറ്റപ്പെടുത്തുന്ന നിലയിലായിരുന്നു സർവകലാശാല അധികൃതർ പ്രവർത്തിച്ചിരുന്നതെന്ന് സുഹൃത്തുക്കളും അദ്ധ്യാപകരും പറയുന്നു. ഇതേക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം പലപ്പോഴും അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ജൂലൈ മുതൽ രോഹിതിന്റെ പ്രതിമാസ സ്റ്റൈപ്പൻഡായ 25,000 രൂപ നൽകുന്നത് അധികൃതർ തടഞ്ഞുവച്ചു. അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പേരിൽ സർവകലാശാലയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാരോപിച്ചാണ് ഈ നടപടി. എന്നാൽ, ഇതിന് കാരണമായി പറഞ്ഞിരുന്നത് നടപടിക്രമങ്ങൾ വൈകുന്നുവെന്നും. ആറുമാസത്തോളം കടംവാങ്ങിയ തുകയുമായാണ് രോഹിത് സർവകലാശാലയിൽ പഠനം തുടർന്നത്.

 രോഹിതിനും മറ്റു നാല് എ.എസ്.എ അംഗങ്ങൾക്കുമെതിരെ എബിവിപി നേതാവ് സുശീൽകുമാറിനെ മർദിച്ചുവെന്ന സംഭവത്തിൽ ഓഗസ്റ്റ് അഞ്ചിന് സർവകലാശാല ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നു. കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയ ഇതുസംബന്ധിച്ച് എച്ച്.ആർ.ഡി മന്ത്രാലയത്തിന് കത്തുനൽകുന്നു. രോഹിതിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

അന്വേഷണ പ്രഹസനങ്ങൾക്കുശേഷം സെപ്റ്റംബറിൽ അഞ്ചുപേരെയും സസ്‌പെൻഡ് ചെയ്യുന്നു. ഈ തീരുമാനം പിന്നീട് ശരിവെയ്ക്കുകയും ചെയ്തു. ജനുവരി മൂന്നുമുതൽ ഹോസ്റ്റൽ മുറികളിൽനിന്ന് പുറത്തായ അഞ്ചുപേരും ചേർന്ന് സർവകലാശാല വളപ്പിൽ കൂടാരം കെട്ടി അതിൽ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഒടുവിൽ, ഞായറാഴ്ച സുഹൃത്തിന്റെ മുറിയിലെത്തി രോഹിത് തന്റെ ജീവിതം എന്നേയ്ക്കുമായി അവസാനിപ്പിച്ചു.

ദളിതനായതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടിവന്ന കഥയാണ് രോഹിതിന്റേത്. സെക്യുരിറ്റി ജീവനക്കാരനായ മണികുമാറിന്റെയും തയ്യൽക്കാരിയായ രാധികയുടെയും മകനാണ് ഗുണ്ടൂരിലെ ഗുരസല സ്വദേശിയായ രോഹിത്. സ്‌റ്റൈപ്പൻഡ് നിർത്തലാക്കിയശേഷം രോഹിത്തിനെ സഹായിക്കാൻ കുടുംബം വല്ലാതെ കഷ്ടപ്പെട്ടിരുന്നു. സുഹൃത്തിനോട് കടം വാങ്ങിയ 40,000 രൂപ ഉപയോഗിച്ചാണ് ഇക്കാലയളവിൽ കഴിഞ്ഞിരുന്നതെന്ന് രോഹിത്തിനൊപ്പം സസ്‌പെൻഡ് ചെയ്യപ്പെട്ട വെമുല ശങ്കണ്ണ എന്ന വിദ്യാർത്ഥി പറയുന്നു.

തന്റെ സ്റ്റൈപ്പൻഡ് തിരികെ ആവശ്യപ്പെട്ട് ഡിസംബറിൽ വൈസ് ചാൻസലർക്ക് രോഹിത് കത്തുനൽകിയിരുന്നു. എന്നാൽ, അതിനുശേഷം അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിലേക്ക് പോകാൻ പോലും രോഹിത് ഭയന്നിരുന്നു. കൂട്ടുകാരോടുപോലും മിണ്ടാതെ പതുക്കെ വിഷാദിയായി മാറിയ രോഹിത്, തന്നെത്തന്നെ പഴിക്കുകയായിരുന്നു എപ്പോഴുമെന്ന് ശങ്കണ്ണ പറയുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് സർവകലാശാലയിൽനിന്ന് രോഹിത്തിന് ലഭിക്കാനുണ്ടായിരുന്നത്. എന്നാൽ, ഫണ്ടുകൾ വൈകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരുന്നതെന്നും പലപ്പോഴും വിദ്യാർത്ഥികൾക്ക് ഒന്നിച്ച് തുക നൽകുകയാണ് പതിവെന്നും അധികൃതർ പറയുന്നു. 

ആത്മഹത്യയല്ല, കൊലപാതകം; മോദി മാപ്പു പറയണമെന്ന് കെജ്രിവാൾ

ഹൈദരാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നും ഉത്തരവാദികളായ മന്ത്രിമാരെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് കെജ്‌രിവാളിന്റെ പ്രതികരണം. 'ദളിതരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വമാണ്. എന്നാൽ മോദി സർക്കാർ അഞ്ച് ദളിത് വിദ്യാർത്ഥികൾക്ക് ഭ്രഷ്ട് കൽപിക്കുകയും സർവകലാശാലയിൽ നിന്നും പുറത്താക്കുകയുമാണ് ചെയ്തത്. രോഹിതിന്റെ മരണം ആത്മഹത്യയല്ല. അതൊരു കൊലപാതകമാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടേയും തുല്യതയുടേയും കൊലപാതകമാണത്. മോദി രാജ്യത്തോട് മാപ്പുപറയുകയും കുറ്റക്കാരായ മന്ത്രിമാരെ പുറത്താക്കുകയുമാണ് ചെയ്യേണ്ടത്'

ഹൈദരാബാദ് സർവ്വകലാശാലയിൽ രണ്ടാം വർഷ ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുല(28) ഞായറാഴ്‌ച്ചയാണ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുന്നത്. മുസഫർനഗർ കലാപത്തിൽ ബിജെപി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന നകുൽ സിൻഹയുടെ 'മുസഫർനഗർ ബാക്കി ഹേ' എന്ന ഡോക്കുമെന്ററി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ(എഎസ്‌ഐ) നേതൃത്വത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ എഎസ്എ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുകയും ഗവേഷക വിദ്യാർത്ഥികളെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ സമ്മർദം ചെലുത്തുകയുമാണ് ബിജെപിയും എബിവിപിയും ചെയ്തത്.

ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രോഹിത് അടക്കം അഞ്ച് ദലിത് വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റി അധികൃതർ പുറത്താക്കിയിരുന്നു. ഹോസ്റ്റലും മറ്റ് സർവകലാശാല സൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ നിന്നായിരുന്നു വിിലക്ക്. തുടർന്ന് കഴിഞ്ഞ 15 ദിവസമാണ് ഇവർ രാപകൽ സമരം നടത്തിവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP