Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്? അഞ്ച് നഗരങ്ങളിൽ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാൻ ഉറച്ച് ഹിന്ദു മഹാസഭ

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്? അഞ്ച് നഗരങ്ങളിൽ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാൻ ഉറച്ച് ഹിന്ദു മഹാസഭ

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ ഇന്ത്യയിലെ അഞ്ചു നഗരങ്ങളിൽ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ. ഗോഡ്‌സെയുടെ പ്രതിമകൾ സ്ഥാപിക്കാനുള്ള അനുമതി തേടി സർക്കാരിനെ സമീപിക്കുമെന്നും ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് വ്യക്തമാക്കി.

എല്ലാ മഹാന്മാരുടെയും പ്രതിമകൾ രാജ്യത്തുടനീളം തലയുയർത്തിനിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഗോഡ്‌സെയുടെ പ്രതിമകൂടി ഉൾപ്പെടുത്തുന്നതിൽ എന്താണു തെറ്റ്. നഗരങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ ഡൽഹി മന്ദിർമാർഗിലുള്ള തങ്ങളുടെ ആസ്ഥാനമന്ദിരത്തിനു മുന്നിൽ പ്രതിമ സ്ഥാപിക്കുമെന്നും കൗശിക് പറഞ്ഞു. രാജസ്ഥാനിലെ ഹിന്ദുമഹാസഭയുടെ ഓഫിസിൽ മാർബിളിൽ തീർത്ത ഗോഡ്‌സെയുടെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്്.

ഗോഡ്‌സെയെക്കുറിച്ചുള്ള സിനിമ ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30നു പുറത്തിറക്കാനും ഹിന്ദു മഹാസഭയ്ക്ക് പദ്ധതിയുണ്ട്. മഹാസഭാ വക്താവ് ദിനേഷ് ഭോഗ്‌ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോഡ്‌സെയുടെ ചിതാ ഭസ്മം തങ്ങൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും ഭോഗ്‌ലെ പറഞ്ഞു. ഗോഡ്‌സെയുടെ അന്ത്യാഭിലാഷം തന്റെ ചിതാഭസ്മം അവിഭക്ത ഇന്ത്യയിലെ സിന്ധുനദിയിൽ നിമജ്ജനം ചെയ്യണമെന്നായിരുന്നു. ഗോഡ്‌സെ പറഞ്ഞത് ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിന്ധുനദിയെക്കുറിച്ചാണെന്നാണു സംഘടന കരുതുന്നത്.

ഗോഡ്‌സെയെ രാജ്യത്തിനുവേണ്ടി ആത്മാവ് ബലിനൽകിയ വ്യക്തി എന്നാണ് ഹിന്ദു മഹാസഭ വിശേഷിപ്പിക്കുന്നത്. ഗാന്ധിയെ കൊലപ്പെടുത്തുന്നതിനു മുമ്പ് ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ ഓഫിസ് സന്ദർശിച്ചതായാണു കരുതപ്പെടുന്നത്. അന്നത്തെ സന്ദർശനവേളയിൽ ഗോഡ്‌സെ ഉപയോഗിച്ച മുറി ഹിന്ദുമഹാസഭ ഇന്നും സംരക്ഷിച്ചിരിക്കുകയാണ്.

ഗോഡ്‌സെ ഗാന്ധിയോടു ചെയ്തത് ഒരു അക്രമമായിരുന്നെന്നു തങ്ങൾ വിശ്വസിക്കുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണനും പത്രാധിപരുമായിരുന്നു. കടുത്ത ഒരു നടപടിക്ക് ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് മറ്റെല്ലാ മാർഗങ്ങളും ഗോഡ്‌സെ ആരാഞ്ഞിരുന്നെന്നും ചന്ദ്രപ്രകാശ് കൗശിക് കൗശിക് പറഞ്ഞു. ഗാന്ധിവധത്തെ തുടർന്ന് ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബർ 15 ശൗര്യദിവസമായാണ് 1993 മുതൽ ഹിന്ദു മഹാസഭ ആചരിച്ചുപോരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP