Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് യേശുവിന്റെ പിറന്നാളിനേക്കാൾ വലുത് വാജ്‌പേയിയുടെ പിറന്നാളോ? ക്രിസ്തുമസ് ദിനം സിബിഎസ്ഇ സ്‌കൂളുകളിൽ സദ്ഭാവനാ ദിനമായി ആചരിക്കാൻ നീക്കമെന്ന് വാർത്ത; ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് തെറ്റെന്ന് സ്മൃതി ഇറാനി

ബിജെപിക്ക് യേശുവിന്റെ പിറന്നാളിനേക്കാൾ വലുത് വാജ്‌പേയിയുടെ പിറന്നാളോ? ക്രിസ്തുമസ് ദിനം സിബിഎസ്ഇ സ്‌കൂളുകളിൽ സദ്ഭാവനാ ദിനമായി ആചരിക്കാൻ നീക്കമെന്ന് വാർത്ത; ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് തെറ്റെന്ന് സ്മൃതി ഇറാനി

നാഗ്പൂർ: ആർഎസ്എസിന്റെ അജണ്ടകൾ സമർത്ഥമായി നടപ്പിലാക്കാൻ സാധിക്കുന്ന നേതാവാണ് നരേന്ദ്ര മോദിയെന്ന തിരിച്ചറിവിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും നൽകി അധികാരത്തിലെത്തിച്ചത്. അധികാരത്തിലേറിയ ശേഷം ആർഎസ്എസ് താൽപ്പര്യമെന്ന് ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങൾ പുറത്തുവന്നിരുന്നു. നേതാക്കളുടെ പ്രസ്താവനകളും കൂടിയായപ്പോൾ പാർലമെന്റ് സ്തംഭിക്കുന്നത് പതിവായി. ഇതോടെ കേന്ദ്രസർക്കാറിന്റെ മതേതര നിലപാടിൽ തന്നെ സംശയങ്ങൾ ഉയർന്നു. ഇതിനിടെയാണ് ഇന്നത്തെ 'ടൈംസ് ഓഫ് ഇന്ത്യ'യും ബിജെപിക്ക് എതിരായി രംഗത്തെത്തിയത്.

ക്രിസ്തുമസ് ദിനത്തിൽ സിബിഎസ്ഇ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന വാർത്തയാണ് ടൈംസ് ദിനപത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ നിഷേക്കുറിപ്പുമായി സ്മൃതി ഇറാനിയും രംഗത്തെത്തി. കേന്ദ്രസർക്കാറിന്റെ മാനവവിഭവശേഷി വികസന വകുപ്പ് ക്രിസ്തുമസ് ദിനത്തിൽ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശിച്ചുവെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ക്രിസ്തുമത് ദിനത്തിൽ തന്നെയാണ് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ജന്മദിനം. ഹിന്ദുമഹാസഭ നേതാവ് മദൻ മോഹൻ മാൾവ്യയുയുടെയും പിറന്നാൾ ആഘോഷം ഇതേ ദിനമാണ്. അതുകൊണ്ട് തന്നെ സിബിഎസിഇ സ്‌കൂളുകൾ തുറന്ന് ആ ദിവസം 'സദ്ഭരണ ദിനം' എന്ന പേരിൽ ഡിസംബർ 25ന് കൊണ്ടാടണമെന്നാണ് കേന്ദ്രസർക്കാർ സിബിഎസ്ഇ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

സിബിഎസ്ഇ സ്‌കൂളികളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാറിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങൾക്ക് ഇത് സംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 24നും 25നും സിബിഎസ്ഇ സ്‌കൂളുകളിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കണമെന്നും ബിജെപി സർക്കാർ ആവശ്യപ്പെടുന്നുണ്ട്. മത്സരത്തിന്റെ വിഷയം എന്താണെന്ന് 23ന് അറിയിക്കുമെന്നുമായിരുന്നു നവോദയക്ക് ലഭിച്ച സർക്കുലറിൽ ഉള്ളത്. ഓരോ വിഭാഗം കുട്ടികൾക്കും പ്രത്യേകമായിട്ടായിരിക്കും ഉപന്യാസ മത്സരം സംഘടിപ്പിക്കുക. മികച്ച 36 ഉപന്യാസങ്ങൾക്ക് 2500 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂളുകളിൽ ക്വിസ് മത്സരം നടത്താനും, സദ്ഭരണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കാനും, സദ്ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും നവോദയ കമ്മീഷ്ണർ ജി.എസ്. ബോദ്‌യാൽ നവോദയ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നവോദയ സ്‌കൂളുകൾ ക്രിസ്മസ് ദിനത്തിൽ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ടെങ്കിലും സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകൾക്ക് സെൻട്രൽ ബോർഡ് ഇതുവരെ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ല. ക്രിസ്മസിന് ഈ സ്‌കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നത് നിർബന്ധിതമാണോ എന്ന കാര്യവും വ്യക്തമല്ല.

അതേസമയം രാജ്യത്തെ കൈസ്തവ സമൂഹത്തിന്റെ എതിർപ്പിന് ഇടയാക്കുന്നതാണ് ഈ നിർദ്ദേശങ്ങൾ. രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകൾ 22, 23 തിയതികളിലായിരിക്കും ക്രിസ്മസ് വെക്കേഷനായി അടയ്ക്കുന്നത്. ഈ സമയത്ത് ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകുന്നത് സ്‌കൂളുകളുടെ ഷെഡ്യൂളുകളെ പോലും അട്ടിമറിക്കുന്നതാണ്. ക്രൈസ്തവ മതങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ക്രിസ്മസിന് സ്‌കൂളുകളിൽ മറ്റ് പരിപാടികൾ സംഘടിപ്പിക്കാൻ പറയുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ക്രിസ്ത്യൻ മിഷിണറിമാർ നടത്തുന്ന ക്രൈസ്തവ സ്‌കൂളുകൾ തന്നെ ഉത്തരേന്ത്യയിൽ നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിൽ നിന്നും വിവാദമായ തീരുമാനം ഉണ്ടായിരിക്കുന്നതും.

എന്നാൽ സംഭവം വിവാദമായതോടെ വാർത്ത നിഷേധിച്ചുകൊണ്ട് സ്മൃതി ഇറാനി രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്തുമസ് ദിനം അവധി തന്നെയാണെന്നും ഉപന്യാസ രചന ഓൺലൈനിൽ നടത്താനാണ് നിർദ്ദേശിച്ചതെന്നും സ്മൃതി ഇറാനി വിശദീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയെ സ്മൃതി ഇറാനി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഡിസംബർ 25ന് അവധിയില്ലാത്ത നവോദയ വിദ്യാലയങ്ങൾക്ക് മാത്രമാണ് പരിപാടികൾ നടത്താൻ നിർദ്ദേശം നൽകിയതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

അതേസമയം വിഷഷതിത്തിൽ പാർലമെന്റിൽ ബഹളമുണ്ടായി. രാജ്യസഭയിൽ ഇടതുപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം രാജ്യസഭാ ഉപാദദ്ധ്യക്ഷൻ തള്ളിയതിനെതുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ(എം) നേതാവ് സീതാറാം യെച്ചൂരി രാജ്യസഭയിൽ ആവശ്യപ്പെട്ടു. വിവാദങ്ങൾ അനാവശ്യമാണെന്നും ഇത്തരം ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയും അറിയിച്ചു. അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വച്ചു.

ഇതാദ്യമായിട്ടല്ല വിവാദമായ നിർദ്ദേശങ്ങൾ മാനവവിഭവശേഷി വകുപ്പ് പുറപ്പെടുവിക്കുന്നത്. നേരത്തെ അദ്ധ്യാപക ദിനം 'ഗുരുത്സവായി ആഘോഷിക്കണമെന്ന നിർദ്ദേശം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സ്മൃതി ഇറാനി ഭരിക്കുന്ന വകുപ്പാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം. അടുത്തിടെ ക്രിസ്ത്യൻ മിഷിണറിമാർക്ക് കീഴിലുള്ള സ്‌കൂളുകളിൽ സരസ്വതീ ദേവിയുടെ ചിത്രം പതിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംഘടനകൾ രംഗത്തെത്തിയ സംഭവവും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP