Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംഘപരിവാറിന്റെ സമ്മർദ്ദം ഫലിച്ചു; പശ്ചിമഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ ഒളിച്ചുകളി; ഗാഡ്ഗിലും പരിഗണനയിലെന്ന് ഹരിത ട്രിബ്യൂണലിൽ പരിസ്ഥിതി മന്ത്രാലയം; നവംബർ 13ലെ വിജ്ഞാപനം നടപ്പാക്കുന്നതാണ് ഉചിതമെന്ന് ട്രിബ്യൂണൽ; മലയോര മേഖല വീണ്ടും ആശങ്കയിലേക്ക്‌

സംഘപരിവാറിന്റെ സമ്മർദ്ദം ഫലിച്ചു; പശ്ചിമഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ ഒളിച്ചുകളി; ഗാഡ്ഗിലും പരിഗണനയിലെന്ന് ഹരിത ട്രിബ്യൂണലിൽ പരിസ്ഥിതി മന്ത്രാലയം; നവംബർ 13ലെ വിജ്ഞാപനം നടപ്പാക്കുന്നതാണ് ഉചിതമെന്ന് ട്രിബ്യൂണൽ; മലയോര മേഖല വീണ്ടും ആശങ്കയിലേക്ക്‌

ന്യൂഡൽഹി: പശ്ചിഘട്ട സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന് വീണ്ടും രണ്ടഭിപ്രായം. ഗാഡ്ഗിൽ ആണോ കസ്തൂരി രംഗനാണോ നല്ലതെന്ന കാര്യത്തിൽ ഇനിയും അനിശ്ചിതത്വം മാറിയിട്ടില്ല. ഏതായാലും ഗാഡ്ഗിലനെ തൽക്കാലം കൈവിടില്ല. ആർ എസ് എസിന്റെ നേതൃത്വത്തിലെ സംഘപരിവാർ സംഘടനകളുടെ സമ്മർദ്ദമാണ് കേന്ദ്ര സർക്കാരിന്റെ മനം മാറ്റത്തിന് കാരണം.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കാനായി കഴിഞ്ഞ വർഷം നവംബർ 13ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ കേരളത്തിലെ എതിർപ്പുകൾ പരിഗണിച്ച് അത് നീട്ടി വച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കാനായിരുന്നു ഇത്. ഇതിനിടെയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും നരേന്ദ്ര മോദി സർക്കാരും കേന്ദ്രത്തിലെത്തി. തുടക്കത്തിൽ ക്‌സ്തൂരിരംഗനൊപ്പമായിരുന്നു മോദി സർക്കാർ. നാട്ടുകാരുടെ ആശങ്ക പരിഗണിച്ച് പുതിയ പഠനം പോലും പരിഗണിച്ചു.

എന്നാൽ സംഘപരിവാർ സംഘടനകൾ നിലപാട് ശക്തമാക്കി. ഗാഡ്ഗിൽ തന്നെ വേണമെന്ന് പ്രധാനമന്ത്രിയോട് നിർദ്ദേശിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രിയിൽ സമ്മർദ്ദവും ചെലുത്തി. ഇതോടെ കേന്ദ്രസർക്കാർ ഗാഡ്ഗിലിമായി വീണ്ടുമെത്തി. ദേശീയ ഹരിത ട്രിബ്യൂണലിൽ പരിസ്ഥിതി മന്ത്രാലയം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. നിലപാട് മാറ്റിക്കൊണ്ടിരുന്നാൽ എങ്ങനെ എന്ന വിമർശനമാണ് ട്രിബ്യൂണൽ നടത്തിയത്. പശ്ചിമഘട്ട സംരക്ഷണുമായി ബന്ധപ്പെട്ട ഹർജി രണ്ട് വർഷമായി പരിഗണക്കുന്നു. അതുകൊണ്ട് തന്നെ 24ന് നിലപാട് എടുക്കേണ്ടതുണ്ടെന്ന് ട്രിബ്യൂണലും വ്യക്തമാക്കി.

പശ്ചിഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗൻ റിപ്പോർട്ടാണ് പരിഗണിക്കുന്നതെന്നാണ് ട്രിബ്യൂണലിനെ പരിസ്ഥിതി മന്ത്രാലയം നേരത്തെ അറിയിച്ചത്. അന്ന് പരിസ്ഥിതി വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് സത്യവാങ്മലം നൽകിയത്. കസ്തൂരിരംഗനിൽ കരട് വിജ്ഞാപനം പുറത്തിറക്കിയതായും പരിസ്ഥിതിമന്ത്രാലയം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പരിസ്ഥിതി സെക്രട്ടറിയോട് നേരിട്ടു ഹാജരാകാൻ ട്രിബ്യൂണൽ ആവശ്യപ്പെട്ടു. ഗാഡ്ഗിൽ സമിതി റിപ്പോർട്ടും പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറിയാണ് ട്രിബ്യൂണലിനെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പരിസ്ഥിതിമന്ത്രാലയത്തിന്റെ നിലപാടുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. രണ്ടുവർഷത്തിലധികം സമയമാണ് ഇക്കാര്യത്തിൽ മന്ത്രാലയം പാഴാക്കിയത്. വിഷയത്തിൽ അവ്യക്തതകൾ തുടരുന്ന സാഹചര്യത്തിൽ, അന്തിമ ഉത്തരവ് വരുന്നതുവരെ നവംബർ 13-ലെ വിജ്ഞാപനം നടപ്പാക്കണമെന്നാണ് ട്രിബ്യൂണൽ വാക്കാൽ നിർദേശിച്ചത്. വിഷയത്തിൽ രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നും പരിസ്ഥിതി മന്ത്രാലയത്തിന് ട്രിബ്യൂണൽ നിർദ്ദേശം നൽകി. ജസ്റ്റീസ് സ്വതന്ത്രകുമാർ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോർട്ട് വേണ്ടെന്ന നിലപാടിലാണ് കേരളത്തിലെ മലയോര മേഖല. കർഷക വിരുദ്ധ പരാമർശങ്ങളുള്ള റിപ്പോർട്ട് അപ്രഖ്യാപിത കുടിയിറക്കലാണെന്നാണ് വിമർശനം. സംസ്ഥാനത്തെ ബിജെപിയൊഴികെയുള്ള രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ സമരങ്ങളും നടത്തി. തുടർന്നാണ് ഗാഡ്ഗിലിലെ കുറവ് പരിശോധിക്കാൻ കസ്തൂരി രംഗനെ നിയോഗിച്ചത്. അതിലും അവ്യക്തതകൾ ഉണ്ടെന്നും അവ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടത്.

ഗാഡ്ഗിലിലേക്ക് കേന്ദ്രസർക്കാർ വീണ്ടുമെത്തിയാൽ സംസ്ഥാനത്തിന്റെ മലയോര മേഖലയുടെ ആശങ്കയും പ്രതിഷേധവും വീണ്ടും സജീവമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP