Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാംതലമുറ പരിഷ്‌കരണ നടപടികൾക്ക് കേന്ദ്രസർക്കാർ; സാമ്പത്തിക വളർച്ചയ്ക്ക് സംസ്ഥാനങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് കേന്ദ്രധനമന്ത്രി

രണ്ടാംതലമുറ പരിഷ്‌കരണ നടപടികൾക്ക് കേന്ദ്രസർക്കാർ; സാമ്പത്തിക വളർച്ചയ്ക്ക് സംസ്ഥാനങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് കേന്ദ്രധനമന്ത്രി

ന്യൂഡൽഹി: അടുത്ത പൊതു ബഡ്ജറ്റിൽ രണ്ടാം തലമുറ പരിഷ്‌കരണ നടപടികളുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. 2015-16 വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം ആറ് ശതമാനം കടക്കുമെന്നും അതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിൽ വളർച്ച അനിവാര്യമാണെന്നും അതിന് നയങ്ങളിലെ സ്ഥിരത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരുകളും നടപടികളോട് അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്പദ്‌വ്യസ്ഥ മെച്ചപ്പെട്ട് വരുന്ന സാഹചര്യത്തിൽ അടുത്ത പണ അവലോകനത്തിൽ ബാങ്ക് നിരക്കുകൾ കുറയ്ക്കണമെന്നും അദ്ദേഹം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. പരിഷ്‌കരണങ്ങൾ വർഷം മുഴുവൻ നടക്കുന്നതാണ്. എന്നാൽ ബഡ്ജറ്റ് അവയുടെ പ്രാധാന്യം വെളിവാക്കുന്നതാണ്. ബഡ്ജറ്റിൽ ദിശാബോധം പ്രകടിപ്പിക്കേണ്ടത് സുപ്രധാനമായ കാര്യമാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

കൂടുതൽ പ്രതീക്ഷകൾക്കുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം വേണം. അതിന് കേവലം മൂലധനം മാത്രം പോര, നയങ്ങളിലെ സ്ഥിരതയും നികുതി ഘടനയും വേണമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ സംഘടിപ്പിച്ച പരിപാടിയിൽ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അൽപം താഴേക്ക് പോയിരുന്നു. എന്നാൽ കഴിഞ്ഞ ആറു മാസത്തിനിടെ ആഭ്യന്തര, വിദേശ നിക്ഷേപകർ ഇന്ത്യൻ സന്പദ്‌വ്യവസ്ഥയിൽ താൽപര്യം കാണിച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിക്കാൻ അൽപസമയം കൂടി എടുത്തേക്കുമെന്നും അതിനാൽ തന്നെ ആവേശകരമായ നാളുകളാണ് വരാനിരിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കേന്ദ്ര സർക്കാർ മാത്രം നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ട് ആയില്ല. സംസ്ഥാന സർക്കാരുകളും പ്രതിപക്ഷ പാർട്ടികളും സർക്കാർ നടപടികളോട് അനുകൂല നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയപരമായ സ്ഥിരത ജനങ്ങൾ നൽകിക്കഴിഞ്ഞു. അതുപോലെ നയങ്ങളിലും നികുതി ഘടനയിലും സ്ഥിരത കൈവരിക്കേണ്ടതുണ്ട്. അതിന് കർശന നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്നും വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഹൈവേകളും, ഊർജ്ജ നിലയങ്ങളും സ്ഥാപിക്കുന്ന കമ്പനികൾക്ക് കൽക്കരി അവശ്യ വസ്തുവാണ്. അത് മതിയായ തോതിൽ എത്തിച്ചു നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പിന്നെ തർക്കങ്ങളിൽ പെട്ട് കിടക്കുന്ന പദ്ധതികളിൽ നിന്നുള്ള വരുമാനം ലഭിക്കുന്നതിനുള്ള തടസങ്ങൾ പരിഹരിക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP