Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാവൂദ് ഇബ്രാഹിമിന്റെ വില വെറും 25 ലക്ഷം; ഗണപതിക്ക് വില രണ്ടരക്കോടിയും; ഇന്ത്യൻ ഭരണാധികാരികൾ ഏറ്റവും ഭയക്കുന്നത് മാവോയിസ്റ്റുകളെത്തന്നെ

ദാവൂദ് ഇബ്രാഹിമിന്റെ വില വെറും 25 ലക്ഷം; ഗണപതിക്ക് വില രണ്ടരക്കോടിയും; ഇന്ത്യൻ ഭരണാധികാരികൾ ഏറ്റവും ഭയക്കുന്നത് മാവോയിസ്റ്റുകളെത്തന്നെ

ന്യൂഡൽഹി: മാവോയിസ്റ്റുകളാണ് രാജ്യത്തിന് ഏറ്റവും കൂടുതൽ ഭീഷണിയുയർത്താൻ പോകുന്നതെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തൽ. മാവോയിസ്റ്റ് നേതാവ് ഗണപതിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത് രണ്ടരക്കോടി രൂപയാണ്. അതേസമയം അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനാകട്ടെ വെറും 25 ലക്ഷം മാത്രമാണ് വില.

ഭീകരരെയും കുറ്റവാളികളെയും കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് നൽകുന്ന തുക പ്രഖ്യാപിച്ചപ്പോഴാണ് മാവോയിസ്റ്റുകളെയാണ് ഭരണാധികാരികൾക്ക് കൂടുതൽ ഭയമെന്നത് വെളിപ്പെട്ടത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് നിർണായക വിവരം നൽകിയാൽ ലഭിക്കുക വെറും 25 ലക്ഷം രൂപയാണ്.

അതേസമയം, മാവോയിസ്റ്റ് നേതാവ് ഗണപതിയെന്ന് അറിയപ്പെടുന്ന 65കാരനായ മുപ്പല്ല ലക്ഷ്മണെക്കുറിച്ച് വിവരം നൽകിയാലോ. രണ്ടര കോടി രൂപ പോക്കറ്റിലിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്റ്) സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഗണപതിക്ക് വില അടുത്തിടെ വരെ 50 ലക്ഷത്തിൽ താഴെയായിരുന്നു. എന്നാൽ മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സർക്കാരുകൾ ഗണപതിക്ക് ഒരു കോടി വീതം വിലയിട്ടപ്പോഴാണ് പാരിതോഷികം കുത്തനെ കൂടിയത്. മഹാരാഷ്ട്ര: ഒരു കോടി, ഛത്തീസ്ഗഡ് : ഒരു കോടി, ആന്ധ്രാപ്രദേശ് : 25 ലക്ഷം, ജാർഖണ്ഡ്: 12 ലക്ഷം, എൻഐഎ : 15 ലക്ഷം എന്നിങ്ങനെയാണ് ഗണപതിക്ക് വിവിധ സംസ്ഥാനങ്ങളും ഏജൻസിയും വിലയിട്ടിരിക്കുന്നത്. സംഘടനയുടെ മറ്റ് 21 കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ മേൽ ഒരു കോടി രൂപയുടെ അടുത്ത് പാരിതോഷികം വിവിധ സർക്കാരുകളും ഏജൻസികളും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് നിരവധി സ്‌ഫോടന പരമ്പരകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരായ അമീർ റാസ ഖാൻ, ഇക്‌ബാൽ ഭട്ക്കൽ, റിയാസ് ഭട്ക്കൽ എന്നിവരുടെ തലയ്ക്ക് ഡൽഹി പൊലീസ് 15 ലക്ഷവും എൻഐഎ 10 ലക്ഷവുമാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ദാവൂദ് ഇബ്രാഹിമിന് സിബിഐയും മഹാരാഷ്ട്ര സർക്കാരും പ്രഖ്യാപിച്ച 25 ലക്ഷം പിന്നീട് പരിഷ്‌കരിച്ചിട്ടില്ല.

കൊടും ഭീകരൻ ഹഫീസ് സയിദിന് മേൽ അമേരിക്ക പത്ത് ദശലക്ഷം ഡോളർ പ്രഖ്യാപിച്ചിട്ടും ഇന്ത്യ വിലയിട്ടിട്ടില്ല. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് സയിദ്.

മാവോയിസ്റ്റുകളുടെ വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികങ്ങൾ സ്വയം കീഴടങ്ങിയാൽ അവർക്ക് തന്നെ ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകത. കീഴടങ്ങലിന് പ്രേരിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളുടെ കീഴടങ്ങൾ പാക്കേജിന് പുറമേ കേന്ദ്രം വലിയ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നേരത്തെ 10,000 മുതൽ 20,000 രൂപ വരെയായിരുന്നു കീഴടങ്ങലിന് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഒന്നര മുതൽ രണ്ടര ലക്ഷം രൂപ വരെയായി ഉയർത്തി. ഇത് കൂടാതെ കീഴടങ്ങലിന് ശേഷമുള്ള ആദ്യ മൂന്ന് വർഷങ്ങളിൽ പ്രതിമാസം 4000 രൂപയും നൽകും. ഇതുകൊണ്ട് തന്നെ മുൻ വർഷങ്ങളെക്കാൾ കൂടൂതൽ പേർ ഈ വർഷം ഇതുവരെ കീഴടങ്ങിയതായാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഈ വർഷം ഓഗസ്റ്റ് വരെ കീഴടങ്ങിയവരുടെ കണക്ക് 268 ആണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP