Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിവിഐപി കോപ്റ്റർ വിവാദം ഓർമപ്പെടുത്തുന്നത് ബൊഫോഴ്‌സ് കോഴക്കേസ്സിനെ; വീണ്ടും പ്രതിക്കൂട്ടിലാകുന്നത് സോണിയയുടെ ഇറ്റാലിയൻ ബന്ധങ്ങൾ; തിരിച്ചുവരാനുള്ള ശ്രമത്തിനിടെ കോൺഗ്രസ്സിന് വമ്പൻ തിരിച്ചടി

വിവിഐപി കോപ്റ്റർ വിവാദം ഓർമപ്പെടുത്തുന്നത് ബൊഫോഴ്‌സ് കോഴക്കേസ്സിനെ; വീണ്ടും പ്രതിക്കൂട്ടിലാകുന്നത് സോണിയയുടെ ഇറ്റാലിയൻ ബന്ധങ്ങൾ; തിരിച്ചുവരാനുള്ള ശ്രമത്തിനിടെ കോൺഗ്രസ്സിന് വമ്പൻ തിരിച്ചടി

ന്യൂഡൽഹി: എൺപതുകളിൽ ഇന്ത്യൻ രാഷ്ട്രീയത്ത പിടിച്ചുലച്ച ബൊഫോഴ്‌സ് കോഴക്കേസിന് സമാനമായ മറ്റൊരു ആരോപണം കൂടി കോൺഗ്രസ്സിനെ തളർത്തുന്നു. വിവിഐപികൾക്കായി വാങ്ങിയ ഹെലിക്കോപ്ടറിനെ സംബന്ധിച്ചാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. ബൊഫോഴ്‌സ് കേസിലെന്നപോലെ ഇവിടെയും വില്ലനായിരിക്കുന്നത് സോണിയയുടെ വിദേശ ബന്ധങ്ങളാണെന്നത് കോൺഗ്രസ്സിന് ശക്തമായ തിരിച്ചടിയാണ്.

രണ്ടുകേസ്സുകൾക്കും സമാനതയേറെയാണ്. രണ്ടിനും വിദേശ ബന്ധമുണ്ട്. സ്വീഡിഷ് കമ്പനിയായിരുന്നു ബൊഫോഴ്‌സെങ്കിൽ ഇപ്പോഴത്തെ കേസ്സിൽ ഇറ്റലിയാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയക്കാരും പ്രതിരോധ രംഗത്തെ ഉദ്യോഗസ്ഥ പ്രമുഖരും രണ്ടു കേസ്സുകളിലും കോഴ വാങ്ങിയെന്ന ആരോപണവും നിലനിൽക്കുന്നു. ഇറ്റാലിയൻ കമ്പനിയായ അഗസ്തവെസ്റ്റ്‌ലൻഡാണ് കോപ്ടർ ഇടപാടിൽ എന്നത് സോണിയയുടെ ഇറ്റാലിയൻ ബന്ധങ്ങളിലേക്ക് വിരൽചൂണ്ടുന്നു.

3600 കോടിയുടെ കോപ്ടർ ഇടപാടിൽ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യൻ മൈക്കലിനെ അറസ്റ്റ് ചെയ്യാൻ സിബിഐ ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിൽ ജീവിക്കുന്ന ഇയാളെ അറസ്റ്റ് ചെയ്യുന്നതോടെ പ്രതിരോധ ഇടപാടിന്റെ ഉള്ളുകള്ളികൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വ്യോമസേനാ മേധാവി എസ്‌പി.ത്യാഗിക്കും ബന്ധുക്കൾക്കുമായി 220 കോടി രൂപയോളം അയച്ചുകൊടുത്തത് മൈക്കലാണ്.

ബൊഫോഴ്‌സ് പരാജയപ്പെട്ട ആയുധമായിരുന്നില്ല എന്നതാണ് ഇതിനിടയിലും ശ്രദ്ധേയമായ കാര്യം. 1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ബൊഫോഴ്‌സിന്റെ പ്രഹരശേഷിയാണ്. സമാനമായ രീതിയിൽ വിവിഐപികൾക്കു വേണ്ടി വാങ്ങിയ എഡബ്ല്യു-101 ഹെലിക്കോപ്റ്ററും മികവിൽ മറ്റാർക്കും പിന്നിലല്ല.

2008-ൽ പരിശോധനാ വേളയിൽ അമേരിക്കയുടെ എസ്-92 സൂപ്പർഹോക്കിനെക്കാൾ മികച്ച പ്രകടനമാണ് എഡബ്ല്യു-101 കാഴ്ചവച്ചത്. സാങ്കേതികമായി ഇന്ത്യ ആവശ്യപ്പെട്ട പല ഘടകങ്ങളും അമേരിക്കൻ ഹെലിക്കോപ്ടറിനുണ്ടായിരുന്നില്ല. സൈന്യത്തെ ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഹെലിക്കോപ്ടർ വാങ്ങാൻ നിശ്ചയിച്ചതും.

പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പോലുള്ള വിവിഐപിമാരെ കൊണ്ടുപോകാനുള്ള ഹെലിക്കോപ്ടറിനുവേണ്ടിയാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. 2013 ഫെബ്രുവരിയിൽ ഫിന്മെക്കാനിയ സിഇഒ ഗ്യൂസെപ്പെ ഓർസിയെ അറസ്റ്റ് ചെയ്തതോടെയാണ് ഇതിന് പിന്നിലെ അഴിമതിക്കഥകൾ പുറത്തുവന്നത്.

സംഭവം വിവാദമായതോടെ അഗസ്തവെസ്റ്റ്‌ലൻഡുമായുള്ള പ്രതിരോധക്കരാർ 2014 ജനുവരിയിൽ അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി റദ്ദാക്കി. ഇന്ത്യ നൽകിയ പണം മുഴുവൻ അഗസ്തവെസ്റ്റ്‌ലൻഡിന്റെ ബാങ്ക് ഗാരന്റികളിൽനിന്ന് ഈടാക്കുകയും ചെയ്തു. മൂന്ന് കോപ്ടറുകൾ അതിനിടെ ഇന്ത്യ വാങ്ങിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP