Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആം ആദ്മിയുടെ റാലിക്കിടെ ആത്മഹത്യ ചെയ്ത കർഷകനെ പ്രകോപിപ്പിച്ച് മരത്തിൽ കയറ്റിയതെന്ന് സംശയം; കഴുത്തിൽ തോർത്ത് ചുറ്റിയിട്ടും ആരും തടയാൻ തുനിഞ്ഞില്ല; ഗജേന്ദ്ര സിങ് രാഷ്ട്രീയത്തിൽ സജീവമാകാനും ആഗ്രഹിച്ചിരുന്നു

ആം ആദ്മിയുടെ റാലിക്കിടെ ആത്മഹത്യ ചെയ്ത കർഷകനെ പ്രകോപിപ്പിച്ച് മരത്തിൽ കയറ്റിയതെന്ന് സംശയം; കഴുത്തിൽ തോർത്ത് ചുറ്റിയിട്ടും ആരും തടയാൻ തുനിഞ്ഞില്ല; ഗജേന്ദ്ര സിങ് രാഷ്ട്രീയത്തിൽ സജീവമാകാനും ആഗ്രഹിച്ചിരുന്നു

ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ആം ആദ്മി പാർട്ടി (എഎപി) നടത്തിയ കർഷക റാലിക്കിടെ രാജസ്ഥാനിൽ നിന്നുള്ള കർഷകൻ ജീവനൊടുക്കിയതിൽ പൊലീസ് ഗൂഢാലോചന മണക്കുന്നു. കർഷകനെ പ്രകോപിപ്പിച്ച് മരത്തിൽ കയറിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുതുടങ്ങി. ജന്തർമന്തറിലെ അതീവ സുരക്ഷാ മേഖലയിൽ നൂറുകണക്കിനു പൊലീസുകാരുടെയും ആയിരക്കണക്കിനു കർഷകരുടെയും കൺമുന്നിൽ നടന്ന ആത്മഹത്യയാണ് പൊലീസിനെയും ആം ആദ്മി പാർട്ടിയെയും ഒരുപോലെ കുരുക്കിലാക്കുന്നത്. ദൗസ സ്വദേശി ഗജേന്ദ്ര സിങ്ങാണ് മരിച്ചത്.

ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. റാലിക്കെത്തിയവർ പ്രകോപിച്ചതിനെത്തുടർന്നുണ്ടായ ആവേശമാണോ ഇതിന് കാരണമായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ, ഗജേന്ദ്ര സിങ്ങിനെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും റാലി ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതാണ് ആം ആദ്മിക്കെതിരെ എതിരാളികൾ പ്രയോഗിക്കുന്നത്. പ്രവർത്തകൻ തൂങ്ങിമരിച്ചിട്ടും അതേക്കുറിച്ച് ചിന്തിക്കാതെ, റാലി തുടരുകയും പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തത് രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ളവർ പങ്കെടുത്ത റാലി 11 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ ഗജേന്ദ്ര സിങ് മരത്തിൽ ഇരിപ്പുണ്ടായിരുന്നു. മരത്തിൽക്കയറിയിരുന്ന് റാലി വീക്ഷിക്കൽ ജന്തർ മന്തറിൽ പതിവായതിനാൽ ആരും തുടക്കത്തിൽ ഇത് ഗൗനിച്ചില്ല. ഇടയ്ക്കു ഗജേന്ദ്ര സിങ് തോർത്ത് കഴുത്തിൽ മുറുക്കിയതോടെയാണ് സംഗതി ഗൗരവമുള്ളതാണെന്ന് ആളുകൾക്കും നേതാക്കൾക്കും ബോധ്യമായത്. ഗജേന്ദ്രയോടു താഴെയിറങ്ങാൻ എഎപി നേതാവ് അശുതോഷ് പ്രസംഗത്തിനിടെ ആവശ്യപ്പെട്ടതിന് പിന്നീലെയാണ് അയാൾ താഴേയ്ക്ക് ചാടിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞ മാസമുണ്ടായ പേമാരിയിൽ കൃഷി നശിച്ച കർഷകനാണ് താനെന്ന് ഗജേന്ദ്രയുടെ പോക്കറ്റിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഗജേന്ദ്രയുടെ കുടുംബത്തിന്റെ വിവരമറിയാൻ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദൗസ കളക്ടർ കൃഷ്ണ ചന്ദ്ര ശർമ പറഞ്ഞു. എന്നാൽ, രാജസ്ഥാന്റെ മറ്റു ഭാഗങ്ങളിലുണ്ടായത്ര കാർഷിക നാശം ഗജേന്ദ്രയ്ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും അത്യാവശ്യം ധനസ്ഥിതിയുള്ള കർഷകനാണ് ഗജേന്ദ്രയെന്നുമാണ് പ്രാഥമിക നിഗമനം.

രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചിരുന്ന ഗജേന്ദ്രയ്ക്ക് അത് സാധിക്കാത്തതിലുള്ള നിരാശയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഹോട്ടലുകളിൽ എത്തുന്ന സഞ്ചാരികൾക്ക് രാജസ്ഥാൻ തലപ്പാവുകൾ അണിയിക്കുന്നതിൽ വിരുതനായിരുന്നു ഗജേന്ദ്ര. ആ രീതിയിലും വരുമാനമുണ്ടാക്കിയിരുന്നു. മൂന്നുമക്കളാണ് ഗജേന്ദ്രയ്ക്കുള്ളത്. മൂത്തമകൾ 12-ാം ക്ലാസ്സിൽ പഠിക്കുന്നു. 2010-ൽ രാജസ്ഥാൻ സാംസ്‌കാരികോത്സനത്തിൽ മിസ്റ്റർ ഡെസർട്ട് പട്ടം നേടിയിട്ടുള്ളയാളുമാണ് ഗജേന്ദ്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP