Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലവ് ജിഹാദ് പേടി അതിര് കടക്കുന്നു; യു.പിയിലെ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിക്കാൻ തീരുമാനം

ലവ് ജിഹാദ് പേടി അതിര് കടക്കുന്നു; യു.പിയിലെ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിക്കാൻ തീരുമാനം

ലക്‌നൗ: ലവ് ജിഹാദ് വാർത്തകൾ ആവർത്തിച്ചുവരുന്നതിനിടെ, യു.പി.യിൽ പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുവരുന്നു. വൈശ്യ സമുദായ സംഘടനയാണ് മൊബൈൽ ഉപയോഗത്തിന് കൂച്ചുവിലങ്ങുമായി ആദ്യം രംഗത്തെത്തിയിരിരിക്കുന്നത്. പെൺകുട്ടികൾ ലവ് ജിഹാദ് പോലുള്ള ചതിക്കുഴികളിൽ പെട്ടുപോകാതിരിക്കുന്നതിന് വേണ്ടിയാണ് സ്‌കൂൾ വിദ്യാർത്ഥിനികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

യു.പി.യിൽ വലിയ സ്വാധീനവും വ്യാപ്തിയുമുള്ള അഖില ഭാരതീയ വൈശ്യ ഏക്താ പരിഷദും (എബിവിഇപി) വൈശ്യ കമ്മിറ്റിയുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം വിലക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന ഹിന്ദു സമുദായത്തില്പെട്ടവരാണ് ഈ സംഘടനയുടെ പരിധിയിൽ വരുന്നത്. ഫോൺ വിലക്കിന് ആഗ്രയിലാണ് തുടക്കം കുറിക്കുക.

കേന്ദ്ര മന്ത്രി ഖേൽരാജ് മിശ്രയുടെ സാന്നിധ്യത്തിൽ ആഗ്രയിൽ ചേർന്ന എബിവിഇപി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ആയിരത്തിലേറെ പ്രതിനിധികളാണ് യോഗത്തിൽ സംബന്ധിച്ചത്. സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാർട്ടി ചില ന്യൂനപക്ഷങ്ങൾക്ക് അനർഹമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന സാഹചര്യത്തിൽ, പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് ഇത്തരത്തിലൊരു തീരുമാനം സഹായകരമാകുമെന്ന് സംഘടനയുടെ പ്രസിഡന്റ് സുമന്ത് ഗുപ്ത പറഞ്ഞു.

സമ്പന്നരും ഇടത്തരക്കാരും അംഗങ്ങളായ സംഘടന ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ അനുവദിക്കാതിരിക്കുകയെന്ന തീരുമാനമാണ് സംഘടന സ്വീകരിച്ചിട്ടുള്ളത്. ഒരു വിഭാഗത്തില്പെട്ട പുരുഷന്മാരുമായി ഇവർ സമ്പർക്കം പുലർത്തുന്നത് തടയാനും ധാരണയായിട്ടുണ്ട്.

മൊബൈൽ ഫോണുകളുൾപ്പെടെയുള്ള ഉപകരണങ്ങളും ഇന്റർനെറ്റും ചെറുപ്പക്കാരുടെ ജീവിതം നശിപ്പിക്കുകയാണെന്ന് സുമന്ത് ഗുപ്ത പറഞ്ഞു. പെൺകുട്ടികൾ ലവ് ജിഹാദ് കെണികളിൽ പെടുന്നതിനും മൊബൈലാണ് കാരണം. ലവ് ജിഹാദ് വാർത്തകൾ പെരുകിവരുന്നത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഈ സാഹചര്യത്തിൽ പരവാവധി മുൻകരുതലുകൾ സ്വീകരിക്കുകയല്ലാതെ വേറെ മാർഗമില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമുദായാംഗങ്ങളായ പെൺകുട്ടികളെ ഉപദേശിച്ച് അവരെ അതിൽനിന്ന് പിന്മാറ്റാനാണ് തീരുമാനം.

എന്നാൽ, ലവ് ജിഹാദിനെക്കുറിച്ചുള്ള കഥകളും ഇത്തരം അനാവശ്യ മുൻകരുതലുകളും സമൂഹത്തിൽ സ്പർധ വളർത്താൻ മാത്രമേ ഉപകരിക്കൂവെന്ന് പൊലീസ് സൂപ്രണ്ട് ശലഭ് മാത്തൂർ പറഞ്ഞു. ഇരുവിഭാഗങ്ങളിലെയും ചെറുപ്പക്കാരെ അവഹേളിക്കുന്നതാണ് ഇത്തരം വിലക്കുകളെന്ന് വിദ്യാർത്ഥിയായ സീഷൻ അഹമ്മദും അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP