Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ നിന്നും ഗോവയിൽ ലാൻഡ് ചെയ്ത ശേഷം മുംബൈയ്ക്ക് പറന്നുയരവേ കാബിനിൽ തീപിടിച്ചു; റൺവേയിലൂടെ ചിറക് തകർന്ന് ഓടിയ ജെറ്റ് എയർവേയ്‌സ് യാത്രക്കാരുടെ രക്ഷപ്പെടൽ അവിശ്വസനീയമായി; ഡൽഹിയിലെ കൂട്ടിമുട്ടൽ ഒഴിവായതും തലനാരിഴക്ക്; ഇന്ത്യൻ ആകാശ സുരക്ഷയെ കളിയാക്കി പശ്ചാത്യമാദ്ധ്യമങ്ങൾ

ദുബായിൽ നിന്നും ഗോവയിൽ ലാൻഡ് ചെയ്ത ശേഷം മുംബൈയ്ക്ക് പറന്നുയരവേ കാബിനിൽ തീപിടിച്ചു; റൺവേയിലൂടെ ചിറക് തകർന്ന് ഓടിയ ജെറ്റ് എയർവേയ്‌സ് യാത്രക്കാരുടെ രക്ഷപ്പെടൽ അവിശ്വസനീയമായി; ഡൽഹിയിലെ കൂട്ടിമുട്ടൽ ഒഴിവായതും തലനാരിഴക്ക്; ഇന്ത്യൻ ആകാശ സുരക്ഷയെ കളിയാക്കി പശ്ചാത്യമാദ്ധ്യമങ്ങൾ

പനാജി: ഡൽഹിയിലും ഗോവയിലും വിമാനദുരന്തങ്ങൾ ഒഴിവായത് തലനാരിഴയുടെ വ്യത്യാസത്തിൽ. ഡൽഹിയിൽ എയർട്രാഫിക് കൺട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലം രണ്ടു വിമാനങ്ങൾ നേർക്കു നേർവന്നത് നൂറുകണക്കിനാളുടെ ജീവൻ ഒരു നിമിഷത്തേക്കു തുലാസിലാക്കി. ഇന്ത്യയിലെ ആകാശ സുരക്ഷയുടെ പോരായ്മയാണ് ഇത് കാണിക്കുന്നതെന്നാണ് പശ്ചാത്യമാദ്ധ്യമങ്ങളുടെ വിമർശനം. ഡൽഹിയിലെ സാഹചര്യം അതിഗൗരവമാണെന്നാണ് വിലയിരുത്തലുകളെത്തുന്നത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെയുള്ള അന്വേഷണം നടത്താനാണ് വ്യോമയാന മന്ത്രാലയവും തീരുമാനിച്ചിട്ടുള്ളത്.

ഗോവയിലെ ദാബോലിം വിമാനത്താവളത്തിൽനിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ജെറ്റ് എയർവേസ് വിമാനം റൺവേയിൽനിന്നു തെന്നിമാറിയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ 15 യാത്രക്കാർക്കു നിസാര പരുക്കേറ്റു. ദുബായിൽനിന്ന് ഗോവയിലിറങ്ങിയശേഷം മുംബൈയ്ക്കു തിരിച്ച ജെറ്റ് എയർവേസിന്റെ 9 ഡബ്ല്യു 2374 വിമാനമാണ് ഇന്നലെ പുലർച്ചെ അഞ്ചിന് അപകടത്തിൽപ്പെട്ടത്. ഏഴു ജീവനക്കാരും 154 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽനിന്നു തെന്നിമാറിയ വിമാനം 50 ഡിഗ്രിയോളം കറങ്ങിയാണു നിന്നത്. കാബിനിൽ തീ ഉയർന്നതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അതുകൊണ്ട് തന്നെ വമ്പൻ ദുരന്തമാണ് ഒഴിഞ്ഞു പോയത്. എങ്ങനെയാണ് യാത്രക്കാർ രക്ഷപ്പെട്ടതെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല. പരിഭ്രാന്തരായ യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കുന്നതിനിടെയാണു 15 പേർക്കു നിസാര പരുക്കേറ്റത്.

ഡൽഹി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റൺവേയിൽ മുഖാമുഖം വന്നത്. എയർ ട്രാഫിക് കണ്ട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കാരണം. ലഖ്നൗവിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം പറന്നുയരാനായി റൺവേയിലേക്ക് എത്തുകയായിരുന്നു. സ്പേസ്ജെറ്റ് വിമാനത്തിന് ടേക്ക് ഓഫിനും ഇൻഡിഗോയ്ക്ക് ലാൻഡിങ്ങിനും ഒരേസമയം അനുമതി നൽകുകയായിരുന്നു. അധികൃതരുടെ പിഴവ് മാത്രമായിരുന്നു ഇതിന് കാരണം. സംഭവത്തേപ്പറ്റി അന്വേഷിക്കാൻ ഡയറക്ടറേറ്റ് ജെനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടിട്ടുണ്ട്. ഗാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സംഭവം ഉണ്ടായത്. ഇതുകൊണ്ട് കൂടിയാണ് വിമർശനങ്ങൾ കൂടുന്നതും.

ഡൽഹി വിമാനത്താവളത്തിന്റെ റൺവേയിൽ ഇൻഡിഗോ, സ്‌പെയ്‌സ് ജെറ്റ് വിമാനങ്ങൾ നേർക്കുനേർ എത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിത ഇടപെടൽ അപകടമൊഴിവാക്കുകയായിരുന്നു. എയർ കൺട്രോൾ ട്രാഫിക്കി(എ.ടി.സി)ന്റെ വീഴ്ചയാണു സംഭവത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഇൻഡിഗോയുടെ ലഖ്നൗ-ഡൽഹി 6ഇ-769 വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണു ഹൈദരാബാദിലേക്കുള്ള സ്പൈസ്ജെറ്റിന്റെ എസ്.ജി-123 വിമാനം പറന്നുയരാൻ റൺവേയിലേക്കെത്തിയത്.

ഇരു വിമാനങ്ങളും നിയന്ത്രിച്ചു നിർത്തിയതിനാൽ അപകടമൊഴിവായി. ജീവനക്കാരും യാത്രക്കാരമുൾപ്പെടെ 176 പേരാണ് ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണു വിമാനം ലാൻഡ് ചെയ്തതെന്നു ഇൻഡിഗോ എയർവേസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP