Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ഭൂകമ്പം; പ്രഭവ കേന്ദ്രം നേപ്പാൾ; റിക്ടർ സ്‌കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നു വീണു, ഇന്ത്യയിൽ മരണം 56 ആയി; പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി; കൊച്ചിയിലും തുടർചലനങ്ങൾ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ഭൂകമ്പം; പ്രഭവ കേന്ദ്രം നേപ്പാൾ; റിക്ടർ സ്‌കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നു വീണു, ഇന്ത്യയിൽ മരണം 56 ആയി; പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി; കൊച്ചിയിലും തുടർചലനങ്ങൾ

ന്യൂഡൽഹി: നേപ്പാളിലെ പൊഖാറയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തിൽ 56 പേർ മരിച്ചു. ഇതിൽ 45 പേർ ബിഹാറിലാണ്. ഉത്തർപ്രദേശിൽ എട്ടും പശ്ചിമ ബംഗാളിൽ മൂന്നുപേരും മരിച്ചു.

ഝാർഖണ്ട്, പശ്ചിമ ബംഗാൾ, അസം, ബിഹാർ തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സെകെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിലെ പൊഖാറയാണ്. നേപ്പാളിൽ രേഖപ്പെടുത്തി ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ വിവിധ ഇടങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീണു. കേരളത്തിൽ കൊച്ചിയിലും തുടർചലനം അനുഭവപ്പെട്ടു.

ഭൂകമ്പത്തെ തുടർന്നുണ്ടായ പ്രകമ്പനം ഒരു മിനിറ്റോളം നീണ്ടുനിന്നു. ഡൽഹി, പട്‌ന, ലക്‌നൗ, കൊൽക്കത്ത, ജയ്‌പ്പൂർ, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ കെട്ടിടങ്ങളിൽ ചെറിയ ചലനം അനുഭവപ്പെട്ടതോടെ ആളുകൾ പുറത്തേക്ക് ഇറങ്ങിയോടി. ഇവിടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കയാണ്. യൂറോപ്യൻ മെഡിറ്ററേനിയൽ സീസ്‌മോളദിക്കൽ സെന്ററാണ് 7.9 രേഖപ്പെടുത്തിയത്.

ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഭൂചലനം ദുരന്തം വിതച്ചത്. പശ്ചിമബംഗാളിലെ മാൽദയിൽ സ്‌കൂൾ തകർന്നുവീണ് 40 കുട്ടികൾക്കു പരിക്കേറ്റു. ഗ്രാമീണ മേഖലകളിൽനിന്നുള്ള റിപ്പോർട്ടുകൾ അറിവായി വരുന്നതേയുള്ളൂ. നേപ്പാൾ അതിർത്തി മേഖലയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലാണു ദുരന്തം ഏറെ നാശം വിതച്ചത്. സിക്കിമിൽ കനത്ത മണ്ണിടിച്ചിലുണ്ടായെന്നു റിപ്പോർട്ടുണ്ട്. ആളപായമില്ല. സാരമായ നാശനഷ്ടമുണ്ടെന്നാണു റിപ്പോർട്ടുകൾ.

രാവിലെ 11.40 നാണ് നേപ്പാളിലും വടക്കുകിഴക്കൻ ഇന്ത്യയിലും ഭൂകമ്പമുണ്ടായത്. തുടർന്ന് 12.15ഓടെ മറ്റൊരു തുടർചലനവും അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കി. എന്നാൽ തുടർച്ചയായി നല് തവണ തുടർചലനം ഉണ്ടായെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിന് 80 കിലോമീറ്റർ അകലെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റാഞ്ചിയിലും ഗുവഹാത്തിയിലും കൊൽക്കത്തയിലും ഉൾപ്പടെ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹിയിൽ മെട്രോ റെയിൽവേ സർവീസ് നിർത്തിവച്ചു. ഓഫീസിൽ ജോലി ചെയ്തിരുന്ന പലരും പുറത്തേക്ക് ഇറങ്ങിയോടി.

ഭൂകമ്പത്തിന്റെ അലയൊലികൾ കൊച്ചിയിലും

നേപ്പാളിലെ ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ വടക്കേ ഇന്ത്യ മാത്രമല്ല, ദക്ഷിണേന്ത്യയും കുലുങ്ങി. കൊച്ചിയിലും ചെന്നൈയിലും ഭൂചലനമുണ്ടായി. കൊച്ചിയിൽ കടവന്ത്രയിലും കലൂരിലുമൊക്കെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പലർക്കും തലകറങ്ങുന്നതുപോലുള്ള അനുഭവമുണ്ടായി. ഫ്ളാറ്റിൽ നിന്നും ജനങ്ങൾ ഇറങ്ങിയോടി. ശരിക്കും ചലനം അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു. ഉയരംകൂടിയ ഫ്ളാറ്റുകളിൽ താമസിച്ചവർക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് കലക്ടറേറ്റിൽ അടക്കം നടന്നുവന്ന ചില പരിപാടികൾ നിർത്തിവച്ചു. കൊച്ചിയിൽ നേരിയ ചലനം ഉണ്ടായതായി ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചു.

ഡൽഹി മെട്രോ നിർത്തിവച്ചു; രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചു. ഓഫീസുകളിൽനിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽനിന്നുമെല്ലാം ആളുകൾ പുറത്തേക്ക് ഓടി. തിങ്ങി നിറഞ്ഞ പ്രദേശങ്ങൾ ഏറെയുള്ള ഡൽഹിയിൽ ഇപ്പോഴും പരിഭ്രാന്തി നിലനിൽക്കുകയാണ്. ഉറങ്ങിക്കിടന്നവർ കട്ടിലിൽനിന്നു താഴെ വീണ അനുഭവം പോലുമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അധികൃതർ ഉറപ്പു നൽകിയതിനെത്തുടർന്ന് ജനങ്ങൾ കെട്ടിടങ്ങളിലേക്കു മടങ്ങാൻ തയാറായിട്ടുണ്ട്.

അതിനിടെ, രക്ഷാ പ്രവർത്തനത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആവശ്യമുള്ളവർക്കു സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രിയും പ്രസിഡന്റുമായി മോദി സംസാരിച്ചു.

ഭൂചലനത്തിൽ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്ന റിപ്പോർട്ട് ലഭ്യമായിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ കെട്ടിടങ്ങൾ തകർന്നുവീണതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുക്ക് പൂർത്തിയാക്കി വരികയാണ് ഉദ്യോഗസ്ഥർ. എന്തിനും തയ്യാറായി ദുരന്തനിവാരണ സേനയും സജ്ജമായിട്ടുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP