Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ പള്ളി ഹിന്ദു ക്ഷേത്രമാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ; ശുദ്ധീകരണവുമായി മുന്നോട്ട് പോകുമെന്ന് ധർമ ജാഗരൺ വിവാദ്; അലിഗഡിലെ സംഘർഷം എവിടെയെത്തും?

ക്രിസ്ത്യൻ പള്ളി ഹിന്ദു ക്ഷേത്രമാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ; ശുദ്ധീകരണവുമായി മുന്നോട്ട് പോകുമെന്ന് ധർമ ജാഗരൺ വിവാദ്; അലിഗഡിലെ സംഘർഷം എവിടെയെത്തും?

ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിനടുത്തുള്ള അസ്റോയിൽ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യൻ പള്ളി ക്ഷേത്രമായി മാറിയ സംഭവത്തിൽ പുതിയ സംഭവവികാസങ്ങളുണ്ടാവുമെന്ന് സൂചന ലഭിച്ചു. പ്രസ്തുത പള്ളി വൈകാതെ പൂട്ടുമെന്ന് സെവൻത് ഡേ അഡ്വൻടിസ്റ്റ് ചർച്ച് മുംബൈ ഹെഡ്ക്വാർട്ടേഴ്‌സിലെ പാസ്റ്റർ ഹബിൽ ഗ്യാൻ പറഞ്ഞു. വാൽമീകി വിഭാഗത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത 72 പേർ കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നതിനെത്തുടർന്നാണ് അസ്റോയിലെ പള്ളി ഒറ്റരാത്രി കൊണ്ട് ക്ഷേത്രമായി മാറിയത്. ഇവിടെയുള്ള കുരിശ് എടുത്തുമാറ്റി പകരം ശിവന്റെ ചിത്രം പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രദേശത്ത് ഇത് വർഗീയ സ്പർധയുണ്ടാക്കിയതോടെ ചിത്രം എടുത്തു മാറ്റിയിരുന്നു.

തങ്ങളുടെ ആൾക്കാരെ പ്രസ്തുത ചർച്ചിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവിടേക്ക് അയച്ചിട്ടുണ്ടെന്നാണ് പാസ്റ്റർ ഗ്യാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. അവിടെ ചർച്ചിന് ഹാനികരമായി യാതൊന്നും നടന്നിട്ടില്ലെന്നും ശുദ്ധികലശപൂജ നടന്നത് ചർച്ചിന് ഒരു കിലോമീറ്റർ അകലെയാണെന്നും ഗ്യാൻ കൂട്ടിച്ചേർത്തു.

എന്നാൽ പ്രദേശത്തെ ക്രിസ്തുമത വിശ്വാസികൾക്കിടയിൽ ഇപ്പോഴും ഭയാശങ്കകൾ നിലനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചിന്റെ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും തങ്ങളുടെ വസ്തുവകകളെപ്പറ്റിയും ആരാധനാലയങ്ങളെപ്പറ്റിയും ആശങ്കകളുണ്ടെന്നുമാണ് അലിഗഡിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ക്രിസ്ത്യൻ ടീച്ചർ പറഞ്ഞത്. എന്നാൽ ചടങ്ങ് നടന്നത് ചർച്ചിനകത്താണെന്നും ക്രിസ്ത്യാനികൾ അരക്ഷിതാവസ്ഥയിലാണെന്നും നാളെ മറ്റൊരു ചർച്ചിലും ശുദ്ധികലശം നടക്കുമോയെന്ന് താൻ ഭയപ്പെടുന്നുവെന്നുമാണ് ക്രിസ്ത്യൻ പ്രവർത്തകനും അഭിഭാഷകനുമായ ഒസ്മണ്ട് ചാൾസ് ഇതിനോട് പ്രതികരിച്ചത്.

സംഭവത്തിൽ പ്രതിഷേധിക്കൻ യുപിയിലെ മറ്റ് ഭാഗങ്ങളിലുള്ള ക്രിസ്തുമതവിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് നിവേദനം സമർപ്പിക്കുമെന്നും അവർ അറിയിച്ചു. ഇത്തരത്തിലുള്ള ചെറിയ പ്രശ്‌നങ്ങൾ വൻപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നും മതേതരവാദിയെന്ന് സ്വയം അവകാശപ്പെടുന്ന മുലായം സിംഗിന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെയെന്നുമാണ് വിൻസന്റ് ജോയൽ ചോദിക്കുന്നത്. ക്രിസ്ത്യൻ ഓർഗനൈസേഷനായ രാഷ്ട്രീയ ഇസായി മഹാസഭയുടെ ട്രഷറാണ് ഇദ്ദേഹം. 2017‍ൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനുള്ള മുലായത്തിന്റെ തന്ത്രമാണ് ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗനം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ തലത്തിൽ ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ സാമുദായികതലത്തിൽ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇതേ സംഘടനയിൽ പ്രവർത്തിക്കുന്ന നിഖിൽ ജതിൻ കുമാർ പറയുന്നത്. ഇതിനെക്കുറിച്ചാലോചിക്കാൻ പാസ്റ്റർമാരും പുരോഹിതന്മാരും അലിഗഡിൽ ഒത്തു കൂടുമെന്നും അദ്ദേഹം പറയുന്നു. ഈ പ്രശ്‌നത്തിൽ പിന്തുണ തേടി അലിഗഡിലെ ക്രിസ്തുമതവിശ്വാസികൾ ജില്ലാ ഭരണകൂടത്തിന് മെമോറാണ്ടം സമർപ്പിക്കാനൊരുങ്ങുന്നുമുണ്ട്. സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ചിന്റെ തലവനോട് അലിഗഡിൽ വച്ച് കാണാനും ദൽഹിയിൽ പോയി മൈനോറിറ്റി കമ്മീഷനെ കാണാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അലിഗഡിലെ ധർമ ജാഗരൺ വിവാദിലെ അംഗങ്ങൾ പറയുന്നത്. വാൽമികി വിഭാഗത്തിലുള്ളവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് നേതൃത്വം നൽകിയത് ഇവരാണ്. ചബൂത്രയിൽ തങ്ങൾ ഒരു സ്ഥലം കണ്ടെത്തിയെന്നും അവിടെയാണ് ക്ഷേത്രം പണിതിരിക്കുന്നതെന്നും ചർച്ചിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നുമാണ് ധർമ ജാഗരൺ വിവാദിന്റെ പ്രമുഖായി രാജേശ്വർ സിങ് പറഞ്ഞത്. ആ കെട്ടിടത്തിൽ തങ്ങൾ ശുദ്ധികരൺ നടത്തിയെന്നും അവിടെ ഇപ്പോൾ ക്രിസ്ത്യാനികൾ ഇല്ലാത്തതിനാൽ ഇനിയൊരു ചർച്ച് വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാൽമീകികളെ തിരിച്ചു കൊണ്ടുവരാൻ ഉത്തരാഖണ്ഡിൽ നിന്നും ഇവിടെയെത്തിയതാണ് അദ്ദേഹം.

പള്ളി മിഷനറിമാരുടേതായിരിക്കുമെങ്കിലും അത് നിലനിൽക്കുന്ന ഭൂമി ഹിന്ദുസ്ഥാന്റേതാണെന്നാണ് വിവാദ് സംഘത്തിന്റെ പ്രാദേശികമെമ്പറായ ഖേം ചന്ദ്ര പറഞ്ഞത്. ഗ്രാമീണരെ കണ്ടതിനുശേഷം ക്ഷേത്രത്തെക്കുറിച്ചാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് എഫ്‌ഐആർ തയ്യാറാക്കിയിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലീസുകാരൻ പറയുന്നത്. വിവിധ സമുദായത്തിലുള്ള ആളുകൾ ഇവിടേക്കെത്തിക്കൊണ്ടിരിക്കുകയാണെന്നും പൊലീസിന് ഇവിടെ കാര്യമായൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP