Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃന്ദാവനത്തിന്റെ വിശ്വാസ പെരുമ ബിജെപി എംപിക്ക് അറിയില്ല ; ബംഗാളിൽ നിന്നും ബീഹാറിലും നിന്നും വിധവകൾ മധുരയിലെത്തരുതെന്ന് ഹേമമാലിനി; എംപിയുടെ നിലപാട് വിവാദത്തിലേക്ക്

വൃന്ദാവനത്തിന്റെ വിശ്വാസ പെരുമ ബിജെപി എംപിക്ക് അറിയില്ല ; ബംഗാളിൽ നിന്നും ബീഹാറിലും നിന്നും വിധവകൾ മധുരയിലെത്തരുതെന്ന് ഹേമമാലിനി; എംപിയുടെ നിലപാട് വിവാദത്തിലേക്ക്

മഥുര: വിധവകളുടെ ശരണ കേന്ദ്രമാണ് വൃന്ദാവനമെന്നാണ് ഹൈന്ദവ വിശ്വാസം. ശ്രീകൃഷ്ണന്റെ സംരക്ഷണമാണ് വൃന്ദാവനം നൽകുന്ന വലിയ സൗഭാഗ്യമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സമൂഹത്തിൽ തിരസ്‌കാരവും അവഗണയും നേരിടുന്ന വിധവകൾ ശിഷ്ടജീവിതം ചെലവഴിക്കാൻ വൃന്ദാവനത്തിലെത്തുക പതിവാണ്. അതുകൊണ്ട് തന്നെ പലതരം സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടേണ്ടി വരുന്ന ഒട്ടേറെ വിധവകൾ വൃന്ദാവനത്തിലുണ്ട്.

പക്ഷേ ഉത്തർപ്രദേശിലെ മഥുരയെന്ന ക്ഷേത്ര നഗരിയിലെ ജനപ്രതിനിധിക്ക് ഇതൊന്നും അറിയില്ലേ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഹിന്ദി സിനിമയിലെ പഴയ ഗ്ലാമർ താരം ഹേമമാലിനി ഇന്ന് ഹൈന്ദവ വിശ്വാസവും ശ്രീകൃഷ്ണപെരുമയും അവകാശപ്പെടുന്ന ബിജെപിയുടെ മഥുരയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ഹേമമാലിനിയുടെ വിധവാ വിരുദ്ധ പരമാർശങ്ങൾ അവർക്ക് തന്നെ വിനയാകുമെന്നാണ് വിലയിരുത്തൽ. ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിളെ വിധവകളെ കുറിച്ച് നടത്തിയ പരാമർശമാണ് വിനയാകുന്നത്.

ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള വിധവകൾ യാചിക്കാനായി എന്തിനാണ് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്കു വരുന്നതെന്നും, സ്വന്ത നാട്ടിൽ കഴിഞ്ഞാൽ പോരെയെന്നും ചോദിച്ചതാണ് ഹേമമാലിനിയെ വിവാദത്തിലേക്ക് തള്ളിവിട്ടത്. വൃന്ദാവനിലെ വിധവകൾ താമസിക്കുന്ന പഴയൊരു അഗതി മന്ദിരം സന്ദർശിച്ച ശേഷമാണ് ഹേമമാലിനി ഇക്കാര്യം പറഞ്ഞത്.

നിലവിൽ 40,000ൽ അധികം വിധവമാരുണ്ട് വൃന്ദാവനിൽ. എന്നിട്ടും ആയിരങ്ങളാണ് വൃന്ദാവനിൽ എത്തിച്ചേരുന്നത്. ഇങ്ങനെ പോയാൽ വൃന്ദാവനിലും നഗരത്തിനും ആരെയും ഉൾക്കൊള്ളാനാകുമെന്നു തോന്നുന്നില്ല. അതുപോലെ തന്നെ ബംഗാളിൻ നിന്നും ആയിരങ്ങൾ വൃന്ദാവനിലേക്ക് ഒഴുകുകയാണ്. അവർക്ക് ബംഗാളിൽ തന്നെ കഴിഞ്ഞാൽ പോരെ? അവിടെയും അമ്പലങ്ങളും ദൈവങ്ങളും ഉണ്ടല്ലോ എന്നാണ് ഹേമമാലിനിയുടെ നിലപാട്.

ഇതുതന്നെയാണ് ബിഹാറിൽ നിന്നുള്ള അവസ്ഥ. വൃന്ദാവനിൽ യാചിക്കാനെത്തുന്ന വിധവകൾക്ക് മികച്ച ബാങ്ക് ബാലൻസും താമസിക്കാൻ നല്ല വീടുകളും ഉണ്ട്. എന്നിട്ടും അവർ ശീലം മാറ്റാനാകാതെ യാചിക്കാനിറങ്ങുകയാണെന്നും ഹേമമാലിനി കൂട്ടിച്ചേർത്തു. ഇവിടെയുള്ള അഗതി മന്ദിരങ്ങളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിക്കുമെന്നും ഹേമമാലിനി പറഞ്ഞു.

മഥുരയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറം ആളുകളെത്തുന്നതാണ് ഹേമമാലിനിയുടെ പ്രസ്താവനയ്ക്ക് ആധാരമെന്ന വിലയിരുത്തലുമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഇതുമൂലം കഴിയുന്നില്ലെന്നാണ് വാദം. എന്നാൽ ഹൈന്ദവ വിശ്വാസ തണലിൽ മഥുരയിലെത്തുന്ന സാധാരണക്കാരെ വെറും ഭിക്ഷക്കാരായി ചത്രീകരിക്കുന്നത് ബിജെപി. എംപിക്ക് ചേർന്നതല്ലെന്നാണ് മറുവാദം.

തമിഴ്‌നാട്ടിൽ ജനിച്ച് മുബൈയിൽ ജീവിച്ച വ്യക്തിയാണ് ഹേമമാലിനി. ഇപ്പോൾ മഥുരയുടെ എംപിയും. അങ്ങനെയൊരാൾക്ക് മഥുരയിൽ ശരണം തേടിയെത്തുന്ന വിധവകളെ അവഹേളിക്കാൻ എങ്ങനെ കഴിയുന്നുവെന്ന ചോദ്യവും സജീവമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP