Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് തൊഗാഡിയയുടെ ഉറക്കം കെടുത്തുന്നു; ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമായി തുടരാൻ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്; ജനന നിയന്ത്രണ നിയമം പരിഗണനയിൽ

ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് തൊഗാഡിയയുടെ ഉറക്കം കെടുത്തുന്നു; ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമായി തുടരാൻ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്; ജനന നിയന്ത്രണ നിയമം പരിഗണനയിൽ

ന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യമാണെന്നും അതിനാൽ ഇവിടം ഹിന്ദുരാജ്യമാണെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ് സംഘപരിവാർ സംഘടനകൾ. എന്നാൽ സമീപകാലത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറയുന്നതായാണ് കാണുന്നത്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. പൂർണമായും ഹിന്ദുത്വ അജണ്ടയിൽ കാര്യങ്ങൾ നീക്കുന്ന വിശ്വഹിന്ദു പരിഷത്തിനും ഇതിന്റെ നേതാവായ പ്രവീൺ തൊഗാഡിക്കും ഇത് നല്ലൊരു വാർത്തയല്ല.

അക്കാരണത്താൽ തൊഗാഡിയയുടെ ഉറക്കം ഇപ്പോൾ ഇതിന്റെ പേരിൽ ഇല്ലാതായിരിക്കുകയുമാണ്. രാജ്യത്തിലെ മുസ്ലിം ജനസംഖ്യ കുതിച്ച് കയറുകയും ഹിന്ദുജനസംഖ്യ കുറയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമായി തുടരാൻ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് വേണ്ടി ജനന നിയന്ത്രണ നിയമം വരെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ക്രമാതീതമായി പെരുകുന്ന മുസ്ലിം ജനസംഖ്യ ഭീതിജനകമാണെന്നാണ് തൊഗാഡിയ പറയുന്നത്. ഇതിന്റെ ഫലമായി ഹിന്ദുജനത സമീപഭാവിയിൽ തന്നെ നിലനിൽപിന് ഭീഷണി നേരിടുന്ന അവസ്ഥയിലെത്തുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമായി തുടരണമെങ്കിൽ ഹിന്ദുക്കൾ ഇതിനെതിരായി നടപടികൾ കൈക്കൊള്ളണമെന്നും തൊഗാഡിയ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ അവർ തുടച്ചുമാറ്റലിന് വിധേയമാകാൻ ഒരുങ്ങിക്കൊള്ളണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കാശ്മീരിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചത് ഇന്ത്യയൊട്ടാകെ അധികം വൈകാതെ സംഭവിക്കുന്നതിനുള്ള സാധ്യതയാണിപ്പോൾ തെളിഞ്ഞു വരുന്നതെന്നാണ് നാസിക്കിൽ റിപ്പോർട്ടർമാരോട് സംസാരിക്കവെ തൊഗാഡിയ പറഞ്ഞത്.

ഈ പ്രശ്‌നം ചർച്ച ചെയ്യാൻ നടപടികൾ ആരംഭിച്ചതായും വിഎച്ച്പി നേതാവ് വെളിപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് രഹസ്യ ചർച്ച നടത്താൻ വിഎച്ച്പി നേതാക്കാൾ ശാന്ത് സമ്മേളൻ എന്ന പേരിൽ സെപ്റ്റംബർ അഞ്ചിന് ഒത്തുകൂടുന്നുണ്ട്. നാസിക്കിലെ രാഷ്ട്രീയ ശാന്ത് ശ്രീ സദ്ഗുരു ജനാർദൻ സ്വാമി ആശ്രമത്തിലാണീ സമ്മേളനം നടക്കുന്നത്. ഈ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ സെപ്റ്റംബർ ആറിന് പൊതുജനങ്ങളോട് വെളിപ്പെടുത്തുകയും ചെയ്യും. വിഎച്ച്പിയുടെ സുവർണജൂബിലിയോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനമുണ്ടാവുന്നത്. 

ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിനെ വളരെ ഗൗരവത്തിലാണ് ഹിന്ദു സന്യാസിമാർ കാണുന്നതെന്നും തൊഗാഡിയ പറയുന്നു.മുസ്ലീങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതാണ് ആശങ്ക പെരുപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷമുണ്ടാകുന്ന ഈ പ്രതിഭാസം പേടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. മൊത്തം ജനസംഖ്യയുമായുള്ള അനുപാത പ്രകാരം ഹിന്ദു ജനസംഖ്യയിൽ 0.7 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് സെൻസസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 2001നും 2011നും ഇടയിലെ കണക്കാണിത്.

എന്നാൽ മുസ്ലിം ജനസംഖ്യയിൽ 0.8 ശതമാനം വളർച്ചയാണ് പ്രകടമാക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാരുമായി ചേർന്ന് ആലോചിച്ച് ഉചിതമായി പരിഹാരമാർഗങ്ങൾ കൊണ്ടുവരുമെന്നാണ് തൊഗാഡിയ പ്രസ്താവിച്ചിരിക്കുന്നത്.
ഹിന്ദു ജനതയെ മറികടക്കാനെന്നോണം രാജ്യത്ത് മുസ്‌ലിം ജനസംഖ്യ പെരുകുന്നത് ആപത്താണെന്ന് മുന്നറിയിപ്പേകിക്കൊണ്ട് ബിജെപി എംപി യോഗി ആദിത്യനാഥും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി പരിഗണിക്കുമ്പോൾ മുസ്‌ലിം ജനസംഖ്യയിലെ ഈ ഉയർച്ച അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മുസ്ലിം ജനസംഖ്യയ്ക്ക് കടിഞ്ഞാണിടാനായി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്നും നിയമനിർമ്മാണം നടത്തണമെന്നും ആദിത്യനാഥും സാക്ഷി മഹാരാജും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനുള്ള നടപടികൾ മോദി ഗവൺമെന്റ് ത്വരിതപ്പെടുത്തണമെന്നും നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം എല്ലാ സമുദായങ്ങളിലും ഉള്ളവർക്ക് ബാധകമാക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെടുന്നു. മുസ്‌ലിം ജനസംഖ്യ ഇതുപോലെ കുതിച്ച് കയറുന്നത് തുടർന്നാൽ അത് ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് വഴിമരുന്നിടും. 1947ലെ ഇന്ത്യ വിഭജനം പോലെയോ 1990 ലെ കശ്മീർ കുടിയേറ്റം പോലെയോ ഉള്ള പ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്നാണ് ആദിത്യനാഥ് മുന്നറിയിപ്പ് നൽകുന്നത്.

ഇസ്ലാമതത്തിന്റെ തലവന്മാർ അവരുടെ മനസ് വിശാലമാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്ന നിർദ്ദേശം പുറപ്പെടുവിക്കുന്ന ഇവർക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ആഴ്ം എത്രമാത്രം കുറവാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് ഹിന്ദു ജനസംഖ്യ വർധിപ്പിക്കുന്നതിനായി ഹിന്ദു അമ്മമാരോട് നാലു മക്കൾക്കെങ്കിലും ജീവനേകണമെന്ന് സാക്ഷി മഹാരാജ് നിർദ്ദേശിക്കുകയും വിവാദമുയർത്തുകയും ചെയ്തിരുന്നു. ഏതായാലും മുസ്ലിം ജനസംഖ്യ കുറയ്ക്കാനായുള്ള നിയമനിർമ്മാണം നടത്താൻ മോദി സർക്കാരിന് മുകളിൽ കടുത്ത സമ്മർദം ചെലുത്താൻ തന്നെ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ എന്ന് വ്യക്തമാണ്. മോദി ഇതെത്രത്തോളം സ്വീകരിക്കുമെന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP