Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത് 10 പേർ; റെയിൽവേയ്ക്ക് മാത്രം നഷ്ടം 200 കോടി; മന്ത്രിമാരുടെ വീടുകൾക്ക് നേർക്കും ആക്രമണം; ഹരിയാനയെ സ്തംഭിപ്പിച്ച് ജാട്ട് സംവരണ പ്രക്ഷോഭം; ഒബിസി സംവരണം ഉറപ്പാക്കുമെന്നു കേന്ദ്ര സർക്കാർ

പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത് 10 പേർ; റെയിൽവേയ്ക്ക് മാത്രം നഷ്ടം 200 കോടി; മന്ത്രിമാരുടെ വീടുകൾക്ക് നേർക്കും ആക്രമണം; ഹരിയാനയെ സ്തംഭിപ്പിച്ച് ജാട്ട് സംവരണ പ്രക്ഷോഭം; ഒബിസി സംവരണം ഉറപ്പാക്കുമെന്നു കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജാട്ട് സമുദായക്കാർ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ചർച്ച നടത്തിയ കേന്ദ്രസർക്കാർ ജാട്ട് വിഭാഗക്കാർക്ക് ഒബിസി സംവരണം നൽകാമെന്ന് ഉറപ്പുനൽകി. സമുദായ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ സമവായ ചർച്ചയിലാണു തീരുമാനം.

ഇനി വരുന്ന ഹരിയാന നിയമസഭാ സമ്മേളനത്തിൽ ബിൽപാസാക്കും. കാര്യങ്ങൾ പഠിക്കാൻ മുതിർന്ന കേന്ദ്ര മന്ത്രി ഉൾപ്പെട്ട സംഘത്തെ നിയോഗിക്കാനും തീരുമാനമായി. കേന്ദ്രസർവിസിലും സംവരണ സാധ്യത പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ ചർച്ചയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹരിയാന സർക്കാർ അനുനയത്തിനു ശ്രമിച്ചെങ്കിലും പ്രക്ഷോഭകാരികൾ വഴങ്ങിയിരുന്നില്ല. ജാട്ട് സമുദായക്കാരുടെ സംവരണ പ്രക്ഷോഭം വ്യാപിച്ചതോടെ സംസ്ഥാനത്ത് തെരുവുയുദ്ധം തന്നെയാണു നടന്നത്. സൈന്യമിറങ്ങിയിട്ടും ശാന്തമാകാത്ത വിധത്തിലാണ് പ്രക്ഷോഭം സംസ്ഥാനത്തേക്ക് വ്യാപിക്കുന്നത്. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പൊലീസിനെയും സൈന്യത്തെയും ഒരുപോലെ ആക്രമിച്ചുകൊണ്ടാണ് സമരക്കാർ മുന്നോട്ടു നീങ്ങുന്നത്. ആശുപത്രികളും സ്‌കൂളുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിച്ചു കൊണ്ടുള്ള സമരത്തിൽ ഇതിനോടകം സംസ്ഥാനത്ത് കനത്ത നാശഷ്ടവുമുണ്ടായി. റെയിൽവേ സ്‌റ്റേഷനുകൾ ആക്രമിച്ചത് മൂലം റെയിൽവേയ്ക്ക് മാത്രം ഇതിനോടകം 200 കോടിയുടെ ന്ഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ

ജജ്ജാറിലെ ബുദ്ധഖേദ റെയിൽവേ സ്റ്റേഷന് സമരക്കാർ തീവച്ചു. ഹരിയാന മന്ത്രിമാരായ ഒ.പി. ധൻകറുടെയും കാപ്ടൻ അഭിമന്യുവിന്റെയും വസതികൾക്ക് നേരെ ജനക്കുട്ടം കല്ലെറിഞ്ഞു. ഡൽഹിയിലേക്കുള്ള കുടിവെള്ള വിതരണവും തടയുന്നുണ്ട്. പൊലീസും സമരക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരണം അഞ്ചായി. കൂടുതൽ പട്ടണങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. പട്ടാളം ഫ്ളാഗ് മാർച്ച് നടത്തി. റോത്തക്, ഭിവാനി, ജജ്ജർ ജില്ലകൾക്കു പുറമെ സോനിപത്, ഗൊഹാന എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. 200 കേന്ദ്രസേനാംഗങ്ങളെക്കൂടി വിന്യസിച്ചു.

ദേശീയപാതയും പ്രധാന റോഡുകളും ഉപരോധത്തിലാണ്. മൂന്നു ദിവസങ്ങൾക്കിടയിൽ രാജധാനി, ശതാബ്ദി അടക്കം 600 ഓളം ട്രെയിൻ സർവിസുകളാണ് റദ്ദാക്കിയത്. കാർ നിർമ്മാതാക്കളായ മാരുതി സുസുകി ഗുഡ്ഗാവ്, മനേസർ പഌന്റുകളുടെ പ്രവർത്തനം നിർത്തി. ഡൽഹി സർവകലാശാലയുടെ നോർത് കാമ്പസിൽ ജാട്ട് സമുദായക്കാരായ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സർക്കാറിനെതിരാണ് തങ്ങളുടെ പ്രതിഷേധമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ മുതിർന്ന ബിജെപി നേതാക്കൾ സമ്മേളിച്ച് പ്രശ്‌നം ചർച്ചചെയ്തു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, മനോഹർ പരീകർ, ബിജെപി അധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ പങ്കെടുത്തു. പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ബിജെപി. ജാട്ട് സമുദായം പാർട്ടിക്കെതിരെ തിരിയുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന അങ്കലാപ്പ് ബിജെപി നേതൃത്വത്തിനുണ്ട്. ജാട്ട് സമുദായത്തിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും സംവരണം അനുവദിക്കുന്നതിന് പോംവഴി കണ്ടത്തെുന്നതുവരെ സാവകാശം അനുവദിക്കണമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആവശ്യപ്പെട്ടു.

എന്നാൽ, സർക്കാറിൽനിന്ന് രേഖാമൂലം ഉറപ്പു കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുജാതി വിഭാഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താമെന്നും ഈ വിഭാഗത്തിൽ പെടുന്നവരുടെ സംവരണ ക്വോട്ട 10ൽനിന്ന് 20 ശതമാനമാക്കുമെന്നുമുള്ള വാഗ്ദാനം ജാട്ട് സമരക്കാർ തള്ളി. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഇടം കിട്ടണമെന്നാണ് ആവശ്യം. അതില്ലെങ്കിൽ കേന്ദ്ര സർവീസിൽ ഉദ്യോഗ സംവരണം ലഭിക്കില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.

സമുദായത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചുവെന്നും പ്രതിഷേധക്കാർ വീടുകളിലേക്കു മടങ്ങണമെന്നും ഉച്ചകഴിഞ്ഞു പുറത്തിറക്കിയ ഒറ്റവരി വാർത്താക്കുറിപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കി. എന്നാൽ, മറ്റു പിന്നാക്ക വിഭാഗ (ഒബിസി) സംവരണ പട്ടികയിൽ സമുദായത്തെ ഉൾപ്പെടുത്തി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചാൽ മാത്രമേ പ്രക്ഷോഭം പിൻവലിക്കുകയുള്ളൂവെന്നു ജാട്ട് നേതാക്കൾ വ്യക്തമാക്കി.

ഡൽഹി സർവകലാശാലയിൽ ജാട്ട് വിഭാഗക്കാരായ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയുടെ അയൽ നഗരങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ സമരക്കാർ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. ഡൽഹിയിലേക്കു വെള്ളമെത്തിക്കുന്ന മുനക് കനാൽ സംഘം കയ്യേറിയതോടെ, രാജ്യതലസ്ഥാന നഗരി കടുത്ത ജലക്ഷാമ ഭീഷണിയിലായി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ജല ബോർഡിനു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിർദ്ദേശം നൽകി. നഗരത്തിൽ ജലവിതരണം തടസ്സപ്പെടാതിരിക്കാൻ സൈന്യത്തിന്റെ സഹായത്തോടെ ആവശ്യമായതു ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഡൽഹി സർക്കാരിന് ഉറപ്പു നൽകി.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി മനോഹർ പാരിക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി രാജ്‌നാഥ് ചർച്ച നടത്തി. അതിനിടെ പ്രക്ഷോഭത്തിൽ മലയാളി താരങ്ങലും വലഞ്ഞു. ചണ്ഡീഗഡിൽ ഇന്ന് ആരംഭിക്കുന്ന ദേശീയ അന്തർ സർവകലാശാലാ ബേസ്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ കേരള, എംജി സർവകലാശാലകളിലെ 25 താരങ്ങളാണു ഹരിയാനയിൽ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച ട്രെയിൻ സോനിപ്പത്തിൽ സർവീസ് അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP