ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവൻവച്ചു; കുഞ്ഞിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സഫ്ദാർജങ് ആശുപത്രി
June 19, 2017 | 01:00 PM | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആശുപത്രി അധികൃതർ മരിച്ചുവെന്ന് പറഞ്ഞ് നൽകിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവൻവച്ചു. ഡൽഹി സഫ്ദാർജങ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ അഞ്ച് മണിയോടെയാണ് കാന്തി ദേവി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം. ജനന സമയത് 460 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം.
എന്നാൽ കുഞ്ഞിന് അനക്കം ഇല്ലായിരുന്നു. കുട്ടിയെ ഉണർത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മരിച്ചു എന്ന് വിധിയെഴുതി മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ സീൽ ചെയ്താണ് അധികൃതർ കൈമാറിയതെന്നും ബന്ധുക്കൾ ആരോപിച്ചു. വീട്ടിലെത്തിയപ്പോൾ കുഞ്ഞിന് അനക്കമുണ്ടെന്ന കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തുകയായിരുന്നു.
കുടുംബത്തിലെ സ്ത്രീകൾ ഇല്ലായിരുന്നുവെങ്കിൽ കുഞ്ഞിനെ സീൽ ചെയ്ത് തന്ന പോളിത്തീൻ കവർ തുറക്കില്ലായിരുന്നുവെന്ന് പിതാവ് രോഹിത് കുമാർ പറഞ്ഞു. നവജാത ശിശുവിന്റെ മുഖം കാണാനായി അവർ നിർബന്ധിച്ചു. തുറന്നപ്പോൾ അവൻ കൈയും കാലും അനക്കുന്നുണ്ടായിരുന്നുവെന്നും രോഹിത് പറഞ്ഞു.
ഇതിനെ തുടർന്ന് തെറ്റ് പറ്റിയത് അംഗീകരിച്ച ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.