Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭർതൃമതിക്ക് മയക്കുമരുന്നു കലർത്തിയ തക്കാളി സൂപ്പു നല്കി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; ബിജെപി മുൻ എംഎൽഎയും ദേശീയ നിർവാഹക സമിതി അംഗവുമായ വിജയ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തു

പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭർതൃമതിക്ക് മയക്കുമരുന്നു കലർത്തിയ തക്കാളി സൂപ്പു നല്കി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; ബിജെപി മുൻ എംഎൽഎയും ദേശീയ നിർവാഹക സമിതി അംഗവുമായ വിജയ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭർതൃമതിയായ യുവതിയെ ബിജെപി നേതാവ് മയക്കുമരുന്നു നല്കി ബലാത്സംഗം ചെയ്തതെന്ന പരാതിയിൽ പ്രമുഖ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ എംഎൽഎയുമായ വിജയ് ജോളിയാണ് അറസ്റ്റിലായത്. ജോളിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അതേസമയം തന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ശ്രമമാണിതെന്ന ആരോപിച്ച് യുവതിക്കെതിരേ ജോളിയും പൊലീസിൽ പരാതി നല്കിയിട്ടുണ്ട്.

ഫെബ്രുവരി 10നു ബിജെപി പരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നെ ടൊമാറ്റോ സൂപ്പിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാൽസംഗം ചെയ്തുവെന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 10നു നടന്ന സംഭവത്തിൽ ഫെബ്രുവരി 21നാണ് യുവതി പരാതി നൽകിയത്. ഇന്നാണ് ജോളിയെ അറസ്റ്റ് ചെയ്തത്. ഡൽഹി സാകേത് മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ കൂടിയാണ് വിജയ് ജോളി.

ബിജെപിയിൽ അംഗത്വമുള്ളയാളാണ് യുവതി. മൂന്നു വർഷമായി വിജയ് ജോളിയും യുവതിയും തമ്മിൽ പരിചയമുണ്ട്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ ഗുഡ്ഗാവിലെ ആപ്കോ ഘർ റിസോർട്ടിലെത്തിച്ചാണ് ബലാൽസംഗം ചെയ്തതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. ഇതേ റിസോർട്ടിൽ തന്നെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരാതിയിൽ യുവതി പറയുന്നത് ഇങ്ങനെ: റിസോർട്ടിലേക്ക് പോകുകയായിരുന്ന തന്നെ, ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് ജോളി വാഹനത്തിൽ കയറ്റി. മുതിർന്ന നേതാവായതിനാൽ സംശയമൊന്നും തോന്നാതെ താൻ വാഹനത്തിൽ കയറുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ റിസോർട്ടിലെത്തി. ലോബിയിൽ ഇരിക്കുകയായിരുന്ന തന്നെ ജോളി മുറിയിലേക്ക് വിളിപ്പിച്ചു. കുടിക്കാൻ ടൊമാറ്റോ സൂപ്പ് വരുത്തി നൽകുകയും ചെയ്തു. അതു കുടിച്ച ഉടനെ താൻ ബോധരഹിതയായി വീണു.

രണ്ടു മണിക്കൂറിനു ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. ബോധം തെളിഞ്ഞപ്പോൾ താൻ മുറിയിലെ കട്ടിലിൽ നഗ്‌നയായി കിടക്കുകയായിരുന്നു. രഹസ്യഭാഗങ്ങളിൽ വേദന അനുഭവപ്പെട്ട താൻ ബലാൽസംഗം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞു. ജോളിയുടെ ഭീഷണി മൂലമാണ് പരാതി നൽകാൻ വൈകിയത്. ഭീഷണി പേടിച്ച് ഭർത്താവിനോടു പോലും സംഭവം പറഞ്ഞിരുന്നില്ല. പത്തു ദിവസങ്ങൾക്കു ശേഷം ഭർത്താവിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

എന്നാൽ, ഇക്കാര്യത്തിൽ വിജയ് ജോളി പറയുന്നത് മറ്റൊന്നാണ്. അന്നേദിവസം ഭർത്താവിന്റെ ചികിത്സയ്ക്ക് പണം ചോദിക്കാനാണ് യുവതി എത്തിയത്. ഇതിനായി താൻ 20,000 രൂപ നൽകുകയും ചെയ്തു. എന്നാൽ, റിസോർട്ടിലെ മുറിയിൽ തന്നെ ഒറ്റയ്ക്ക് കണ്ട യുവതി, 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് വിജയ് ജോളി പറയുന്നു. യുവതി ബിജെപി പ്രവർത്തകയാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. കള്ളക്കേസുണ്ടാക്കി തന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ് ജോളി യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും പരാതികൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

ഐപിസി 376 പ്രകാരം ബലാൽസംഗം, ഐപിസി 328 പ്രകാരം വിഷം നൽകി അപകടപ്പെടുത്തൽ, ഐപിസി 526 പ്രകാരം ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 56കാരനായ ജോളി, ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. നിലവിൽ ബിജെപിയുടെ ത്രിപുര സംസ്ഥാന ഘടകത്തിന്റെ ചുമതലക്കാരൻ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ പ്രവാസി സംഘടനയുടെ നിലവിലെ ചുമതലക്കാരനായ ജോളി, ബിജെപി പ്രവാസി സെല്ലിന്റെ മുൻ കൺവീനറുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP