Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റാമ്പുകളിലെ ഗാന്ധി, നെഹ്‌റു കുടുംബ കുത്തകയും തീരുന്നു; നേതാജിയും അബ്ദുൾ കലാമും ആർഎസ്എസ്. നേതാക്കളും വരെ ഇനി സ്റ്റാമ്പുകളിൽ; രാജ രവിവർമയും ചരിത്രത്തിൽ ഇടംപിടിക്കും

സ്റ്റാമ്പുകളിലെ ഗാന്ധി, നെഹ്‌റു കുടുംബ കുത്തകയും തീരുന്നു; നേതാജിയും അബ്ദുൾ കലാമും ആർഎസ്എസ്. നേതാക്കളും വരെ ഇനി സ്റ്റാമ്പുകളിൽ; രാജ രവിവർമയും ചരിത്രത്തിൽ ഇടംപിടിക്കും

ന്യൂഡൽഹി: തപാൽ സ്റ്റാമ്പുകളിലെ ഗാന്ധി-നെഹ്‌റു കുടുംബവാഴ്ച അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. കൂടുതൽ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങൾ സ്റ്റാമ്പുകളിൽ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. നേതാജി സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികൾ മുതൽ ആർഎസ്എസ്. നേതാക്കൾ വരെ സ്റ്റാമ്പുകളിൽ ഇടം പിടിക്കും. കേരളത്തിൽനിന്ന് ചിത്രകാരൻ രാജ രവിവർമ മാത്രമാണ് പട്ടികയിലുള്ളത്. എസ്.എൻ.ഡി.പിയുടെ ആവശ്യപ്രകാരം ശ്രീനാരായണ ഗുരുവിനെയും പരിഗണിക്കുന്നുണ്ട്.

നേതാജിക്ക് പുറമെ രാം മനോഹർ ലോഹ്യ, ജയ്പ്രകാശ് നാരായൺ, ബി.ആർ.അംബേദ്കർ, ശ്യാമ പ്രസാദ് മുഖർജി, ദീൻ ദയാൽ ഉപാദ്ധ്യായ്, മൗലാന അബ്ദുൾ കലാം ആസാദ് തുടങ്ങിയ നേതാക്കളും സ്റ്റാമ്പുകളിലുണ്ടാകും. കമ്യൂണിസ്റ്റ് നേതാവ് ഭൂപേഷ് ഗുപ്തയുടെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ പേരിലും സ്റ്റാമ്പിറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സിപിഐയുടെ ആവശ്യപ്രകാരമാണ് ഇത്.

ദൈനംദിന ആവശ്യങ്ങൾക്കുള്ള സ്റ്റാമ്പുകളിൽ മഹാത്മാഗാന്ധി കഴിഞ്ഞാൽ നെഹ്‌റു കുടുംബം മാത്രമാണുള്ളതെന്ന പരാതി പരിഹരിക്കാനാണ് കൂടുതൽ നേതാക്കളുടെ പേരിൽ സ്റ്റാമ്പുകൾ ഇറക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളുടെ പേരിൽ സ്റ്റാമ്പുകളിറക്കാനാണ് സർക്കാർ നീക്കം.

മന്ത്രി രവിശങ്കർ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റാമ്പുകളിറക്കേണ്ട നേതാക്കളുടെ പട്ടിക അംഗീകരിച്ചത്. രവീന്ദ്ര നാഥ ടാഗോർ, രാജ രവിവർമ, സ്വാമി വിവേകാനന്ദ, സുബ്രഹ്മണ്യ ഭാരതി, ഭഗത് സിങ്, ഭീംസെൻ ജോഷി, രവിശങ്കർ, എം.എസ്. സുബ്ബലക്ഷ്മി എന്നിവരുടെ പേരിലും സ്റ്റാമ്പുകളിറക്കും. 2008-നുശേഷം ആദ്യമായാണ് ഈ പട്ടിക പുതുക്കുന്നത്.

ഹിന്ദി ഗായകരായ ഗീത ദത്ത്, മുഹമ്മദ് റഫി, കിഷോർ കുമാർ, തലത്ത് മഹമൂദ്, മന്നാദേ, മുകേഷ്, ചിത്രകാരൻ നന്ദലാൽ ബോസ്, നർത്തകി രുക്മണി ദേവി അരുൺഡേൽ, എഴുത്തകാരായ പ്രേംചന്ദ്, മൈഥിലി ശരൺ ഗുപ്ത, ദിനകർ എന്നിവരും സ്റ്റാമ്പുകളിലൂടെ അനശ്വരരാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP