Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീധനത്തെ ഓർത്ത് ഭയം; രണ്ടും ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; പെൺകുട്ടികൾ ഇന്ത്യയ്ക്ക് സാമ്പത്തിക ബാധ്യതയോ? ഇന്ത്യൻ സ്ത്രീധനസമ്പ്രദായത്തിന്റെ കഥ പറഞ്ഞ് വിദേശമാദ്ധ്യമങ്ങൾ

സ്ത്രീധനത്തെ ഓർത്ത് ഭയം; രണ്ടും ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; പെൺകുട്ടികൾ ഇന്ത്യയ്ക്ക് സാമ്പത്തിക ബാധ്യതയോ? ഇന്ത്യൻ സ്ത്രീധനസമ്പ്രദായത്തിന്റെ കഥ പറഞ്ഞ് വിദേശമാദ്ധ്യമങ്ങൾ

ന്യൂഡൽഹി: ഇന്ത്യയെ താറടിച്ച് കാണിക്കാനുള്ള അവസരങ്ങൾ ചില വിദേശമാദ്ധ്യമങ്ങൾ വെറുതെയാക്കാറില്ല. ഇവിടുത്തെ ഓരോ ദുരാചാരങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും എന്നും പാശ്ചാത്യലോകത്ത് വൻ പ്രാധാന്യത്തോടെ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന സ്ത്രീധനസമ്പ്രദായമെന്ന ദുരാചാരത്തെപ്പറ്റി വിശദമായി എഴുതിയാണ് വിദേശമാദ്ധ്യമങ്ങൾ കൊഴുക്കുന്നത്.

ചുമ്മാ എഴുതി നിറയ്ക്കുകയല്ല കേട്ടോ... അതിന് വ്യക്തമായ കാരണവുനമുണ്ട്. സ്ത്രീധനത്തെ ഓർത്തുള്ള ഭയം മൂലം തന്റെ മൂന്ന് പെൺകുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്ന ഇന്ത്യൻ പിതാവിന്റെ ക്രൂരതയറിഞ്ഞാണ് മാദ്ധ്യമങ്ങൾ രണ്ടും കൽപിച്ചിറങ്ങിയിരിക്കുന്നത്. ഭാവിയിൽ പെൺകുട്ടികൾ വളർന്ന് വലുതാകുമ്പോൾ അവർക്ക് വൻതുക സ്ത്രീധനം നൽകേണ്ടി വരുമല്ലോ എന്നോർത്താണ് ഗുജറാത്തിലെ പൻഡെസേരയിലുള്ള സാരിക്കച്ചവടക്കാരനായ സൻജയ് ദുബെ എന്ന 33 കാരൻ ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്.

തന്റെ മൂന്നും ഏഴും ഒമ്പതും വയസ്സുള്ള പിഞ്ചോമനകളെ ഈ പിതാവ് കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹങ്ങൾ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. നിർധനനായ തനിക്ക് മക്കളുടെ വിവാഹസമയത്ത് സ്ത്രീധനം കൊടുക്കാൻ സാധിക്കില്ലെന്നത് ഇയാളുടെ എന്നത്തെയും പേടിസ്വപ്നമായിരുന്നുവത്രെ. മക്കളെ ഒരു മേള കാണിക്കാൻ കൊണ്ടുപോകുകയാണെന്ന് ഭാര്യയോട് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്.തുടർന്ന് മക്കളെ കനാൽ പരിസരത്തെത്തിച്ച ഇയാൾ രണ്ടുവയസ്സുകാരി ഭാവന, ഏഴ് വയസ്സുകാരി പ്രിയ, ഒമ്പത് വയസ്സുകാരി അങ്കിത എന്നീ കുട്ടികളെ നിർദയം കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കനാലിൽ പൊങ്ങിക്കിടക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരു ഗ്രാമീണൻ ശനിയാഴ്ച ഫോൺ വിളിച്ചപ്പോഴാണ് തങ്ങൾ വിവരം അറിയുന്നതെന്നാണ് പൊലീസ് ഇൻസ്‌പെക്ടറായ മഹേന്ദ്ര ഖേർ പറയുന്നത്. തങ്ങൾ അവിടെയെത്തുമ്പോൾ കുട്ടികളുടെ പിതാവ് സൻജയ് അവിടെയുണ്ടായിരുന്നുവെന്നും അയാൾ കുറ്റ സമ്മതിച്ചുവെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ബിസിനസ്സ് ഇടപാടിൽ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് സൻജയ് മാനസികമായി തകർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടികളെ കൊല്ലുകയല്ലാതെ തനിക്ക് വെറെ വഴികളില്ലായിരുന്നുവെന്നാണ് സൻജയ് പൊലീസിനോട് പറഞ്ഞത്. അവർക്ക് വേണ്ടി വരുന്ന ചെലവ് നാൾക്ക് നാൾ വർധിച്ച് വരുന്നതിൽ താൻ ഉത്കണ്ഠാകുലനായിരുന്നുവെന്നും സൻജയ് പറഞ്ഞു.

തങ്ങൾക്ക് കുറച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ മേളയ്ക്ക് കൊണ്ടുപോകാമെന്ന് സൻജയ് ആ രാത്രിയിൽ പറഞ്ഞപ്പോൾ തന്റെ മക്കൾ അത്ഭുതപ്പെടുകയും സന്തോഷവതികളാകുകയും ചെയ്തുവെന്നാണ് കുട്ടികളുടെ അമ്മയായ 32കാരി മീര ദേവി വെളിപ്പെടുത്തുന്നത്. വൈകുന്നേരം ആറ് മണിക്ക് അച്ഛനൊപ്പം അവർ ബൈക്കിൽ പോകുകയായിരുന്നുവെന്നും അവർ പറയുന്നു. രാത്രി 10 മണിയായിട്ടും അവർ തിരിച്ചെത്താത്തതിനെ തുടർന്ന് താൻ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫായിരുന്നുവെന്നും മീര ദേവി പറഞ്ഞു. തുടർന്ന് ആ രാത്രിയിൽ താൻ കണ്ണീരും കൈയുമായി കഴിഞ്ഞെന്നും അവർ എന്തോ അപകടത്തിൽ പെട്ടുവെന്നാണ് താൻ അപ്പോൾ ഭയപ്പെട്ടതെന്നും അവർ പറയുന്നു. മക്കളെ സൻജയ് കൊന്നുവെന്ന് അയാളുടെ സഹോദരൻ പിറ്റെ ദിവസം പ്രഭാതത്തിൽ മീരയോട് വെളിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടികൾ ജനിക്കുന്നതിന് മുമ്പ് മീര രണ്ട് ചാപിള്ളകളായ ആൺമക്കളെ പ്രസവിച്ചിരുന്നു. ആൺമക്കൾക്ക് വേണ്ടി സൻജയ് ഒരിക്കലും തന്റെ മുകളിൽ സമ്മർദം ചെലുത്തിയിരുന്നില്ലെന്നും മീര വെളിപ്പെടുത്തുന്നു. പിന്നെ എന്തു കൊണ്ടാണ് സൻജയ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മീര പറഞ്ഞു. തങ്ങളുടെ മക്കളായിരുന്നു തങ്ങളുടെ ലോകമെന്നും സൻജയ് അവരെ വല്ലാതെ സ്‌നേഹിച്ചിരുന്നുവെന്നും മീര വേദനയോടെ ഓർക്കുന്നു.

ഇന്ത്യയിലെ നിരവധി കുടുംബങ്ങൾ പെൺകുട്ടികളെ സാമ്പത്തികബാധ്യതയായാണ് കാണുന്നതെന്നാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ഡെയിലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർധിച്ച വിവാഹച്ചെലവ് , സ്ത്രീധനം എന്നിവയാണിതിന് കാരണമെന്നും പത്രം അഭിപ്രായപ്പെടുന്നു. പെൺകുട്ടികളുടെ വിദ്യഭ്യാസത്തിനായി മിക്ക ഇന്ത്യൻ കുടുംബങ്ങളും കൂടുതൽ തുക മുടക്കാൻ മടിക്കുന്നുവെന്നും പെൺകുട്ടികൾ വീട്ടിൽ തന്നെ കഴിയേണ്ടവരാണെന്നാണ് ഇവിടുത്തെ വിശ്വാസമെന്നും മറ്റ് ചില പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചിലർ ഗർഭാവസ്ഥയിൽ തന്നെ പെൺകുട്ടികളെ കൊല്ലുന്നുവെന്നും ചിലർ ജനിച്ചതിന് ശേഷം സൻജയ് ചെയ്തത് പോലെ കൊല്ലുന്നുവെന്നും മാദ്ധ്യമങ്ങൾ എഴുതിയിരിക്കുന്നു. ഇക്കാരണത്താൽ ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞ് വരികയാണെന്നും 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ മാത്രമെയുള്ളുവെന്നും പടിഞ്ഞാറൻ മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ ബേഠി ബചാവോ, ബേഠി പഠാവോ സ്ത്രീകളുടെ നില മെച്ചപ്പെടുത്താനുള്ളവയാണെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP