Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാഞ്ചിയേട്ടന്മാർക്ക് ഇനി ഡൽഹിയിലേക്ക് താമസം മാറ്റാം; പണം കൊടുത്താൽ റോഡിനും സർക്കാർ സ്‌കൂളിനും ആശുപത്രിക്കും ഒക്കെ പേര് നൽകാൻ നിർദ്ദേശം

പ്രാഞ്ചിയേട്ടന്മാർക്ക് ഇനി ഡൽഹിയിലേക്ക് താമസം മാറ്റാം; പണം കൊടുത്താൽ റോഡിനും സർക്കാർ സ്‌കൂളിനും ആശുപത്രിക്കും ഒക്കെ പേര് നൽകാൻ നിർദ്ദേശം

നാലാൾ തങ്ങളുടെ പേര് കേൾക്കാൻ വേണ്ടി ആശുപത്രികൾക്കും സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും മറ്റും പണവും സാധനങ്ങളും ഉപകരണങ്ങളും സംഭാവന ചെയ്യുന്നവർ ധാരാളമുണ്ട്. സംഭാവന ചെയ്യുന്നതിന്റെ ഫോട്ടോയെടുത്ത് പത്രത്തിലും ഫേസ്‌ബുക്കിലും കൊടുത്ത് അവർ ഞെളിയുകയും ചെയ്യാറുണ്ട്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിൽ ഒരു സ്‌കൂളോ റോഡോ ആശുപത്രിയോ ഉണ്ടാകാൻ കൊതിക്കുന്ന പ്രാഞ്ചിയേട്ടന്മാരാണ് നിങ്ങളെങ്കിൽ നേരെ ഡൽഹിയിലേക്ക് താമസം മാറ്റുന്നത് നന്നായിരിക്കും....!. അവിടെ പണം കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ പേരിൽ സ്‌കൂളും റോഡും ആശുപത്രിയും പാർക്കും എപ്പോൾ റെഡിയായെന്ന് ചോദിച്ചാൽ മതി..!!.

നോർത്ത് ഡൽഹിയിൽ താമസിക്കുന്നവർക്കാണ് ഇതിനുള്ള അവസരമുണ്ടാകാൻ പോകുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുവസ്തുവകകളാണ് പേരുമാറ്റത്തിന് വിധേയമാകുന്നത്. ആർക്കും ഇതിലേക്ക് സംഭാവന നൽകി സ്വന്തം പേരിലൊരു കമ്മ്യണിറ്റി ഹാളോ പാർക്കോ സ്‌കൂളോ സെറ്റ് ചെയ്യാവുന്നതാണ്. 2015 2016 വർഷത്തെ ബജറ്റ് പ്രഖ്യാപിക്കുന്നതിനിടെയാണ് മുനിസിപ്പൽ കമ്മീഷണർ ഇന്നലെ ഇതു സംബന്ധിച്ച ആലോചന മുന്നോട്ട് വച്ചിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ നിയന്ത്രണത്തിൽ നിന്നും പൊതുവസ്തുവകകളെ മോചിപ്പിക്കാനാണീ നടപടിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ എന്താണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതിൽ അവർ വിജയിച്ചില്ല. ഇവിടുത്തെ മിക്ക വസ്തുവകകൾക്കും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രമുഖ രാഷ്ട്രനേതാക്കളുടെയും പേരാണുള്ളത്.

നോർത്ത് ഡൽഹി കോർപ്പറേഷന്റെ ആസ്ഥാനമായ സിവിക് സെന്റർ ശ്യാമപ്രസാദ് മുഖർജിയുടെ പേരിലാണുള്ളത്. ഹിന്ദു റാവു ഹോസ്പിറ്റലിലെ ആദ്യത്തെ മെഡിക്കൽ കോളജിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരാണുള്ളത്. അതുപോലെ ഇവിടുത്തെ നിരവധി തെരുവുകൾ, പാർക്കുകൾ, ഹോസ്പിറ്റലുകൾ, മുൻ ഡൽഹി മേയർമാരുടെ പേരിലും അരുണാ ആസിഫ് അലി, കേദാർ നാഥ് സാഹ്നി, മഹർഷി ദയാനന്ദ് സരസ്വതി തുടങ്ങിയവരെപ്പോലുള്ള സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ പേരിലുമാണ്.

പുതിയ പരിഷ്‌കാരത്തിലൂടെ ബിസിനസ്സുകാർ, ബിൽഡേർസ്, മറ്റ് പുത്തൻപണക്കാർ തുടങ്ങിയവർക്ക് കനത്ത തുക നൽകി തങ്ങളുടെ പേരിൽ സ്ട്രീറ്റുകളും പാർക്കുകളും സ്വന്തമാക്കാനാകും. കുറച്ച് പണം നൽകി ഏതൊരു പൗരനും പബ്ലിക്ക് പ്രോപ്പർട്ടിക്ക് സ്വന്തം പേര് നേടാമെന്നാണ് മുനിസിപ്പൽ കമ്മീഷണർ ഗുപ്ത പറഞ്ഞത്. പബ്ലിക്ക് പ്രോപ്പർട്ടിക്ക് പേരിടുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്ഥിരം തർക്കങ്ങൾക്ക് ഇതിലൂടെ വിരാമമിടാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിവിക് ബോഡിയുടെ എക്‌സിക്യൂട്ടീവ് വിംഗാണീ നിർദ്ദേശം മുന്നോട്ട് വച്ചത്. അധിക വരുമാനത്തിന് വേണ്ടി ഗതാഗത വകുപ്പ് വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ ലേലം ചെയ്യുന്നത് പോലുള്ള നടപടിയാണിതെന്ന് പറയപ്പെടുന്നു. എന്നാൽ പ്രസ്തുത നീക്കത്തിനെതിരെ നോർത്തേൺ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP