Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെതിരേ എൻ എസ് മാധവന്റെ മകൾ; പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കുന്നതിൽ കാര്യമില്ലെന്ന് മീനാക്ഷി മാധവൻ

ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെതിരേ എൻ എസ് മാധവന്റെ മകൾ; പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കുന്നതിൽ കാര്യമില്ലെന്ന് മീനാക്ഷി മാധവൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയായ മുകേഷ് സിംഗിന്റെ അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കുന്നതിൽ അർഥമില്ലെന്ന് പ്രശസ്ത മലയാളി എഴുത്തുകാരൻ എൻ എസ് മാധവന്റെ മകളും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ. ഈ അഭിമുഖം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചാൽ മാത്രമേ ഇത്തരം പീഡനവീരന്മാരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് പുറത്തുവരികയുള്ളുവെന്നും ഒരുദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ മീനാക്ഷി വ്യക്തമാക്കി.

അഭിമുഖം സംപ്രേഷണം ചെയ്യാൻ അനുമതി നിഷേധിക്കുന്നതിലൂടെ ഡൽഹി പൊലീസ് ആരുടെ മാന്യതയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും മീനാക്ഷി ചോദിച്ചു. ഒരു പെൺകുട്ടിയെ ക്രൂരമായി പിച്ചിച്ചീന്തിയവർ നാണമോ കുറ്റബോധമോ ഇല്ലാതെ അതേക്കുറിച്ച് സംസാരിക്കുമ്പോൾ പൊലീസിന് നാണക്കേട് തോന്നുന്നില്ലേയെന്നും മീനാക്ഷി ചോദിക്കുന്നു.

ഇത്തരം അഭിമുഖങ്ങൾ സംപ്രഷണം ചെയ്താൽ കലാപം ഉണ്ടാകുമെന്നാണ് പൊലീസ് ന്യായീകരിക്കുന്നത്. അങ്ങനെയെങ്കിൽ അഭിമുഖങ്ങൾക്കെതിരേയല്ല, പീഡനങ്ങൾക്കെതിരേയാണ് കലാപം ഉണ്ടാവേണ്ടതെന്നും മീനാക്ഷി അഭിപ്രായപ്പെടുന്നു. പീഡനക്കേസിലെ പ്രതികൾക്ക് ഇത്തരത്തിൽ സംസാരിക്കാൻ സാഹചര്യം നൽകുന്നത് എന്തിനാണെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാൽ അയാൾക്ക് പറയാനുള്ളത് കേൾക്കാതിരിക്കുന്നതിലൂടെ നമ്മൾ എന്താണ് നേടുന്നത്. അയാൾ പറയുന്നത് അയാളുടെ ചിന്തകൾ മാത്രമാണ്. പൊതുജനത്തിന്റെതല്ല. മീനാക്ഷി എടുത്തുപറഞ്ഞു.

ഡൽഹി കൂട്ടമാനഭംഗ കേസുമായി ബന്ധപ്പെട്ട് ബിബിസിക്കു വേണ്ടി ലെസ്ലി ഉഡ്വിൻ എന്ന ബ്രിട്ടീഷ് സംവിധായിക തയാറാക്കിയ അഭിമുഖമാണ് വിവാദമായത്. ഇതിൽ പ്രതി മുകേഷ് നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായതോടെ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് ഇന്ത്യ നിരോധിക്കുകയായിരുന്നു. ബലാത്സംഗത്തിൽ പുരുഷനെക്കാൾ ഉത്തരവാദി സ്ത്രീയാണ്. പെൺകുട്ടി സഹകരിച്ചിരുന്നുവെങ്കിൽ കൊല്ലപ്പെടുകയില്ലായിരുന്നുവെന്നും മാന്യയായ പെൺകുട്ടികൾ രാത്രി ഒമ്പതിനു ശേഷം പുറത്തിറങ്ങി നടക്കില്ലെന്നും മുകേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. ആണും പെണ്ണും തുല്യരല്ല എന്നും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത് വീട്ടു ജോലിയാണെന്നും മുകേഷ് അഭിപ്രായപ്പെടുന്നു. ആകെ 20 ശതമാനം സ്ത്രീകളെ നല്ലവരായി ഉള്ളൂവന്നും പ്രതി അഭിമുഖത്തിൽ പറയുന്നുണ്ട്.

വിവാദ ഡോക്യുമെന്ററി പുലർച്ചെ ബിബിസിയിൽ ഇതു സംപ്രേഷണം ചെയ്‌യുകയും പിന്നീട് യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഡോക്യുമെന്ററി യൂട്യൂവിൽ നിന്ന് പിൻവലിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP