Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തിൽ ഒമ്പത് ആൺകുട്ടികളും പത്തിൽ ഏഴ് പെൺകുട്ടികളും 18 തികയും മുമ്പ് മദ്യം രുചിച്ച് തുടങ്ങും; ഡൽഹി മത്സരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ മറികടക്കാൻ

പത്തിൽ ഒമ്പത് ആൺകുട്ടികളും പത്തിൽ ഏഴ് പെൺകുട്ടികളും 18 തികയും മുമ്പ് മദ്യം രുചിച്ച് തുടങ്ങും; ഡൽഹി മത്സരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ മറികടക്കാൻ

ന്യൂഡൽഹി: പാശ്ചാത്യ സംസ്‌കാരം അങ്ങേയറ്റം ദുഷിച്ചതാണെന്നും ഭാരതീയ സംസ്‌കാരം മികച്ചതാണെന്നും ഇവിടുത്തെ സാംസ്‌കാരിക നേതാക്കന്മാർ ഊറ്റം കൊള്ളാറുണ്ട്. സംഗതി നൂറ് ശതമാനം സത്യം തന്നെയാണ്. എന്നാൽ നമ്മുടെ യുവതലമുറ വഴിതെറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഈ സാംസ്‌കാരിക നേതാക്കന്മാരിൽ എത്ര പേർക്കറിയാം...? ഡൽഹി ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ലെന്നും അത് വഴിതെറ്റലിന്റെ തലസ്ഥാനം കൂടിയായിത്തീർന്നിരിക്കുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നത്.ഡൽഹിയിലെ പത്തിൽ ഒമ്പത് ആൺകുട്ടികളും പത്തിൽ ഏഴ് പെൺകുട്ടികളും 18 തികയും മുമ്പ് മദ്യം രുചിച്ച് തുടങ്ങുമത്രെ. ഇക്കാര്യത്തിൽ ഡൽഹി മത്സരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ മറികടക്കാനാണെന്നാണ് പുതിയ പ്രവണതകൾ കണ്ടാൽ തോന്നുക....!!!പ്രമുഖ എൻജിഒ ആയ കമ്മ്യൂണിറ്റി എഗൈന്സ്റ്റ് ഡ്രങ്ക് ഡ്രൈവിങ്(സിഎഡിഡി) ഇതുസംബന്ധിച്ച യുവജനങ്ങളിൽ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

20നും 25നും മധ്യേ പ്രായമുള്ള യുവജനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്നത്.പഠനത്തിന്റെ ഭാഗമായി നിരീക്ഷണവിധേയമാക്കിയ ആൺകുട്ടികളിൽ 89.8 ശതമാനവും പെൺകുട്ടികളിൽ 64.6 ശതമാനവും 18 വയസിന് മുമ്പ് ആൽക്കഹോൾ ഉപയോഗിക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.18നും 25നും ഇടയിലുള്ളവരുടെ മദ്യപാനം 2012 മുതൽ 22.5 ശതമാനം വർധിച്ചിരിക്കുന്നുവെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. ഡൽഹി പൊലീസ്, നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എന്നിവയുമായി ചേർന്ന് കൊണ്ടാണ് സിഎഡിഡി ഈ പഠനം നടത്തിയിരിക്കുന്നത്.മദ്യപിക്കാനുള്ള നിയമാനുസൃതമായ ചുരുങ്ങിയ പ്രായം 25ൽ നിന്ന് 21 ആക്കി കുറയ്ക്കണമോ വേണ്ടോയ എന്ന കാര്യത്തിൽ ഡൽഹി ഗവൺമെന്റ് ആലോചനകൾ നടത്തുന്നതിനിടെയാണീ പഠനഫലങ്ങൾ പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തിരക്കിട്ടൊരു തീരുമാനമെടുക്കാൻ സാധ്യതയില്ലെന്നാണറിയുന്നത്.

സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ എന്ന തോതിൽ 12ാം വയസിൽ തന്നെ മദ്യത്തിന്റെ രുചിയറിഞ്ഞവരാണ്.അവരിൽ 75 ശതമാനം പേരും മദ്യപിച്ച് വണ്ടിയോടിക്കുന്നവരാണ്. ബാറുകൾ, പബുകൾ, ഗവൺമെന്റിന്റെയും സ്വകാര്യമേഖലയിലുമുള്ള ലിക്വർ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് യുവജനങ്ങൾക്ക് മദ്യം വിൽക്കുമ്പോൾ യാതൊരു വിധത്തിലുള്ള പ്രായപരിശോധനകളും ഡൽഹിയിൽ നടത്താറില്ലെന്നും തെളിഞ്ഞിട്ടുണ്ട്. ഈ പഠനത്തിന്റെ റിപ്പോർട്ട് സിഎഡിഡി കോ ഫൗണ്ടറായ പ്രിൻസ് സിൻഗാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമർപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലുടനീളം മദ്യപിക്കാനുള്ള ചുരുങ്ങിയ പ്രായം 21 ആണെന്നും ഡൽഹിയിൽ ഇതിനുള്ള പ്രായമായ 25 വയസ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് മുമ്പിൽ നിർദ്ദേശം വച്ചിട്ടുണ്ട്. എന്നാൽ 21 വയസിൽ കുറവുള്ളവർ മദ്യപിക്കുന്നുണ്ടോയെന്നും മദ്യപിച്ച് വണ്ടിയോടിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും അത് തടയാനുമുള്ള ഫലപ്രദമായ മാർഗങ്ങൾ അനുവർത്തിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വോട്ടിങ് പ്രായം 18 വയസാണെന്നും വിവാഹം കഴിക്കുന്നതിനുള്ള പ്രായം 21 ആണെന്നും പ്രിൻസ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോൾ മദ്യപിക്കാനുള്ള ഡൽഹിയിലെ ചുരുങ്ങിയ പ്രായം 25 ആണെന്നത് കാലഹരണപ്പെട്ട നിയമമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്.

21 വയസിൽ കുറവ് പ്രായമുള്ളവർ മദ്യപിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ഡൽഹിക്ക് കൂടുതൽ ഫലപ്രദമായ ഒരു സ്ട്രക്‌ചേർഡ് കമ്മീഷൻ അല്ലെങ്കിൽ റെഗുലേറ്റഡ് ബോഡിയുണ്ടാകണമെന്നും മുഖ്യമന്ത്രി തന്നെ ഇതിന്റെ നേതൃത്വം വഹിക്കണമെന്നും പ്രിൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ നിരീക്ഷിച്ച് വലയിലാക്കുന്നതിന് മുന്തിയ പരിഗണന നൽകണമെന്നും സിഎഡിഡി നിർദേശിക്കുന്നു.ഇത്തരമൊരു ബോഡിക്ക് ഇപ്പോൾ യുവജനങ്ങളിൽ വർധിച്ച് വരുന്ന മദ്യപാനശീലത്തിന് അയവുവരുത്താനാകുമെന്നും സിഎഡിഡി പറയുന്നു.ഡൽഹി എക്‌സൈസ് നിയമം നടപ്പിലാക്കുന്നതിനും ഇക്കാര്യത്തിൽ പൊലീസിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ഒരു പ്രത്യേകം കമ്മിറ്റി രൂപീകരിക്കണമെന്നും എൻജിഒ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിക്കാനുള്ള പ്രായം 21 ആയി ചുരുക്കുന്നതിനെ ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര ഈയിടെ അനുകൂലിച്ചിരുന്നു.

മദ്യപിച്ച് വണ്ടിയോടിക്കുന്നത് മൂലം ഡൽഹിയിൽ വർഷം തോറും നിരവധി പേർ മരിക്കുന്നുവെന്ന് സിഎഡിഡി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞവ ർഷം ഇത്തരത്തിൽ 2200 പേരാണ് കൊല്ലപ്പെട്ടത്.മദ്യപിക്കാനുള്ള പ്രായം 21 ആയി കുറയ്ക്കണമെന്നാവശ്യപ്പെട്ട തങ്ങൾ പഞ്ചാബ് , ഹരിയാന മുഖ്യമന്ത്രിമാരെ കാണുമെന്ന് സിഎഡിഡി പറയുന്നു. അതുപോലെ തന്നെ ഇപ്പോൾ മദ്യപിക്കാനുള്ള പ്രായം 18 വയസായ യുപി, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ട് പ്രായം 21 ആക്കി വർധിപ്പിക്കണമെന്നാവശ്യപ്പെടുമെന്നും സിഎഡിഡി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP