Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെയ്ക് ഇൻ ഇന്ത്യയുടെ ചുവട് പിടിച്ച് ഡിജിറ്റൽ ഇന്ത്യയും സൂപ്പർഹിറ്റാകുന്നു; മോദിയുടെ ഡിജിറ്റൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടി വ്യവസായ ഭീമന്മാർ; 2.6 ലക്ഷം തൊഴിലുമായി അംബാനിമാർ

മെയ്ക് ഇൻ ഇന്ത്യയുടെ ചുവട് പിടിച്ച് ഡിജിറ്റൽ ഇന്ത്യയും സൂപ്പർഹിറ്റാകുന്നു; മോദിയുടെ ഡിജിറ്റൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടി വ്യവസായ ഭീമന്മാർ; 2.6 ലക്ഷം തൊഴിലുമായി അംബാനിമാർ

ന്യൂഡൽഹി: മെയ്ക് ഇന്ത്യയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയും സൂപ്പർഹിറ്റിലേക്ക്. ഈ പദ്ധതിയിലേക്ക് വ്യവസായപ്രമുഖർ രാജ്യത്തെ ഐടി മേഖലയിൽ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തു. ഇറക്കുമതി കുറയ്ക്കാൻ, ഐടി ഉൽപന്നങ്ങളുടെ ആഭ്യന്തര ഉൽപാദനം വൻതോതിൽ വർധിപ്പിക്കുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കർഷകർക്കും ദരിദ്രർക്കുമെല്ലാം ഇന്റർനെറ്റ് സൗകര്യങ്ങൾ പ്രാപ്യമാക്കുകയാണു ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ഒരുമിപ്പിക്കുന്ന അതിവേഗ ഡിജിറ്റൽ ഹൈവേകളാണു തന്റെ സ്വപ്‌നമെന്നു മോദി പറഞ്ഞു. ഇ-ഗവേണൻസിൽനിന്ന് എം-ഗവേണൻസിലേക്കു രാജ്യം മുന്നേറണം. എം-ഗവേണൻസ് എന്നാൽ മോദി ഗവേണൻസ് അല്ല, മൊബൈൽ ഗവേണൻസ് ആണെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഏതായാലും പദ്ധതി ഏറ്റു. ഡിജിറ്റൽ ഇന്ത്യ വാരാഘോഷച്ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാദ്ഗാനം ചെയ്തത് രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം. റിലയൻസ് ജിയോ ഇൻഫോകോം കമ്പനി വയർലെസ് ബ്രോഡ്ബാൻഡ് അടിസ്ഥാനസൗകര്യ മേഖലയിലും മൊബൈൽ ഫോൺ നിർമ്മാണ രംഗത്തും വൻ നിക്ഷേപം നടത്തും.

സ്മാർട് ഫോൺ വിൽപനയ്ക്കും സർവീസിനുമായി ഒന്നര ലക്ഷം ചില്ലറവിൽപന കേന്ദ്രങ്ങൾ തുറക്കും. താങ്ങാവുന്ന വിലയ്ക്കു സ്മാർട് ഫോണുകളും ഇന്റർനെറ്റ് ഉപകരണങ്ങളും ഇന്ത്യയിൽ നിർമ്മിക്കാൻ പ്രമുഖ ഉൽപാദകർക്കു റിലയൻസ് പ്രോൽസാഹനം നൽകും. അവരുടെ ഉൽപന്നങ്ങൾ റിലയൻസ് ചില്ലറവിൽപന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുമെന്ന ഉറപ്പും നൽകും. റിലയൻസ് പദ്ധതികൾ ഡിജിറ്റൽ ഇന്ത്യ മേഖലയിൽ അഞ്ചുലക്ഷംപേർക്കു തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ, ക്ലൗഡ് കംപ്യൂട്ടിങ്, ടെലികോം മേഖലകളിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ ആരംഭിച്ച ഡിജിറ്റൽ ലോക്കർ പദ്ധതിയിൽ ചേർന്നതായും വെളിപ്പെടുത്തി.

ഓൺലൈൻ ദേശീയ കാർഷിക വിപണിയും ഒരുക്കുന്നുണ്ട്. ഒഎൻഎഎം (ഓനം) എന്നായിരിക്കും ഓൺലൈൻ ദേശീയ കാർഷിക വിപണി അറിയപ്പെടുക.കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതാണിത്. ദേശീയതലത്തിൽ ഓൺലൈൻ വിപണി വരുന്നതോടെ സംസ്ഥാനങ്ങൾ തമ്മിൽ കാർഷികോൽപന്ന വിപണനത്തിനു നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. മേൽനോട്ടം വഹിക്കാൻ കേന്ദ്ര ഏജൻസി രൂപീകരിക്കും. കർഷകർക്കു തിരിച്ചറിയൽ നമ്പർ നൽകും. മൊബൈൽ ഫോണിലൂടെ വിപണിനിലവാരം കൈമാറും.

ലോകത്തിനു സൈബർ സുരക്ഷ നൽകുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നു പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. രക്തരഹിത സൈബർയുദ്ധഭീഷണിയുടെ നിഴലിലാണു ലോകം. മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയണം. സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കു കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നു മോദി ഉറപ്പു നൽകി. 'മെയ്ക്ക് ഇൻ ഇന്ത്യ'പോലെ, 'ഡിസൈൻ ഇൻ ഇന്ത്യ'യും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP