ഐഎൻഎക്സ് മീഡിയയ്ക്ക് അനധികൃത നിക്ഷേപം സ്വീകരിക്കാൻ ഒത്താശ; കാർത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും വീണ്ടും എൻഫോഴ്സ്മെന്റ് റെയ്ഡ്
January 13, 2018 | 12:19 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ. ഐഎൻഎക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാൻ കാർത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്.
.മുമ്പ് ചിദംബരത്തിന്റെയും കാർത്തിയുടെയും നുങ്കപാക്കത്തെ വീട് ഉൾപ്പെടെ 16 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.ഡൽഹിയിലേയും ചെന്നൈയിലേയും വസതികളിലാണ് പരിശോധന. നേരത്തെ രണ്ട് തവണ കാർത്തി ചിദംബരത്തിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സമാനമായ രീതിയിൽ റെയ്ഡ് നടത്തിയിരുന്നു. എയർസെൽ മാക്സിസ് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന.
ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരിക്കേ, 2006ൽ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്ഐപിബി) നൽകിയ അനുമതിയുമായി ബന്ധപ്പെട്ടതാണു കേസ്. കാർത്തിക്കു ഗുരുഗ്രാമിലുണ്ടായിരുന്ന വസ്തു ഒരു ബഹുരാഷ്ട്ര കമ്പനിക്കു 'കൈമാറി' 2013ൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം.സെപ്റ്റംബറിൽ കാർത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.